താങ്ങുവിലയ്ക്കു നിയമം വേണം, കർഷക സമരം ഒരാണ്ട് പിന്നിടുന്നു

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനൊപ്പം താങ്ങുവിലക്കായി നിയമം കൂടി കൊണ്ടുവന്നാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നു കർഷക സംഘടനകൾ. ഇതിനു വാ​ഗ്ദാനം പോരാ, നിയമ നിർമാണം തന്നെ നടത്തണം. പിന്നെ മാത്രമേ സമരത്തിൽ നിന്നു പിന്മാറൂ എന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികായത്ത്.
2006ലെ എം എസ് സ്വാമിനാഥൻ കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും കർഷകർ ആവശ്യപ്പെടുന്നു. കൃഷിച്ചെലവിൻറെ ഒന്നര ഇരട്ടി വരുമാനം കർഷകന് ഉറപ്പാക്കണം. മറ്റെല്ലാ ഉത്പന്നങ്ങൾക്കും ലാഭത്തിന്റെ അടിസ്ഥാനത്തിൽ വില നിശ്ചയിക്കുമ്പോൾ കാർഷികോത്പന്നങ്ങൾക്കു മാത്രം വിലയിടിക്കുന്നത് അനുവദിക്കില്ലെന്നും തികായത്ത്.
കൃഷിക്കായി ആകെ വരുന്ന ചെലവ് 100 രൂപയാണെങ്കിൽ 150 രൂപയുടെ വരുമാനം കാർഷികോല്പന്നങ്ങളിലൂടെ കർഷകന് ഉണ്ടാകണം എന്നതായിരുന്നു എം.എസ് സ്വാമിനാഥൻ കമ്മീഷൻ 2006ൽ കേന്ദ്ര സർക്കാരിന് നൽകിയ നിർദേശം. ഇതുപ്രകാരം താങ്ങുവില നിശ്ചയിച്ചാൽ ഒരു ക്വിൻറൽ നെല്ലിന് ഇന്ന് കിട്ടുന്ന വിലയേക്കാൾ 650 രൂപ അധികം ലഭിക്കും. ഒരു ക്വിൻറൽ പരിപ്പിന് ഇപ്പോൾ കിട്ടുന്ന 6500 രൂപ 7936 രൂപയായി ഉയരും. ഈ രീതിയിൽ ചെലവിൻറെ 50 ശതമാനമെങ്കിലും വരുമാനം ഉറപ്പാക്കുന്ന തരത്തിൽ താങ്ങുവില നിയമം കൊണ്ടുവരണമെന്നും ബികെയു.
വൻകിട കോർപ്പറേറ്റുകളാണ് ഇപ്പോൾ ഭക്ഷ്യധാന്യങ്ങളടക്കം സംഭരിക്കുന്നത്. അവർ കേന്ദ്രം നിശ്ചയിക്കുന്ന താങ്ങുവിലയിൽ കുറച്ച് ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നത് കുറ്റകരമാക്കണമെന്നും ബികെയു ആവശ്യപ്പെടുന്നു. കർഷക മണ്ഡികളെയും ഈ വഴിക്ക് നയിക്കണം. അതിനിടെ രാജ്യത്തെ പിടിച്ചുലച്ച കർഷക സമരത്തിന് ഇന്ന് ഒരു വയസ് പൂർത്തിയാകുന്നു.
കഴിഞ്ഞ വർഷം നവംബർ 26ന് രാജ്യ തലസ്ഥാനത്തേക്ക് പുറപ്പെട്ട ദില്ലി ചലോ മാർച്ച് 27നാണ് അതിർത്തിലെ സിംഗുവിൽ എത്തിയത്. സമരക്കാരെ അതിർത്തിയിൽ പൊലീസ് ത‍ടഞ്ഞു. ഇതോടെ സിംഗു കർഷകരുടെ സമരകേന്ദ്രമായി. അതിന് പിന്നാലെ ഡൽഹിയുടെ മറ്റിടങ്ങളിലേക്കും സമരം നീണ്ടു. യുപിയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപിക്കു കനത്ത പരാജയം സംഭവിക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 19ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിനു പാർലമെന്റിന്റെ അനുമതി തേടാൻ മന്ത്രിസഭയിൽ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, താങ്ങുവില നിയമം മൂലം ഉറപ്പാക്കാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അതു ചെയ്യാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന കർഷക നിലപാട് സർക്കാരിനു വലിയ തലവേദനയായിട്ടുണ്ട്.

Related posts

Leave a Comment