ചലച്ചിത്ര അവാര്‍ഡ് ജൂറി: സുഹാസിനി ചെയര്‍പേഴ്സണ്‍ ; സ്ക്രീനിംഗ് ആരംഭിച്ചു

തിരുവനന്തപുരം: 2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. നടിയും സംവിധായികയുമായ സുഹാസിനിയാണ് ജൂറി ചെയര്‍പേഴ്സണ്‍. അവാര്‍ഡിന് സമര്‍പ്പിക്കപ്പെടുന്ന എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്‍റെ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിക്ക് ദ്വിതല സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് നിയമാവലി പരിഷ്കരിച്ചതിനുശേഷമുള്ള ആദ്യ അവാര്‍ഡാണ് ഇത്തവണത്തേത്. സെപ്റ്റംബര്‍ 28ന് രാവിലെ ജൂറി സ്ക്രീനിംഗ് ആരംഭിച്ചു.

എട്ടു തവണ ദേശീയ പുരസ്കാരം നേടിയ കന്നട സംവിധായകന്‍ പി.ശേഷാദ്രിയും പ്രമുഖ സംവിധായകന്‍ ഭദ്രനും പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. മികച്ച എഡിറ്റര്‍ക്കുള്ള ദേശീയ അവാര്‍ഡ് രണ്ടു തവണ നേടിയ സുരേഷ് പൈ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ ഗാനരചയിതാവ് മധു വാസുദേവന്‍, നിരൂപകനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ഇ.പി രാജഗോപാലന്‍, സംസ്ഥാന അവാര്‍ഡ് ജേതാവായ ഛായാഗ്രാഹകന്‍ ഷെഹ്നാദ് ജലാല്‍, എഴുത്തുകാരി രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.

സുഹാസിനി, പി.ശേഷാദ്രി, ഭദ്രന്‍ എന്നിവര്‍ക്കു പുറമെ ഹിന്ദി, മലയാളം, തെലുങ്ക് സിനിമാ ഛായാഗ്രാഹകനായ സി.കെ മുരളീധരന്‍, സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മോഹന്‍ സിതാര, മൂന്ന് ദേശീയപുരസ്കാരം നേടിയ സൗണ്ട് ഡിസൈനര്‍ ഹരികുമാര്‍ മാധവന്‍ നായര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍.ശശിധരന്‍ എന്നിവരാണ് അന്തിമ ജൂറിയിലെ മറ്റ് അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിര്‍ണയ സമിതികളില്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും. പ്രാഥമികജൂറിയില്‍ എട്ട് അംഗങ്ങളും അന്തിമ ജൂറിയില്‍ ഏഴ് അംഗങ്ങളുമാണ് ഉള്ളത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും നിരൂപകനുമായ ഡോ.പി.കെ രാജശേഖരനാണ് രചനാവിഭാഗം ജൂറിയുടെ ചെയര്‍മാന്‍. ചലച്ചിത്രനിരൂപകരായ ഡോ.മുരളീധരന്‍ തറയില്‍, ഡോ.ബിന്ദുമേനോന്‍, സി.അജോയ് (മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.

80 സിനിമകളാണ് അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇവയില്‍ നാലെണ്ണം കുട്ടികള്‍ക്കുള്ള ചിത്രങ്ങളാണ്.

Related posts

Leave a Comment