​ഗാർഹിക പീഡനം മൂലമുളള ആത്മഹത്യകൾ സംസ്ഥാനത്ത് തുടർക്കഥയാവുന്നു; പാലക്കാട് യുവതി ആത്മഹത്യ ചെയ്തു

പാലക്കാട്: ​ഗാർഹിക പീഡനം മൂലമുളള ആത്മഹത്യകൾ സംസ്ഥാനത്ത് തുടർക്കഥയാവുന്നു. മാങ്കുറുശ്ശി കക്കോട് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അത്താണിപ്പറമ്പിൽ മുജീബിന്റെ ഭാര്യ നഫ്‌ലയാണ് തൂങ്ങിമരിച്ചത്. യുവതി ആത്മഹത്യ ചെയ്തത് ഭർതൃവീട്ടിലെ മാനസിക പീഡനം മൂലമെന്നാരോപിച്ച്‌ നഫ്‌ലയുടെ സഹോദരൻ നഫ്‌സൽ രംഗത്തെത്തി.

ഭർതൃവീട്ടിൽ ഭർത്താവ്ഒഴികെയുള്ളവർ മാനസികമായി നഫ്‌ലയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് സഹോദരൻ നൽകിയ മൊഴി. ഇവരുടെ വിവാഹം കഴിഞ്ഞ് പത്ത് മാസം ആയിട്ടും കുട്ടികൾ ഉണ്ടാകാത്തതുമായി ബന്ധപ്പെട്ടാണ് നഫ്‌ലയെ മാനസികമായി പീഡിപ്പിച്ചത്. ഗർഭധാരണത്തിനുള്ള ചികിത്സക്കിടയിലാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

എന്നാൽ സംഭവസമയത്ത് നഫ്‌ലയുടെ ഭർത്താവ് മുജീബ് വീട്ടിൽ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാൾ വീട്ടിലെത്തി പല തവണ നഫ്‌ലയെ വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് കിടപ്പ് മുറിയിലെ വാതിൽ പൊളിച്ച്‌ അകത്ത് കടന്നപ്പോഴാണ് നഫ്‌ലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കലും നഫ്‌ലയുടെ ജീവൻ രക്ഷിക്കാനായില്ല. അതേസമയം സഹോദരൻ നഫ്‌സലിന്റെ മൊഴിയിൽ അസ്വാഭാവിക മരണത്തിന് മങ്കര പോലീസ് കേസെടുത്തു. സംഭവ ദിവസം വൈകിട്ട് നഫ്‌ല ഫോണിൽ വിളിച്ചതായി നഫ്‌സൽ പറഞ്ഞു. യുവതിയുടെ ഡയറി പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Related posts

Leave a Comment