ഫീസടയ്ക്കാൻ കഴിയാത്തതിൽ മനം നൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; പട്ടികജാതി- പട്ടിക വർഗ കമ്മീഷൻ കേസെടുത്തു

പാലക്കാട്: നിശ്ചിത സമയത്ത് പരീക്ഷാ ഫീസടയ്ക്കാൻ കഴിയാത്തതിൽ മനം നൊന്ത് ഉമ്മിനിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പട്ടികജാതി- പട്ടിക വർഗ കമ്മീഷൻ കേസെടുത്തു.കഴിഞ്ഞ ദിവസമാണ് ബീന എന്ന ബികോം വിദ്യാർത്ഥിനി തൂങ്ങിമരിച്ചത്.

പാലക്കാട് എംഇഎസ് വിമൻസ് കോളേജ് എന്ന പാരലൽ കോളേജിലെ ബികോം അവസാന വർഷ വിദ്യാർത്ഥിനി ബീനയെ ഞായറാഴ്ച ഉച്ചയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ മാസം പത്തിനായിരുന്നു പരീക്ഷാ ഫീസടയ്ക്കാനുള്ള അവസാന തീയതി. ശനിയാഴ്ചയാണ് ബീനയുടെ അമ്മ ദേവകി കോളെജിൽ ഫീസടയ്ക്കാനെത്തിയത്. അവസാന ദിവസം കഴിഞ്ഞ് ഏറെയായതിനാൽ യൂണിവേഴ്‌സിറ്റിയെ സമീപിക്കണമെന്ന് കോളേജ് അറിയിച്ചു. പരീക്ഷ എഴുതാൻ കഴിയില്ലെന്ന മന: പ്രയാസത്തിലായിരുന്നു ബീനയെന്ന് സഹോദരൻ പറഞ്ഞു.

ഉച്ചയോടെ കുളിക്കാനായി മുറിയിൽ കയറിയ ബീന ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടർന്നു നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സർവ്വകലാശാല നിശ്ചയിക്കുന്ന ദിവസം ഫീസടയ്‌ക്കേണ്ടത് വിദ്യാർത്ഥികളാണെന്നും പാരലൽ കോളേജിന് പങ്കില്ലെന്നും കോളേജ് പ്രിൻസിപ്പൽ പി. അനിൽ വിശദീകരിച്ചു.

Related posts

Leave a Comment