Connect with us
top banner (3)

Kerala

തൊഴിലുറപ്പിന്റെ അദൃശ്യചരിത്രം; സുധാമേനോൻ എഴുതുന്നു

Avatar

Published

on

സ്വതന്ത്രഇന്ത്യയുടെ നയരൂപീകരണചരിത്രത്തിലെ ഏറ്റവും സാർഥകമായ അദ്ധ്യായമായിരുന്നു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി. 2006 ഫെബ്രുവരി രണ്ടാം തീയതിയാണ്, ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ വെച്ച് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തൊഴിലുറപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ലോകത്തിലെ ഏറ്റവും ബൃഹത്തും ഫലപ്രദവുമായ ദാരിദ്ര്യനിർമ്മാർജ്ജനപദ്ധതിയായി ലോകബാങ്ക് വിശേഷിപ്പിച്ച ഈ പദ്ധതി ഇതിനകം ഇന്ത്യൻഗ്രാമീണരുടെ ജീവനാഡിയായി മാറിക്കഴിഞ്ഞു. തൊഴിൽ ചെയ്യാനാഗ്രഹിക്കുന്ന ഏതൊരാൾക്കും, 100 ദിവസത്തെ തൊഴിൽ ‘നീതിയുക്തമായ ഒരു അവകാശമാക്കി’ ഉറപ്പ് വരുത്തുന്നു എന്നതാണ് തൊഴിലുറപ്പ് പദ്ധതിയുടെ അനന്യത. തൊഴിലുറപ്പ് പദ്ധതിയുടെ യഥാർഥ ചരിത്രം ഈ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ പ്രസക്തമാകുന്നത്, ഇടതുപാർട്ടികൾ അതിന്റെ പൈതൃകം ‘ഹൈജാക്’ ചെയുന്നതുകൊണ്ടാണ്. ‘ഇടതുപക്ഷ’ ആശയമായ തൊഴിലുറപ്പ് പദ്ധതി, അവരുടെ ആവശ്യമനുസരിച്ച് മാത്രമാണ് യുപിഎയുടെ കോമൺ മിനിമം പ്രോഗ്രാമിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയത് എന്നാണ് കേരളത്തിലെ ഇടതുപക്ഷം അവകാശപ്പെടുന്നത്.

‘തൊഴിലുറപ്പ്’ എന്ന ആശയത്തിന്റെ ദീർഘകാലചരിത്രത്തെയും, അതിന്റെ സാക്ഷാത്ക്കാരത്തിന് വേണ്ടി നിലകൊണ്ട കോൺഗ്രസ്-സിവിൽ സൊസൈറ്റിപ്രസ്ഥാനങ്ങളുടെ പങ്കിനെയും തമസ്കരിക്കുന്ന വസ്തുതാവിരുദ്ധമായ വാദമാണിത്. കാരണം, ‘തൊഴിലുറപ്പിന്റെ’ ചരിത്രം, ഇടതുപാർട്ടികൾ യുപിഎ സർക്കാറിനെ പിന്തുണക്കാൻ തീരുമാനിച്ച 2004ൽ മാത്രം തുടങ്ങുന്ന ഒന്നല്ല.

Advertisement
1000x200 PX MALAYALI DCTR MDX-02-02

തൊഴിലുറപ്പ് പദ്ധതിയുടെ യഥാർഥ പിതാവ്, വിഠൽ സഖാറാം പാഗേ എന്ന ഗാന്ധിയൻ രാഷ്ട്രീയപ്രവർത്തകൻ ആയിരുന്നു. മഹാരാഷ്ട്രയിലെ സത്താറയിൽ ജനിച്ച പാഗേ, ഉപ്പ് സത്യാഗ്രഹത്തിലും, ക്വിറ്റ്ഇന്ത്യാ പ്രസ്ഥാനത്തിലും പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചിരുന്നു.‘തൊഴിൽ അവകാശമാക്കണ’മെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ആദ്യ ലേഖനം എഴുതിയ 1949 മുതൽ, പാഗേ ജീവിതം ഉഴിഞ്ഞുവെച്ചത് ‘തൊഴിലുറപ്പ്’ രാജ്യം മുഴുവൻ നടപ്പിലാക്കുന്നതിന് വേണ്ടിയായിരുന്നു. എഐസിസി അംഗവും, ദീർഘകാലം മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൌൺസിൽ ചെയർമാനും ആയിരുന്ന പാഗേയാണ് ഇന്ത്യയിൽ ആദ്യമായി മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ 1964-65 കാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്.കടുത്ത വരൾച്ചയിൽപ്പെട്ടുഴലുന്ന ഗ്രാമീണർക്ക് ഇത് ഏറെ ആശ്വാസകരമായിരുന്നു.1965ൽ പാഗേ തൊഴിലുറപ്പ്നിയമത്തിന്റെ കരട് തയ്യാറാക്കി.

1970 ആയപ്പോഴേക്കും മഹാരാഷ്ട്രയിലെ 11 ജില്ലകളിൽ ‘എംപ്ലോയ്മെൻറ് ഗ്യാരണ്ടി സ്കീം’(EGS) നടപ്പിലാക്കിയിരുന്നു. എഴുപതുകളുടെ ആദ്യപകുതിയിൽ, മഹാരാഷ്ട്ര അതികഠിനമായ വരൾച്ചയും പട്ടിണിയും അഭിമുഖീകരിച്ചപ്പോൾ, ‘പാഗേ സ്കീം’ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാൻ ഇന്ദിരാഗാന്ധിയുടെ അനുവാദത്തോടെ അന്നത്തെ മുഖ്യമന്ത്രിയായ വസന്ത് റാവു നായിക് തീരുമാനിച്ചു. പിന്നീടുള്ള വർഷങ്ങളിൽ ഫണ്ടിന്റെ അഭാവം പദ്ധതിനടത്തിപ്പിനെ ബാധിച്ചപ്പോഴാണ്, EGS ഒരു ‘ഭരണഘടനാ ഗ്യാരണ്ടി’ ആക്കണമെന്ന ആശയം പാഗേ മുന്നോട്ടു വെച്ചത്. അതനുസരിച്ച്, 1977ൽ കോൺഗ്രസ്സ് മുഖ്യമന്ത്രിയായിരുന്ന വസന്ത്ദാദാ പാട്ടീൽ EGS ബില്ല് സഭയിൽ പാസാക്കി. തൊഴിലുറപ്പ് പദ്ധതിയുടെ ആദ്യത്തെ സാർഥകമായ ചുവടുവെയ്പ്പ് മഹാരാഷ്ട്രയിൽ നിന്നും ആരംഭിച്ചത് അങ്ങനെയായിരുന്നു. ‘മഹാരാഷ്ട്ര മാതൃക’ ദേശീയതലത്തിലും തുടരണമെന്ന ആഗ്രഹത്തോടെയാണ് 1980കളിലെ കോൺഗ്രസ്സ് സർക്കാരുകൾ, നാഷണൽ റൂറൽ എംപ്ലോയ്മെൻറ് പ്രോഗ്രാം, റൂറൽ ലാൻഡ് ലെസ് എംപ്ലോയ്മെൻറ് ഗ്യാരണ്ടി പ്രോഗ്രാം, ജവഹർ റോസ്ഗാർ യോജന തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയത്. അതിന്ശേഷം സമഗ്രമായ തൊഴിലുറപ്പ് പദ്ധതിയുടെ ആവശ്യകത മുന്നോട്ട് വെച്ചത് പി. വി. നരസിംഹറാവു ആയിരുന്നു. അങ്ങനെയാണ് കാർഷികമേഖലയിൽ തൊഴിൽ ലഭ്യമല്ലാത്ത സീസണിൽ വരുമാനം ഉറപ്പ് വരുത്തുന്ന ‘എംപ്ലോയ്മെൻറ് അഷ്വറൻസ് സ്കീം’ 1993ൽ നിലവിൽ വന്നത്. അപ്പോഴും കൊടുംദാരിദ്ര്യവും, നഗരങ്ങളിലേക്കുള്ള കുടിയേറ്റവും തടയാൻ ഈ പദ്ധതികളൊക്കെയും അപര്യാപ്തമായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

1998 മുതൽ 2001 വരെയുളള കാലത്ത് രാജ്യം നേരിട്ടത് കഠിനമായ വരൾച്ചയും കർഷകആത്മഹത്യകളുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജസ്ഥാനിലെ എംകെഎസ്എസ് എന്ന സംഘടനയുടെ നേതാവായ അരുണാ റോയ്, സാമ്പത്തികവിദഗ്ദനായ ഴാങ് ദ്രസ് തുടങ്ങിയവരടക്കമുള്ള സാമൂഹ്യപ്രവർത്തകർ തൊഴിലുറപ്പ് പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രചരണം ആരംഭിച്ചത്. ആദ്യമായി ഈ പദ്ധതി നടപ്പിലാക്കിയത് മഹാരാഷ്ട്രയിലെ കോൺഗ്രസ്സ് സർക്കാർ ആയതുകൊണ്ട് അവർ ഈ ആവശ്യവുമായി സമീപിച്ചത് കോൺഗ്രസ് അധ്യക്ഷയായ സോണിയാഗാന്ധിയെ ആയിരുന്നു-2001ൽ. സോണിയാഗാന്ധി അനുഭാവപൂർവം പ്രതികരിക്കുകയും, തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്ന കാര്യം അതീവഗൌരവത്തോടെ പരിഗണിക്കണമെന്ന് എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാർക്കും കത്തെഴുതുകയും ചെയ്തു. സോണിയാഗാന്ധിയുടെ നിർദേശത്തെത്തുടർന്ന് രാജസ്ഥാൻ സ്റ്റേറ്റ് എംപ്ലോയ്മെൻറ് ഗ്യാരണ്ടി ആക്ട് എന്ന പേരിൽ ഒരു കരട് ബില്ല്, അരുണാ റോയ് 2003ൽ രാജസ്ഥാനിലെ കോൺഗ്രസ്സ് സർക്കാറിന് സമർപ്പിച്ചുവെങ്കിലും, അടുത്ത തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നതോടെ ആ പ്രതീക്ഷ അണഞ്ഞുപോയി. 2004ലെ പൊതുതിരഞ്ഞെടുപ്പിൽ, കോൺഗ്രസ്സ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം രാജ്യമൊട്ടാകെ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു.

സിവിൽസമൂഹത്തിന്റെ പ്രതിനിധികളുമായി വിശദമായ ചർച്ച നടത്തിയ ശേഷമാണ് സോണിയാ ഗാന്ധി, മൻമോഹൻ സിങ്, ജയറാം രമേശ് എന്നീ നേതാക്കൾ വിവരാവകാശ നിയമം, ഭക്ഷ്യസുരക്ഷാനിയമം, തൊഴിലുറപ്പ് എന്നീ മൂന്ന് സുപ്രധാനമായ ജനക്ഷേമപദ്ധതികൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയത്. അതേസമയം സിപിഎമ്മിന്റെ 2004 ലെ പ്രകടനപത്രികയിൽ തൊഴിലുറപ്പ് പദ്ധതി ഉണ്ടായിരുന്നില്ല. സിപിഎം ഭരിച്ച ഒരു സംസ്ഥാനത്തിലും നടപ്പിലാക്കിയിട്ടുമില്ല. തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മുന്നണി വിജയിക്കുകയും ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തിൽ വരികയും ചെയ്തപ്പോൾ സ്വാഭാവികമായും തൊഴിലുറപ്പ് പദ്ധതി കോമൺ മിനിമം പ്രോഗ്രാമിന്റെ ഭാഗമായി. നയരൂപീകരണത്തിൽ, ഇടതുപക്ഷത്തിന്റെ നാമമാത്രമായ പങ്കാളിത്തം ആരംഭിക്കുന്നത് ഈ അവസാനഘട്ടത്തിൽ മാത്രമാണ്. അപ്പോഴും, സോണിയാഗാന്ധി അധ്യക്ഷയായ നാഷണൽ അഡ്വൈസറി കൌൺസിൽ(NAC) ആയിരുന്നു ബില്ലിന്റെ കരട് ഉണ്ടാക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചത്. പക്ഷേ, ഭീമമായ ചിലവ് ചുരുക്കുന്നതിന് വേണ്ടിയും, കൂടുതൽ നിയന്ത്രണങ്ങൾക്ക് വേണ്ടിയും ധനകാര്യവകുപ്പും ഗ്രാമവികസനവകുപ്പും ബില്ലിന്റെ ഉള്ളടക്കത്തിൽ വെള്ളം ചേർക്കാൻ ശ്രമിച്ചു. അതുകൊണ്ടുതന്നെ, 2004 ഡിസംബർ 21നു ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ഇടതുപക്ഷം സഭക്കകത്തും, സിവിൽസമൂഹം സഭയ്ക്ക് പുറത്തും എതിർത്തു. തുടർന്ന് ബില്ല് സ്റ്റാൻഡിങ് കമ്മിറ്റിക്ക് കൈമാറുകയും ഇടതുപക്ഷത്തിന്റെത് ഉൾപ്പെടെ രാജ്യമെമ്പാടുമുള്ള നിരവധി സംഘടനകളുടെയും വിദഗ്ദരുടെയും അഭിപ്രായം ഉൾപ്പെടുത്തുകയും ചെയ്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

എക്സിക്യൂട്ടീവ് ഓർഡറിലൂടെ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കാൻ പറ്റില്ലെന്നും, ഗ്രാമവികസനവകുപ്പിന് പകരം പഞ്ചായത്തുകൾക്കായിരിക്കും ഈ പദ്ധതിയുടെ നിർവഹണത്തിൽ കൂടുതൽ അധികാരം ഉണ്ടായിരിക്കുക എന്നതുൾപ്പെടെയുള്ള പല ക്ലോസുകളും നവീകരിച്ച ബില്ലിൽ ഉൾപ്പെടുത്തിയത് സോണിയാഗാന്ധിയുടെ കർശന നിർദേശത്തിന്റെ ഭാഗമായിട്ടായിരുന്നു. ഒടുവിൽ, സ്വതന്ത്രഇന്ത്യയിലെ ഏറ്റവും മനോഹരവും സർവതലസ്പർശിയുമായ സോഷ്യൽ ഡെമോക്രാറ്റിക് നയപരീക്ഷണത്തിന് ഐതിഹാസികമായ തുടക്കം കുറിച്ചുകൊണ്ട് 2004 ആഗസ്റ്റ് 23നു തൊഴിലുറപ്പ് ബില്ല് ഏകകണ്ഠമായി പാസായി. ചുരുക്കത്തിൽ, വിഠൽ സഖാറാം പാഗേയിൽ നിന്നും ആരംഭിച്ച്, സംവാദത്തിന്റെയും സമന്വയത്തിന്റെയും നിരവധി ഘട്ടങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ദീർഘചരിത്രമാണ് തൊഴിലുറപ്പ് പദ്ധതിയുടേത്. അതുകൊണ്ടുതന്നെ, തുടക്കം മുതൽ ഈ ജനാധിപത്യ പ്രക്രിയയുടെ കേന്ദ്രസ്ഥാനത്തുണ്ടായിരുന്ന പാഗേയുടെയും, കോൺഗ്രസ്സിന്റെയും പങ്കിനെ നിഷേധിക്കുകയും തിരസ്കരിക്കുകയും ചെയുന്ന ഇടതുപാർട്ടികളുടെ വർത്തമാനകാല ആഖ്യാനം ചരിത്രത്തിന്റെ കണ്ണ് കെട്ടലാണ്.

(മനോരമ ദിനപത്രത്തിൽ നിന്നും)

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

നടനും മിമിക്രി ആർട്ടിസ്റ്റുമായ കോട്ടയം സോമരാജ് അന്തരിച്ചു

Published

on

കോട്ടയം: നടനും മിമിക്രി ആർട്ടിസ്റ്റുമായ കോട്ടയം സോമരാജ് അന്തരിച്ചു. നടൻ ഗിന്നസ് പക്രുവാണ് മരണ വിവരം ഫേസ്ബുക്ക് വഴി അറിയിച്ചത്.ബാംബൂ ബോയ്സ്, അണ്ണൻ തമ്ബി, കിംഗ് ലയർ, ഫാന്റം തുടങ്ങിയ സിനിമകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ കാലം കാർട്ടൂണിസ്റ്റ് ടോംസിന്റെ കൂടെ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

‘ഒരുപാടു ചിരിയോർമകള്‍… വേദികളിലും, ചാനല്‍ പരിപാടികളിലും… സുഹൃത്ത് കോട്ടയം സോമരാജിന് വിട…’ എന്ന് കുറിച്ച്‌ നടൻ ഗിന്നസ് പക്രുവാണ് മരണ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

കോട്ടയത്ത്‌ ചെക്ക് ഡാം തുറക്കുന്നതിനിടെ ഒരാൾ മുങ്ങി മരിച്ചു

Published

on

കോട്ടയം: പാലായില്‍ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ മുങ്ങി മരിച്ചു. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു(53)വാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പാലാ പയപ്പാര്‍ അമ്പലത്തിന് സമീപം കവറുമുണ്ടയിലാണ് സംഭവം.

വെള്ളത്തില്‍ മുങ്ങിയശേഷം ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ പലകകള്‍ക്കിടയില്‍ കയര്‍ കുരുക്കാനുള്ള ശ്രമത്തിനിടെ കൈ കുടുങ്ങുകയായിരുന്നു. കൈകള്‍ കുടുങ്ങിയതോടെ പുറത്തേക്ക് വരാനായില്ല. ഇതോടെ വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Ernakulam

സർക്കാരിനെതിരായ ബാർകോഴ ആരോപണത്തിൽ അന്വേഷണം വേണമെന്ന്, സിപിഐ നേതാവ് കെകെ.ശിവരാമൻ

Published

on

ഇടുക്കി: എൽഡിഎഫ് സർക്കാരിനെതിരായ ബാർകോഴ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനറും സിപിഐ നേതാവുമായ കെ കെ ശിവരാമൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. വീണ്ടും ഒരു ബാർ കോഴയോ? എന്ന തലക്കെട്ടിലുള്ള പോസ്റ്റിൽ ബാർ കോഴ വാർത്ത ഗൗരവമുള്ളതെന്നും വ്യക്തമാക്കുന്നു. ‘നമുക്കായി ഇളവുകൾ നൽകുമ്പോൾ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതിൽ പറയുന്നത്. എന്നുപറഞ്ഞാൽ സർക്കാരിന്റെ മദ്യ നയത്തിൽ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കിൽ കൊടുക്കേണ്ടത് കൊടുക്കണം! ആർക്ക്’ എന്ന ചോദ്യവും കെ കെ ശിവരാമൻ ഉയർത്തുന്നുണ്ട്.

കെകെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

Advertisement
1000x200 PX MALAYALI DCTR MDX-02-02
വീണ്ടും ഒരു ബാർ കോഴയോ?

ഇന്ന് രാവിലെ മുതൽ കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ പുറത്തുവിടുന്ന ഒരു വാർത്ത അത്യന്തം ഗൗരവം ഉള്ളതാണ്. നിലവിലുള്ള മദ്യ നയത്തിൽ ഇളവ് വരുത്തുന്നതിന് ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം ഉടനടി നൽകണമെന്നാണ് ബാർ ഉടമ സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്റെതായി പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നത്, നമുക്കായി ഇളവുകൾ നൽകുമ്പോൾ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതിൽ പറയുന്നത്. എന്നുപറഞ്ഞാൽ സർക്കാരിന്റെ മദ്യ നയത്തിൽ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കിൽ കൊടുക്കേണ്ടത് കൊടുക്കണം! ആർക്ക് ? കേരളത്തിൽ ആയിരത്തോളം ബാറുകൾ ഉണ്ടെന്നാണ് അറിവ് , ഈ ബാറുകൾ എല്ലാം രണ്ടര ലക്ഷം രൂപ വീതം നൽകിയാൽ 250 കോടിയാകും. ഈ പണം എവിടേക്കാണ് ഒഴുകിയെത്തുന്നത് ? ഖജനാവിലേക്ക് അല്ലെന്നത് വ്യക്തം! പണമുണ്ടെങ്കിൽ സർക്കാർ നയത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് ഒരു ബാർ ഉടമ പറയുന്നത് ഗൗരവമുള്ള കാര്യമാണ്, ഇത് സംബന്ധിച്ച അടിയന്തര അന്വേഷണം വേണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമയ്ക്കുന്ന കള്ളക്കഥയാണോ ഇതെന്ന് അറിയണം, സർക്കാരിന്റെ മദ്യ നയത്തിൽ വരുത്തുന്ന ഏതൊരു മാറ്റവും പൊതു താൽപര്യം കണക്കിലെടുത്താണ് . അങ്ങനെ തന്നെയാവണം താനും. അതല്ലാതെ ബാർ ഉടമകളുടെ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാൻ ആണെന്ന് വരുത്തി തീർക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. അതുകൊണ്ട് അനിമോന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഗവൺമെന്റ് തയ്യാറാവണം.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured