ഇന്നും കാത്തിരിക്കുന്നു ; ഒരു സുനാമി മ്യൂസിയം

കൊച്ചി : വൈപ്പിൻ ദ്വീപിൽ പല ഘട്ടങ്ങളിലായി പ്രഖ്യാപിക്കപ്പെട്ട വിവിധ മ്യൂസിയം പദ്ധതികൾ ഇന്നും അനിശ്ചിതത്വത്തിൽ. ഇതിനായി ലക്ഷങ്ങൾ ചെലവിട്ട് ഒരുക്കിയ കെട്ടിടങ്ങൾ വെറുതേ കിടക്കുന്നതിനു പുറമേ പദ്ധതികൾ‌ അനിശ്ചിതമായി നീണ്ടുപോകുന്ന അവസ്ഥയിലുമാണ്. സുനാമി ദുരന്തവുമായി ബന്ധപ്പെട്ടു മ്യൂസിയം സ്ഥാപിക്കുന്നതിനു 25 ലക്ഷത്തോളം രൂപ ചെലവിട്ടു നിർമിച്ച കെട്ടിടം എടവനക്കാട് വർഷങ്ങളായി വെറുതേ കിടക്കുകയാണ്.

എടവനക്കാട് സർക്കാർ യുപി സ്കൂൾ വളപ്പിലാണു മികച്ച രീതിയിൽ നിർമിച്ച വിസ്തൃതിയേറിയ കെട്ടിടം വെറുതേ നശിക്കുന്നത്. സുനാമിയെക്കുറിച്ചുള്ള വിവരങ്ങൾ, ദുരന്തത്തിന്റെ ശേഷിപ്പുകൾ, ചിത്രങ്ങൾ എന്നിവയെല്ലാം ചേർത്ത് വിദ്യാർഥികൾക്കും മറ്റും ഉപയോഗപ്രദമാകുന്ന തരത്തിൽ മ്യൂസിയം ഒരുക്കാനായിരുന്നു പരിപാടി.

ഹൈസ്കൂളുകളോടു ചേർന്നാണ് ഇത്തരം മ്യൂസിയം സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ, എടവനക്കാട് പഞ്ചായത്തിൽ സർക്കാർ ഹൈസ്കൂൾ ഇല്ലാത്തതിനാൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതി ഇടപെട്ടാണ് സർക്കാർ യുപി സ്കൂളിനോടനുബന്ധിച്ചു മ്യൂസിയം സ്ഥാപിക്കാൻ അനുമതി നേടിയെടുത്തത്. എംപി ഫണ്ടിൽ നിന്നുള്ള 25 ലക്ഷം രൂപ ഉപയോഗിച്ച് 1400 ചതുരശ്ര അടിയോളം വിസ്തീർണമുള്ള കെട്ടിടം നിർമിച്ചെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല.

ചെറായി ബീച്ചടക്കം വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉള്ള സ്ഥലമാണ് വൈപ്പിനെന്നതിനാൽ ദ്വീപിൽ സുനാമി മ്യൂസിയം ഒരുക്കിയാൽ ടൂറിസം രംഗത്തും ഒരു മുന്നേറ്റം ഉണ്ടാവുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സുനാമിയുമായി ബന്ധപ്പെട്ടുള്ള മ്യൂസിയങ്ങൾ കേരളത്തിൽ വേറെ അധികമില്ല. എന്നാൽ ഈ സാധ്യതകൾക്കു നേരെ കണ്ണടയ്ക്കുകയാണ് സംസ്ഥാന സർക്കാർ ഇപ്പോഴും.

ഇതിനോടൊപ്പം സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നു പോലീസ് മ്യൂസിയത്തിന്റെ കാര്യവും വ്യത്യസ്തമല്ല.
കേന്ദ്ര സർക്കാറിന്റെ പദ്ധതിക്ക് അന്നത്തെ വിഎസ് അച്യുതാനന്ദൻ സർക്കാർ ഫണ്ട് അനുവദിച്ചെങ്കിലും കാര്യങ്ങൾ മുന്നോട്ടു പോയില്ല.
പൊലീസ് മ്യൂസിയം വൈപ്പിനിൽ സ്ഥാപിക്കപ്പെട്ടാൽ പൈതൃക ടൂറിസത്തിനു മുതൽക്കൂട്ടാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.എന്നാൽ ഇതിനായി മുസിരിസ് പൈതൃക പദ്ധതി അധികൃതർ അന്ന് നൽകിയ അപേക്ഷ പൊലീസ് സർക്കാരിലേക്ക് അയച്ചതോടെ പദ്ധതി ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫിസിൽ അനുവാദം കാത്തു കിടക്കുകയാണ്.

Related posts

Leave a Comment