60 ലക്ഷം വാക്സിന്‍ ആവശ്യപ്പെട്ടു

  • എയിംസിന് അനുമതി തേടി, കിട്ടുമെന്നു പ്രതീക്ഷ
  • കൊച്ചി മെട്രൊ രണ്ടാംഘട്ടത്തിന് അനുമതി തേടി
  • അങ്കമാലി- ശബരി പാതയ്ക്ക് അംഗീകാരം തേടി
  • തിരുവനന്തപു‌രം – കാസര്‍ഗോ‍‍‍ഡ് സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പ്രതീക്ഷ

ന്യൂഡല്‍ഹിഃ കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാനത്തിന് അറുപതു ലക്ഷം വാക്സിന്‍ കൂടി ഉടന്‍ നല്‍കണമെന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളിലും മരണ നി‌രക്ക് കുറച്ചു നിര്‍ത്തിയതും നേട്ടമായി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സംസ്ഥാനത്തിന്‍റെ മികച്ച ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാനത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എയിംസ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവ‌ശ്യപ്പെട്ടു. ഇതിനോട് അനുകൂലമായ പ്രതികരണമാണു പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടായതെന്നും പിണറായി വിജയന്‍.

കേരളത്തിന്‍റെ സുസ്ഥിര വികസനത്തിന് ആവവശ്യമായ നടപടികള്‍ക്കു പ്രധാനമന്ത്രി തത്വത്തില്‍ അംഗീകാരം നല്‍കിയെന്നും മുഖ്യമന്ത്രി. നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ സെമി സ്പീഡ് റെയില്‍വേ പദ്ധതിയോട്മോദി താത്പര്യം പ്രകടിപ്പിച്ചു. സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സാഹചര്യം വിശദമാക്കിയെന്നും മുഖ്യമന്ത്രി. നിര്‍ദിഷ്ട അങ്കമാലി – ശബരിമല റെയില്‍ വേ പദ്ധതിക്കും അനുമതി തേടി. മൊത്തം 2,815 കോടി രൂപയാണ് ചെലവ്. ഇതിന്‍റെ പകുതി സംസ്ഥാനം വഹിക്കും. അനുമതി ലഭിച്ചാല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനുള്ള സാങ്കേതിക അനുമതിയും തേടി.

സമുദ്ര തീര യാത്രയുടെ സാധ്യതകളെക്കുറിച്ചു പ്രധാനമന്ത്രി ആരാഞ്ഞു. ഇന്‍‌ലാന്‍ഡ് വാട്ടര്‍ സര്‍വീസ് കാര്യക്ഷമമാക്കാനും സംസ്ഥാനം ആഗ്രഹിക്കുന്നു. ചീഫ് സെക്രട്ടറി വി.പി. ജോയി, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം പ്രധാനമന്ത്രിയെ കണ്ടു.

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളെക്കുറിച്ച് കേന്ദ്ര നഗര വികസന മന്ത്രിയുമായി ചര്‍ച്ച ചെയ്തു. തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്ക് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.

കലൂര്‍ ഇന്‍റര്‍ നാഷണല്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള 11.2 കിലോമീറ്റര്‍ കൊച്ചി മെട്രോ രണ്ടാം ഘട്ടം പദ്ധതിയുടെ അനുമതിയും തേടി. ഇതിന് ഉടന്‍ അനുമതി ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 11 സ്റ്റേഷനുകളാണുള്ളത്. സംസ്ഥാന സര്‍ക്കാര്‍ 263 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി.

Related posts

Leave a Comment