തിരുവനന്തപുരം: കോവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുകയറവേ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. രാത്രി കർഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല. പക്ഷേ, സ്ഥിതി വിലയിരുത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനം പിന്നീട്. സ്ഥിതിഗതികൾ അടുത്ത രണ്ടാഴ്ച നിരീക്ഷിക്കും. അതിന് ശേഷമാകും കൂടുതൽ നിയന്ത്രണങ്ങൾ വേണോ എന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക. പത്താം ക്ലാസ് മുതൽ മുകളിലേക്കുള്ള ക്ലാസുകൾ സ്കൂളിൽത്തന്നെ തിടരും. അധ്യാപകരും മറ്റ് ജീവനക്കാരും വിദ്യാർഥികളും വാക്സിനേഷൻ നടത്തിയെന്ന് ഉറപ്പാക്കും. 18 വയസു വരെയുള്ള കുട്ടികളിൽ 50 ശതമാനത്തിനു മുകളിൽ ഇതിനകം വാക്സിനേഷൻ പൂർത്തിയായി.
ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 21 മുതലാണ് സ്കൂളുകൾ അടച്ചിട്ട് ഓൺലൈൻ ക്ലാസുകൾ നടത്തുക. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ ഓഫ് ലൈനായി തന്നെ തുടരും. മാർച്ച് അവസാനം നിശ്ചയിച്ച വാർഷിക പരീക്ഷകൾ മാറ്റാനിടയില്ല. അത്തരത്തിൽ നിർണായകമായ പരീക്ഷകൾ മാറ്റേണ്ട സാഹചര്യം ഒഴിവാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നത്.
വീട്ടിലിരിക്കുന്ന കുട്ടികൾക്ക് വിക്ടേഴ്സ് വഴിയാകുമോ ക്ലാസ്സുകൾ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമാക്കി ഒരു മാർഗരേഖ തിങ്കളാഴ്ച
വിദ്യാഭ്യാസവകുപ്പ് പുറത്തുവിടും. വാർഷിക പരീക്ഷകൾ മാർച്ച് അവസാനമായതു കൊണ്ട് ഇത് മാറ്റേണ്ടതില്ലെന്ന് തന്നെയാണ് ധാരണ. മാത്രമല്ല, സിബിഎസ്ഇ വിദ്യാർത്ഥികളുടെ ഒന്നാം ടേം പരീക്ഷ പൂർത്തിയായി. കൊവിഡ് വ്യാപനം രൂക്ഷമായാൽ രണ്ടാം ടേം ഉപേക്ഷിച്ച് ആദ്യം ടേം പരീക്ഷ മാത്രം നോക്കി വിലയിരുത്താനും സിബിഎസ്ഇക്ക് സാധിക്കും. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള വാക്സീനേഷൻ ഡ്രൈവിനും സർക്കാർ തയ്യാറെടുക്കുന്നുണ്ട്. ഇതുവരെ വാക്സീൻ എടുത്തവരുടെ കണക്ക് എടുത്ത ശേഷം വാക്സീൻ സ്വീകരിക്കാത്തവർക്ക് അതിവേഗം വാക്സീൻ നൽകാനാണ് നീക്കം.