കെ റെയിലിന് വേണ്ടി ബലം പ്രയോഗിച്ചു കല്ലിടൽ ജനങ്ങൾക്ക് എതിരെയുള്ള യുദ്ധ പ്രഖ്യാപനം: എസ്.യു.സി.ഐ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്ക്ക് വേണ്ടി ബലം പ്രയോഗിച്ചു സ്വകാര്യ ഭൂമിയിൽ കല്ലിടൽ നടത്തുന്ന സംസ്ഥാന സർക്കാർ ജനങ്ങൾക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്‌) സംസ്ഥാന സെക്രട്ടറി വി വേണുഗോപാൽ. കേരളത്തിലെ പല സ്ഥലത്തും പൊലീസിനെ കയറൂരി വിട്ട് നടത്തുന്ന കല്ലിടൽ വമ്പിച്ച പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കൊല്ലത്തു ചാത്തന്നൂരിൽ വീടുകളിൽ അതിക്രമിച്ച് കയറി കല്ലിട്ട നടപടിയെ ചെറുത്ത ജനകീയ സമിതി നേതാക്കളെയും പാർട്ടി ജില്ലാ സെക്രട്ടറി ഷൈല കെ ജോൺ ഉൾപ്പടെയുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്ത നടപടിയെ പ്രസ്താവനയിൽ അപലപിച്ചു.
ജനങ്ങളുടെ കിടപ്പാടം പിടിച്ചെടുക്കുന്ന അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധവും ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികൾ ഉടനെ നിർത്തിവെക്കാൻ നിർദേശം നൽകണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു. പദ്ധതിക്കെതിരെ സാമൂഹ്യബോധമുള്ള എല്ലാവരിൽ നിന്നും വൻതോതിൽ എതിർപ്പുകൾ ഉയർന്ന വന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണിത്. കേന്ദ്ര ഗവൺമെൻറിന്റെയും റെയിൽവേ ബോർഡിന്റെയും അനുമതി പോലും ലഭിക്കാത്ത പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിരിക്കേ, ഇത്തരത്തിൽ കല്ലിടുന്ന നടപടിയെ ചോദ്യം ചെയ്തുകൊണ്ട് സമരസമിതി നേതാക്കൾ ഹൈക്കോടതിയിൽ കൊടുത്ത കോടതിയലക്ഷ്യ കേസിൽ ചീഫ് സെക്രട്ടറിയോടും മറ്റും ഹൈക്കോടതി വിശദീകരണം ചോദിച്ചു കൊണ്ട് നോട്ടീസ് നൽകിയിരിക്കുകയാണ്. എന്നിട്ടും സർക്കാർ നിയമാവഴ്ച്ചയെ വെല്ലുവിളക്കുന്നു. അറസ്റ്റിനെതിരെ കേരളമെമ്പാടും പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.

Related posts

Leave a Comment