സ്വകാര്യ ബസുടമയുടെ ആത്മഹത്യ ; സര്‍ക്കാറിനെതിരെ ബസുടമകള്‍ രംഗത്ത്

കോഴിക്കോട്: സ്വകാര്യ ബസ് ഉടമയായ രാജാമണിയുടെ ആത്മഹത്യയില്‍ സര്‍ക്കാരിന് എതിരെ ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍. പൊതു ഗതാഗത മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണന കാരണമാണ് രാജമണിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ബി സത്യന്‍, ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു, ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു.

ലോണ്‍ എടുത്ത ധനകാര്യ സ്ഥാപനങ്ങളുടെ സമ്മര്‍ദ്ദം കാരണം വലിയ മനപ്രയാസത്തില്‍ ആയിരുന്നു രാജമണി. ഇന്ധനവില വര്‍ദ്ധനയും ബാധിച്ചു. ലോക്ക് ഡൗണ്‍ കാരണം സര്‍വീസ് നടത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, റോഡ് ടാക്‌സ് പോലും സര്‍ക്കാര്‍ ഇളവ് ചെയ്തിട്ടില്ല.

ഒരു വര്‍ഷം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 31 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഒരു ദിവസത്തെ ഡീസല്‍ ചെലവില്‍ മാത്രം ബസിന് അധികമായി വേണ്ടി വന്നത് 2500 രൂപയാണ്. പൊതു ഗതാഗത മേഖല സംരക്ഷിക്കുന്നതിന് വേണ്ടി അത് സംബന്ധിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.

വയനാട് പാമ്ബാടി അമ്ബലവയലില്‍ ആണ് സ്വകാര്യ ബസുടമ ആത്മഹത്യ ചെയ്തത്. അമ്ബലവയല്‍ പെരുമ്ബാടിക്കുന്ന് സ്വദേശി പാലഞ്ചേരിയില്‍ പി സി രാജാമണിയെയാണ് വീടിനു സമീപത്തുള്ള തോട്ടത്തില്‍ വിഷം കഴിച്ച്‌ അവശനിലയില്‍ കണ്ടെത്തിയത്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ബസിന്റെ ഓട്ടം നിലച്ചിരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് രാജാമണി കടുത്ത പ്രതിസന്ധിയില്‍ ആയിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കടല്‍മാട് – സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബ്രഹ്‌മപുത്ര എന്ന ബസിന്റെ ഉടമ ആയിരുന്നു രാജാമണി.

Related posts

Leave a Comment