സൂര്യാഘാതവും ചെറുത്തു നിൽപ്പും ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം


സംസ്ഥാനത്ത് മുൻവർഷങ്ങളേക്കാൾ നേരത്തെ ചൂടിന്റെ കാഠിന്യം കൂടുകയാണ്. രാത്രിയിൽ തണുപ്പും പകൽ ചൂടും എന്ന അവസ്ഥയിൽ നിന്ന് മാറി രാപകൽ ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ചൂട് കൂടിയപ്പോൾ സൂര്യാഘാതവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും വർധിച്ചിരിക്കയാണ്. അന്തരീക്ഷതാപം മനുഷ്യന്റെ പ്രതിരോധ ശേഷിക്ക് താങ്ങാവുന്നതിലപ്പുറമാകുമ്പോഴാണ് ശരീരത്തിലെ താപനിയന്ത്രണ ശേഷി തകരാറിലാകുന്നത്. ശരീരത്തിലുണ്ടാകുന്ന താപം പുറത്തുകളയാൻ തടസ്സം നേരിടുമ്പോഴാണ് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും ക്രമം തെറ്റുന്നത്. ഈ അവസ്ഥ സൂര്യാഘാതം, ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചൂടായ ശരീരം, ദേഹത്തിലുടനീളം ചുവന്ന തിണർപ്പ്, തലവേദന, അബോധാവസ്ഥ മാനസികമായ പ്രശ്‌നങ്ങൾ തുടങ്ങിയവ സൃഷ്ടിക്കുന്നു. സൂര്യാഘാതത്തോടൊപ്പം സൂര്യതാപം എന്ന പ്രതിഭാസവും ഈ സമയത്തുണ്ടാകുന്നു. സൂര്യാഘാതത്തേക്കാൾ അല്പം കാഠിന്യം കുറഞ്ഞതായിരിക്കും സൂര്യതാപം. കൂടുതൽ സമയം വെയിലത്ത് ജോലിചെയ്യുന്നവരിൽ സൂര്യകിരണങ്ങൾ നേരിട്ട് പതിക്കുമ്പോൾ ശരീരഭാഗങ്ങൾ ചുവന്ന് തുടുക്കുകയും വേദനയും പൊള്ളലും അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് നിസ്സാരമായി തള്ളാതെ ഉടൻ ചികിത്സ തേടേണ്ടതാണ്. പൊള്ളലേൽക്കുന്ന ഭാഗത്തെ കുമിളകൾ പൊട്ടി വ്രണങ്ങളായി തീരാൻ സാധ്യത കുറവല്ല. സൂര്യാഘാതത്തിന്റെയും സൂര്യതാപത്തിന്റെയും ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ വെയിലിൽ നിന്ന് തണലിലേക്ക് മാറി വിശ്രമിക്കേണ്ടതാണ്. കട്ടികൂടിയ വസ്ത്രങ്ങൾ അഴിച്ചുമാറ്റണം. ശരീരം തണുത്തവെള്ളം കൊണ്ട് കഴുകി ചൂടിന് ശമനം വരുത്തേണ്ടതാണ്. വെള്ളവും മറ്റ് പാനീയങ്ങളും പരമാവധി കുടിക്കണം. ബോധക്ഷയം തുടങ്ങിയ അവസ്ഥകളിലേക്ക് കടക്കുകയാണെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്. ദാഹമില്ലെങ്കിലും വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടതായുണ്ട്. ഉപ്പിട്ട കഞ്ഞിവെള്ളവും മോര്, നാരങ്ങാവെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന്റെ താപനില കുറച്ചുകൊണ്ടുവരും. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയാതെ നോക്കണം. വെള്ളം കുറച്ചുമാത്രം കുടിക്കുന്നവരിലും മദ്യപാനികളിലും സൂര്യാഘാതം എളുപ്പത്തിൽ ബാധിക്കും. ശരീരത്തിലെ താപനിയന്ത്രണങ്ങൾ തകരാറിലാകുമ്പോൾ പ്രവചിക്കാനാവാത്ത ക്ലേശങ്ങളുണ്ടാകും. സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ള സമയത്ത് പുറത്തുള്ള ജോലി നിർത്തിവെയ്ക്കുകയാണ് ഉത്തമം. സൂര്യകിരണങ്ങളേറ്റ് മണിക്കൂറുകൾക്ക് ശേഷമായിരിക്കും സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. സൂര്യതാപത്തെ പ്രതിരോധിക്കാൻ അർഗൻ ഓയിൽ ആണ് ഉപയോഗിക്കുന്നത്. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഏറെയാണ്. അൾട്രാ വയലറ്റ് രശ്മികളുടെ ആക്രമണത്തെ ഇത് ചെറുക്കുന്നു. പുറത്തുപോകുമ്പോൾ സൂര്യതാപമേൽക്കാത്ത വിധമുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. യു വി എ, യു വി ബി രശ്മികളിൽ നിന്ന് സ്വയം പരിരക്ഷ നേടാൻ പുറത്തുപോകുമ്പോൾ ശരീരത്തിൽ സൺക്രീം പുരട്ടണം. സൂര്യാഘാതത്തിൽ നിന്നുള്ള മാത്രമല്ല അർഗൺ ഓയിലിന്റെ ഉപയോഗം ചർമ്മത്തിൽ വാർധക്യത്തിന്റെ ലക്ഷണങ്ങളെ പ്രകടമാക്കാതെ സൂക്ഷിക്കാനും അർഗൺ ഓയിൽ സഹായിക്കുന്നു. അർഗൺ ഓയിലിൽ വിറ്റാമിൻ ഇ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് വരണ്ട ചർമ്മത്തെ എണ്ണമയമുള്ളതാക്കും. സൂര്യനിൽ നിന്നുള്ള കിരണങ്ങളേറ്റ് ശരീരത്തിലെ കോശങ്ങൾ നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. അൾട്രാവയലറ്റ് രശ്മികളാണ് പ്രധാനമായും സൂര്യാഘാതത്തിന് കാരണമാകുന്നത്. സൂര്യാഘാതത്തിന് തീവ്രപരിചരണം ലഭിച്ചില്ലെങ്കിൽ മരണംപോലും സംഭവിക്കാം. കൂടിയ തോതിൽ അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് ചർമ അർബുദം പോലുള്ള ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നു. അധികൃതർ നിർദ്ദേശിക്കുന്ന ജോലിസമയവും പ്രതിരോധ പ്രവർത്തനങ്ങളും പാലിക്കുകയാണെങ്കിൽ സൂര്യാഘാതത്തിന്റെ പിടിയിൽ നിന്ന് നമുക്ക് രക്ഷനേടാം.

Related posts

Leave a Comment