ഭൂമി തരം മാറ്റാത്തതിൽ മനംനൊന്ത് സജീവന്റെ ആത്മഹത്യ ; ലാന്റ് റവന്യൂ കമ്മീഷണറാണ് ഉത്തരവാദിയെന്ന് ജൂനിയർ സൂപ്രണ്ട്

തിരുവനന്തപുരം: ഭൂമി തരം മാറ്റൽ വിഷയത്തിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സജീവന്റെ മരണത്തിന് ഉത്തരവാദി ലാന്റ് റവന്യൂ കമ്മീഷണറും സബ് കളക്ടറുമാണെന്ന് ജൂനിയർ സൂപ്രണ്ട് ഷനോജ് കുമാർ. ഈ വിഷയത്തിൽ സസ്പെൻഷനിലായ ഷനോജ് കുമാർ സർക്കാരിന് നൽകിയ പ്രതിവാദ പത്രികയിലാണ് നടന്ന കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. സബ് കളക്ടർ പറഞ്ഞതനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് ജൂനിയർ സൂപ്രണ്ടിന്റെ പ്രതിവാദ പത്രികയിൽ സൂചിപ്പിച്ചിരിക്കുന്നത്. സജീവന്റെ ആത്മഹത്യയിലേക്ക് നയിച്ചത് വ്യക്തതയില്ലാത്ത സർക്കാർ ഉത്തരവ് ഇറക്കിയ സർക്കാർ കേന്ദ്രങ്ങളെന്ന് ഇതോടെ വ്യക്തമായി.
ഷനോജ് കുമാറിന്റെ വിശദീകരണം: “18 -2-21 ൽ സജീവൻ സമർപ്പിച്ച അപേക്ഷയിൽ മേൽ 23 – 2 – 21 ന് റിപ്പോർട്ട് ലഭിച്ചു. ഈ കാലയളവിലാണ് 25 സെന്റ് വരെ അധികരിക്കാത്ത ഭൂമിക്ക് തരം മാറ്റം സൗജന്യമായി അനുവദിക്കണം എന്ന ഉത്തരവ് വന്നത്. ഈ ഉത്തരവിൽ ഏത് തീയതി വരെ ഉള്ള അപേക്ഷ പരിഗണിക്കണം, ഉത്തരവ് ഇറങ്ങുന്നതിനുമുമ്പുള്ള അപേക്ഷ പരിഗണിക്കാമോ എന്നുള്ള വ്യക്തത ഇല്ലാത്തതിനാൽ സ്പഷ്ടികരണം നൽകുന്നത് സംബന്ധിച്ച് ലാന്റ് റവന്യു കമ്മീഷണർക്ക് കത്ത് അയച്ചിട്ടുള്ളതിനാൽ ആയതിന് മറുപടി ലഭിക്കാതെ ഫയലുകളിൽ നടപടി സ്വികരിക്കേണ്ട എന്ന് സബ് കളക്ടർ 27 – 2 – 21 ന് സോഷ്യൽ മീഡിയ ഔദ്യോഗിക ഫേസ് ബുക്കിൽ നിർദ്ദേശം നൽകി. അതിനുശേഷം ഒരു ദിവസം 200 ന് മേൽ തരം മാറ്റം അപേക്ഷകൾ ഓഫിസിൽ ലഭിച്ചു. ഈ കാലയളവിൽ 8048 അപേക്ഷകളാണ് ലഭിച്ചത്. ഇത് കൈകാര്യം ചെയ്യാൻ കെ 4 സെക്ഷനിൽ ഒരു ക്ലർക്ക് മാത്രമാണ് ഉണ്ടായിരുന്നത്. ഭൂമി തരം മാറ്റം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ വ്യക്തത ഇല്ലാത്തത് മൂലമാണ് സജീവന്റെ ഫയലിൽ കാലതാമസം വന്നത്. മനപൂർവ്വം ഫയലിൽ കാലതാമസം വരുത്തിയിട്ടില്ലെന്നും മാപ്പാക്കി സർവിസിൽ തിരികെ പ്രവേശിപ്പിക്കണം”.
അതേസമയം, ഷനോജ് കുമാറിന്റെ വാദം സർക്കാർ തള്ളി. ഔപചാരിക അന്വേഷണം നടത്തി മാത്രം സർവിസിൽ പുനഃപ്രവേശിപ്പിച്ചാൽ മാത്രം മതിയെന്നാണ് സർക്കാർ തീരുമാനം. അതേസമയം, താഴ്ന്ന വിഭാഗം ജീവനക്കാരെ മാത്രം കുറ്റാരോപിതരാക്കി മുതിർന്ന ഉദ്യോഗസ്ഥർക്ക് രക്ഷപെടാൻ സർക്കാർ അവസരം ഒരുക്കുകയാണെന്ന് ആക്ഷേപമുണ്ട്. വ്യക്തത ഇല്ലാത്ത ഉത്തരവ് ഇറക്കിയ റവന്യൂ മന്ത്രിയും വ്യക്തത വരുത്താൻ കാലം താമസം വരുത്തിയ ലാന്റ് റവന്യു കമ്മീഷണറും വ്യക്തത വരുത്തിയതിനു ശേഷം ഫയൽ പ്രോസസ് ചെയ്താൽ മതിയെന്ന് പറഞ്ഞ സബ് കളക്ടറും ആണ് സജീവന്റെ ആത്മഹത്യയിലെ യത്ഥാർത്ഥ ഉത്തരവാദികളെന്നിരിക്കെ ജൂനിയർ സൂപ്രണ്ടിനെ ബലിയാടാക്കിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Related posts

Leave a Comment