മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിലെ സെന്റ് ജോസഫ് സ്കൂൾ ആക്രമിച്ചു

ഭോപ്പാൽ: മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശിലെ സെന്റ് ജോസഫ് സ്കൂളിന് നെരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ സാഗർ ഗഞ്ച് ബസോഡയിലെ സെന്റ് ജോസഫ് സിബിഎസ്ഇ സീനിയർ സെക്കൻഡറി സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. മതപരിവർത്തന ആരോപണം സ്കൂൾ മാനേജർ ബ്രദർ ആന്റണി നിഷേധിച്ചു. സ്കൂളിന്റെ പേരിൽ പ്രചരിച്ച കത്ത് വ്യാജമാണെന്നും മതപരിവർത്തനം നടത്തിയതായി പറയപ്പെടുന്ന ആരും സ്കൂളിലെ വിദ്യാർഥികളല്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളെ മതംമാറ്റുന്നുവെന്നാരോപിച്ച് പ്രതിഷേധവുമായെത്തിയ ബജ്റങ്ദൾ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് സ്കൂളിന്റെ ഗേറ്റ് തകർത്ത് അകത്തു കടന്ന് ആക്രമണം നടത്തിയത്. കല്ലേറിൽ സ്കൂൾ ജനാലച്ചില്ലുകളും വാഹനങ്ങളും തകർന്നു. 12–ാം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷ നടക്കുന്ന സമയത്തായിരുന്നു ആക്രമണം.
സിറോ മലബാർ സഭയുടെ സാഗർ രൂപതയുടെ കീഴിൽ മലബാർ മിഷനറി ബ്രദേഴ്സാണു സെന്റ് ജോസഫ് സ്കൂൾ നടത്തുന്നത്. ഇവിടെ നിന്നു 2 കിലോമീറ്റർ അകലെയുള്ള ഗഞ്ച് ബസോഡ സെന്റ് ജോസഫ് പള്ളിയിൽ ഒക്ടോബർ 31നു കുട്ടികളുടെ ആദ്യകുർബാന സ്വീകരണം നടന്നിരുന്നു. ഇതിന്റെ ചിത്രം രൂപതയുടെ മാസികയിലും പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രം ഉപയോഗിച്ച്, വിദ്യാർഥികളെ മതംമാറ്റുന്നുവെന്ന തരത്തിൽ ഒരു പ്രാദേശിക യുട്യൂബ് ചാനലിൽ വാർത്ത നൽകുകായിയിരുന്നെന്ന് സാഗർ രൂപതാധികൃതർ വ്യക്തമാക്കി. എട്ട് വിദ്യാർഥികളെ സ്കൂൾ അധികൃതർ മതംമാറ്റിയെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പരന്നത്. തുടർന്ന് ബജ്റങ്ദൾ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഉച്ചയ്ക്കു സ്കൂളിൽ അതിക്രമിച്ചു കയറിയ നൂറോളം പേരെ പൊലീസെത്തിയാണു നീക്കം ചെയ്തത്. സ്കൂളിലുണ്ടായിരുന്ന വിദ്യാർഥികളും സ്‌കൂൾ ജീവനക്കാരും തലനാരിഴക്കാണ് അക്രമകാരികളിൽനിന്ന് രക്ഷപ്പെട്ടത്. സ്കൂളിനു സമീപമുള്ള എസ്എച്ച് സന്യാസസമൂഹത്തിന്റെ ഭാരത് മാതാ സ്കൂളിനു മുന്നിലും പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. സ്കൂൾ കോമ്പൗണ്ടിൽ വൻ ജനക്കൂട്ടം മുദ്രാവാക്യം വിളിക്കുന്നതിന്റെയും കല്ലെറിയുന്നതിന്‍റെയും ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്തെ മറ്റ് മിഷനറി സ്‌കൂളുകളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വൈകിട്ട് സ്കൂൾ സന്ദർശിച്ച കലക്ടറും എസ്പിയും കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതായി സ്കൂൾ അധികൃതർ പറഞ്ഞു.

Related posts

Leave a Comment