പോലീസ് ക്വാർട്ടേഴ്സിൽ അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചനിലയിൽ

ആലപ്പുഴ: പോലീസ് ക്വാർട്ടേഴ്സിൽ അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചനിലയിൽ. ആലപ്പുഴ ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. റമീസിന്റെ ഭാര്യ നജ്ല, അഞ്ചുവയസ്സുള്ള മകൻ ടിപ്പുസുൽത്താൻ, ഒന്നരവയസ്സുള്ള മകൾ മലാല എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം നജ്ല ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ സംശയം. വണ്ടാനം മെഡിക്കൽ കോളേജിലെ പോലീസ് എയ്ഡ്പോസ്റ്റിലാണ് സി.പി.ഒ. റമീസ് ജോലിചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ക്വാർട്ടേഴ്സിൽ തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് നജ്ലയുടെ മൃതദേഹം കണ്ടെത്തിയത്. മക്കളായ രണ്ടുപേരുടെയും മൃതദേഹങ്ങൾ നിലത്തുകിടക്കുകയായിരുന്നു.അഞ്ചുവയസ്സുകാരനായ ടിപ്പുസുൽത്താനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് കരുതുന്നത്. ഒന്നരവയസ്സുകാരി മലാലയെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്നും പോലീസ് സംശയിക്കുന്നു. കുടുംബപ്രശ്നങ്ങളാണ് ദാരുണമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസ് നൽകുന്ന അനൗദ്യോഗിക വിവരം. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവമറിഞ്ഞ് ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.

Related posts

Leave a Comment