സമ്മർ സ്പ്ലാഷ് . കുട്ടികൾക്കായുള്ള നടുമുറ്റം അവധിക്കാല ക്യാമ്പിന് തുടക്കമായി

ദോഹ:ഖത്തറിലെ മലയാളി വിദ്യാർത്ഥികൾക്കായി കൾച്ചറൽ ഫോറം വനിതാ വിഭാഗം  നടുമുറ്റം ഖത്തർ സംഘടിപ്പിക്കുന്ന  അവധിക്കാല ക്യാമ്പിന് തുടക്കമായി . ടോക്കിയോ  ഒളിംപിക്കിൽ പങ്കെടുക്കുന്ന മലയാളി താരങ്ങളുമായുള്ള  സംവാദത്തോടെ ആരംഭിച്ച സമ്മർ സ്പ്ലാഷ് ക്യാമ്പിൽ നിരവധി കുട്ടികൾ പങ്കാളികളായി. ജൂനിയർ , സീനിയർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് ക്യാമ്പ് നടക്കുന്നത് . ഓൺലൈനായി നടക്കുന്ന  ക്യാമ്പ് കൾച്ചറൽ ഫോറം  ആക്ടിങ് പ്രെസിഡന്റ്റ് സാദിഖ് ചെന്നാടൻ ഉത്ഘാടനം ചെയ്തു . സ്വന്തം കഴിവുകൾ തിരിച്ചറിയാനും അവ  വളർത്തിയെടുക്കാനുമുള്ള അവസരങ്ങളാണ് ഇത്തരം ക്യാമ്പുകളെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളിൽ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാനും പുതിയ അറിവുകൾ നേടാനും ക്യാമ്പുകൾ ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങളായ  ശ്രീജേഷ് പി.ആർ , മുഹമ്മദ് അനസ് , ഇർഫാൻ കെ .ടി, ശ്രീശങ്കർ , ജാബിർ എം പി , നോഹ് നിർമൽ ടോം  എന്നിവർ ഉത്ഘാടന പരിപാടിയിൽ അതിഥികളായി പങ്കെടുത്തു . കഴിവുകൾ തിരിച്ചറിഞ്ഞു നിരന്തരമായ പരിശീലനത്തിലൂടെ അവ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാവണമെന്നു അവർ കുട്ടികളെ ഉണർത്തി .
. കുട്ടികളുമായി സംവദിച്ച താരങ്ങൾ തങ്ങളുടെ വളര്ച്ചയും നേട്ടങ്ങളും പ്രതീക്ഷകളും അവരുമായി പങ്കുവെച്ചു . കൾച്ചറൽ ഫോറം വൈസ് പ്രെസിഡന്റും  നടുമുറ്റം ചീഫ് കോർഡിനേറ്ററുമായ  ആബിദ സുബൈർ ഉത്ഘാടന പരിപാടിയിൽ അധ്യക്ഷത വഹിച്ചു . കൾച്ചറൽ ഫോറം സെക്രട്ടറിയും നടുമുറ്റം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ  രമ്യദാസ് സ്വാഗതവും  നടുമുറ്റം എക്സിക്യൂട്ടീവ് അംഗങ്ങളായ നിത്യ സുബീഷ് നന്ദിയും   ജോളിതോമസ് പരിപാടിയും നിയന്ത്രിച്ചു . ആറ് ദിവസങ്ങളിലായി നടക്കുന്ന ഓൺലൈൻ ക്യാമ്പ് വെള്ളിയാഴ്ചയാണ് സമാപിക്കുക .

Related posts

Leave a Comment