നേതാക്കളുടെ അഭിപ്രായം പാർട്ടി നയത്തിൽ ഒതുങ്ങി നിൽക്കണം: സുധാകരൻ

തിരുവനന്തപുരം: പാർട്ടിക്കുള്ളിലുള്ള നേതാക്കൾ വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ അത് പാർട്ടി നയത്തിൽ ഒതുങ്ങി നിൽക്കുന്നതാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കെ റെയിൽ സംബന്ധിച്ച് ശശി തരൂർ എംപിയുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനുള്ളിൽ വ്യത്യസ്ത കാഴ്ചപ്പാടുള്ള ആളുകളുണ്ട്. ജനാധിപത്യ പാർട്ടിയെന്ന നിലയിൽ കോൺഗ്രസിൽ അത് സ്വാഭാവികമാണ്. ഓരോരുത്തർക്കും സ്വന്തം അഭിപ്രായം പറയാൻ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. പക്ഷെ, പാർട്ടിക്ക് അകത്തുള്ളവർ ആത്യന്തികമായി പാർട്ടിയുടെ തീരുമാനത്തിന് വിധേയരാകേണ്ടിവരും-സുധാകരൻ പറഞ്ഞു.
കെ റെയിൽ വിഷയത്തിലുള്ള അഭിപ്രായത്തെക്കുറിച്ച് വിശദീകരിക്കാൻ ശശി തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരിൽ കണ്ട് സംസാരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വരുമെന്നാണ് പ്രതീക്ഷ. കോൺഗ്രസിന്റെ വൃത്തത്തിൽ ഒതുങ്ങാത്തത്ര ലോകം കണ്ട മനുഷ്യനാണ് ശശി തരൂർ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ പറയുന്നതിൽ തെറ്റില്ല. പാർട്ടി നയത്തിനുള്ളിൽ ഒതുങ്ങി നിൽക്കാൻ കഴിയണമെന്നാണ് അദ്ദേഹത്തോടുള്ള പാർട്ടിയുടെ അഭ്യർത്ഥന. അദ്ദേഹത്തിന്റെ അഭിപ്രായത്തെ കണ്ടില്ലെന്നോ കേട്ടില്ലെന്നോ നടിച്ചില്ല. പാർട്ടി ഗൗരവമായി എടുത്ത ഒരു കാര്യത്തിൽ അദ്ദേഹം അങ്ങനെയൊരു നിലപാട് എടുത്തത് എന്തുകൊണ്ടെന്ന് ആദ്യം ചോദിച്ചറിയട്ടെ. അദ്ദേഹത്തിന്റെ പ്രതികരണം എന്താണെന്ന് അറിയാതെ വേറൊന്നും പറയാനില്ല.
വേറൊരു കാര്യത്തിലുമില്ലാത്തത്ര ആഴത്തിലും വിശദമായും പഠിച്ച ശേഷമാണ് കോൺഗ്രസും യുഡിഎഫും കെ റെയിലുമായി ബന്ധപ്പെട്ട നിലപാട് എടുത്തത്. ആ തീരുമാനത്തിൽ പിഴവോ തെറ്റോ ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോഴും പാർട്ടിയും മുന്നണിയും വിശ്വസിക്കുന്നത്. അതിനെ മറികടക്കാനുള്ള ആർഗ്യുമെന്റോ ലോജികോ ശശി തരൂരിന് ഉണ്ടോ എന്നറിയട്ടെ. അദ്ദേഹം പറയുന്നതാണ് ശരിയെങ്കിൽ അത് അംഗീകരിക്കുന്നതിനോ ചർച്ച ചെയ്യുന്നതിനോ തെറ്റില്ലല്ലോയെന്നും സുധാകരൻ ചോദിച്ചു.
പാർട്ടി പറയുന്നത് അദ്ദേഹം ഉൾക്കൊണ്ടോ ഇല്ലയോ എന്ന് മനസിലായത് അദ്ദേഹത്തിന്റെ പ്രസ്താവന കണ്ടപ്പോഴാണ്. എന്തുകൊണ്ട് അദ്ദേഹം അത് ഉൾക്കൊണ്ടില്ല എന്നത് ചോദിക്കണ്ടേ?. ശശി തരൂർ അങ്ങനെ പറഞ്ഞത് കൊണ്ട് റെയിൽവേ ട്രാക്കിന്റെ പണിയൊന്നും തുടങ്ങിയിട്ടില്ല. അദ്ദേഹത്തോട് കാര്യങ്ങൾ പറയാൻ വൈകിയിട്ടുമില്ല. മാധ്യമങ്ങൾ അനാവശ്യമായി ശശി തരൂരിനെ കുഴപ്പത്തിലാക്കണ്ട. കോൺഗ്രസിന്റെ എംപിമാരിൽ ഒരാളാണ് അദ്ദേഹം. ലോക പരിചയവും അറിവും വിവിധ രംഗങ്ങളിലെ മികവുമെല്ലാം പരിഗണിക്കുമ്പോൾ ശശി തരൂർ എന്ന വ്യക്തിക്ക് പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങളെല്ലാവരും ബഹുമാനിക്കുന്ന എംപിയും നേതാവുമാണ് അദ്ദേഹം. സർക്കാരിന്റെ പ്രവർത്തനത്തിൽ അഭിപ്രായം പറയുന്നതിൽ തെറ്റില്ല. അതുപോലെയല്ല ഈ വിഷയത്തിൽ ശശി തരൂരെടുത്ത നിലപാട്. ഇത് പാർട്ടിയുടെ നയപരമായ തീരുമാനമാണ്. ഇരിക്കുന്നിടം കുഴിക്കാൻ ആരെയും അനുവദിക്കില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

Related posts

Leave a Comment