കർശന നിയന്ത്രണം ഐപിആർ എട്ടിന് മുകളിലുള്ള പ്രദേശങ്ങളിൽ മാത്രം

ഡബ്ലിയു ഐ പി ആർ  നിരക്ക് എട്ടിന് മുകളിലുള്ള നഗര, ഗ്രാമ വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. നിലവിൽ ഏഴ് ശതമാനത്തിനു മുകളിൽ ഡബ്ലിയു ഐ പി ആർ ഉള്ള പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് എട്ട് ശതമാനത്തിനു മുകളിൽ ആക്കിയത്.
80 ശതമാനം ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കിയ ജില്ലകളിൽ ആശുപത്രികളിലെ അടിയന്തര ചികിത്സാ ആവശ്യങ്ങൾക്ക് മാത്രമായി ആൻറിജൻ ടെസ്റ്റ് ചുരുക്കാനും, ആർടിപിസിആർ  ടെസ്റ്റ് വർദ്ധിപ്പിക്കാനും നേരത്തെ  തീരുമാനമെടുത്തിരുന്നു. സംസ്ഥാന വ്യാപകമായി ആദ്യ ഡോസ് വാക്‌സിനേഷൻ 80 ശതമാനം പൂർത്തിയാകുന്ന സ്ഥിതിക്ക് ഈ തീരുമാനം  സംസ്ഥാനം മുഴുവൻ നടപ്പിലാക്കും. ചികിത്സാ കാര്യത്തിന് ആവശ്യം വരുന്ന ഘട്ടങ്ങളിൽ ആൻറിജൻ ടെസ്റ്റ് നടത്തും. കോവിഡ് പോസിറ്റീവായി ക്വാറന്റീനിൽ കഴിയുന്നവർ വീടുകളിൽതന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളും ഈ രംഗത്ത് ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പൊലീസ്  മോട്ടോർ സൈക്കിൾ പട്രോൾ സംഘത്തിന്റെ സഹായത്തോടെയാണ് ഇതിനുവേണ്ട പരിശോധനകൾ നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,419 വീടുകളിൽ ഇത്തരം പരിശോധനകൾ നടത്തി. രോഗികളുള്ള വീടുകളിൽനിന്നുള്ളവർ ക്വാറന്റീൻ ലംഘിക്കുന്നത് കർശനമായി തടയും.
അതിഥി തൊഴിലാളികൾക്ക് വാക്‌സിൻ നൽകാൻ ആവശ്യമായ നടപടികൾ ജില്ലാ കളക്ടർമാർ സ്വീകരിക്കും. സ്വകാര്യ ആശുപത്രികളിൽ നിന്നു പണം ഈടാക്കിക്കൊണ്ട് 20 ലക്ഷം ഡോസ് വാക്‌സിൻ് സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വാങ്ങി വിതരണം ചെയ്യാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു. 10 ലക്ഷം ഡോസ് വാക്‌സിൻ ഇതിനകം  സംഭരിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

Related posts

Leave a Comment