‘താമസം ഏതു ജയിലിലാണോ സുനി അവിടത്തെ സൂപ്രണ്ടാണ്’; തടവുകാര്‍ക്ക് സര്‍ക്കാര്‍ സുഖവാസമൊരുക്കുന്നു : കെ സുധാകരന്‍

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ കൊടി സുനി ജയിലില്‍ നിന്നും ഫോണ്‍വിളിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഏതു ജയിലിലാണ് സുനി താമസിക്കുന്നത്, അവിടുത്തെ സൂപ്രണ്ട് അയാളാണ്. ഭക്ഷണത്തിന്റെ മെനുമുതല്‍ എല്ലാ കാര്യവും സുനിയാണ് തീരുമാനിക്കുകയെന്ന് കെ.സുധാകരന്‍ വിമര്‍ശിച്ചു.

കൊടിസുനിയുടെ ഫോണ്‍വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് കെ.സുധാകരന്‍ ആവശ്യപ്പെട്ടു. ജയിലില്‍ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്ന കൊടിസുനിയെ പോലെയുള‌ളവര്‍ക്ക് ഫോണ്‍ ചെയ്യാനുള‌ള എല്ലാ സൗകര്യവും അവിടെയുണ്ട്. ജയിലില്‍ കയറിയ കാലംതൊട്ട് എല്ലാ സുഖസൗകര്യവും ഇടത് ഭരണത്തില്‍ അയാള്‍ അനുഭവിച്ചാണ് കഴിയുന്നതെന്ന് വിമര്‍ശിച്ച സുധാകരന്‍ ഇക്കാര്യം കാലങ്ങളായി തങ്ങള്‍ പറയുന്നതാണെന്നും ഇന്നും ഇന്നലെയുമായി പറയുന്നതല്ലെന്നും വ്യക്തമാക്കി.

നിലവില്‍ വിയ്യൂര്‍ ജയിലിലാണ് കൊടി സുനി. ഭരണാധികാരികളാണ് കൊടി സുനിയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നത് അതുകൊണ്ടുതന്നെ അവരോട് പരാതി പറഞ്ഞിട്ട് കാര്യമില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു. എല്ലാം കേട്ടില്ലെന്ന ഭാവത്തിലിരിക്കുന്ന അന്ധനും ബധിരനുമായ കേരളത്തിലെ ഭരണാധികാരികളോട് പറഞ്ഞിട്ട് കാര്യമില്ലെന്നാണ് സുധാകരന്‍ പറഞ്ഞത്. സര്‍ക്കാരിന്റെ അതിഥികളായി തടവുകാരെ ജയിലില്‍ തീറ്റിപ്പോറ്റുന്നത് ശരിയാണോയെന്നും കെ‌പി‌സി‌സി പ്രസിഡന്റ് ചോദിച്ചു.

Related posts

Leave a Comment