സഹായം ചോദിച്ചെത്തുന്നവരെകൊണ്ട് പൊറുതിമുട്ടി..! ഫേസ്ബുക്ക് ലൈവുമായി ഓണം ബമ്പറില്‍ 25കോടി ലോട്ടറിയടിച്ച അനൂപ്

തിരുവനന്തപുരം: സഹായം ചോദിച്ചെത്തുന്നവരെ പേടിച്ച് ഇപ്പോൾ ഒളിവിൽ കഴിയേണ്ട അവസ്ഥയിലായെന്ന് ഓണം ബമ്പറില്‍ ഒന്നാം സമ്മാനം നേടിയ അനൂപ്. സമ്മാനം കിട്ടിയപ്പോള്‍ സന്തോഷം തോന്നിയെങ്കിലും ഇപ്പോള്‍ വലിയ മാനസിക ബുദ്ധിമുട്ടിലാണ്. അസുഖബാധിതനായ മകനെ കാണാന്‍ പോലും കഴിയുന്നില്ലെന്നും അനൂപ് ഫെയ്‌സ് ബുക്ക് ലൈവില്‍ പറയുന്നു.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരെ ആളുകള്‍ വീട്ടിലെത്തുന്നുണ്ടെന്നും എന്നാല്‍ പണം ഇതുവരെ അക്കൗണ്ടിലെത്തിയിട്ടില്ലെന്നും അനൂപ് വ്യക്തമാക്കി. താന്‍ ഫേസ്ബുക്ക് ലൈവിടുന്ന സമയത്ത് പോലും ആളുകള്‍ ഗേറ്റില്‍ തട്ടിക്കൊണ്ടിരിക്കുകയാണ്. പല വീടുകളിലും ഇപ്പോള്‍ താന്‍ മാറി മാറി നില്‍ക്കുകയാണ്. എത്രയൊക്കെ മാറി നിന്നാലും ആളുകള്‍ താനുള്ള സ്ഥലം തിരഞ്ഞുപിടിച്ച് അങ്ങോട്ടെത്തുകയാണെന്ന് അനൂപ് പറയുന്നു.

സ്നേഹമുണ്ടായിരുന്ന അയല്‍ക്കാര്‍ പോലും ഇപ്പോള്‍ ഈ ആള്‍ക്കൂട്ടം കൊണ്ട് പൊറുതിമുട്ടി. അവര്‍ പോലും ശത്രുക്കളാകുകയാണ്. റോഡിലിറങ്ങി നടക്കാനോ സ്വന്തം വീട്ടില്‍ മനസമാധാനത്തോടെ ഇരിക്കാനും പറ്റുന്നില്ല. തന്റെ അവസ്ഥ ഇങ്ങനെയായിത്തീരുമെന്ന് കരുതിയിരുന്നില്ലെന്നും അനൂപ് പറഞ്ഞു.

ഓണം ബംബറടിച്ചപ്പോള്‍ വല്ലാതെ സന്തോഷിച്ചു. അതിന് ശേഷം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നപ്പോഴും എല്ലാ സാധാരണക്കാരേയും പോലെ സന്തോഷിച്ചു. ഇപ്പോള്‍ ആ അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. സഹായം ചോദിച്ചെത്തുന്നവര്‍ എന്റെ അവസ്ഥ കൂടി മനസിലാക്കണം. ശ്വാസം മുട്ടലുമൂലം രണ്ട് മാസമായി ജോലിക്ക് പോയിട്ട്. കുഞ്ഞിന് തീരെ വയ്യ. കൈയില്‍ പൈസ കിട്ടിയിട്ടില്ല. പൈസ കിട്ടിയാല്‍ തന്നെ കുറച്ചുകാലം ബാങ്കില്‍ ഇടാനാണ് തീരുമാനം. ഇതിന്റെ പേരില്‍ ആരെങ്കിലും അകന്നാലും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അനൂപ് വ്യക്തമാക്കി.

Related posts

Leave a Comment