പലര്‍ക്കും പരസ്യമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ ഭയമാണ് ; പിഷാരടിയെപ്പോലൊരാൾ കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കുന്നത് ധൈര്യമാണെന്ന് എസ് എസ് ലാൽ

രമേശ് പിഷാരടിയെക്കുറിച്ചു കോണ്‍ഗ്രസ് നേതാവ് ഡോ: എസ്.എസ്. ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.പലര്‍ക്കും പരസ്യമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ ഭയമാണെന്നും പിഷാരടിയെപ്പോലൊരാള്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കുന്നത് ധൈര്യമാണെന്നും എസ് എസ് ലാല്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഇടതഭിനയമില്ലാതെ ..
ഈ ചിത്രം വല്ലാതെ ഇഷ്ടപ്പെട്ടു. കോണ്‍ഗ്രസുകാരനായതുകൊണ്ടോ പ്രശസ്തനായ പിഷാരടി കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതുകൊണ്ടോ മാത്രമല്ല. പിഷാരടിയെപ്പോലൊരാള്‍ ഇങ്ങനെ ധൈര്യം കാണിച്ചതുകൊണ്ട് മാത്രം.

സത്യമാണ്, ഇങ്ങനെ ചെയ്യാന്‍ നല്ല ധൈര്യം വേണം. ഇടത് ചേര്‍ന്ന് നില്‍ക്കുന്നതാണ് അംഗീകാരത്തിനും അവാര്‍ഡിനും ആരോഗ്യത്തിനും നല്ലതെന്ന വാശ്വാസം കലാ – സാംസ്കാരിക പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമാണ്. പരസ്യമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ ഭയമാണ്. തെറ്റ് ചെയ്യുമ്ബോള്‍ പോലും സി.പി.എം – നെതിരെ വായ തുറക്കാന്‍ ഭയമാണ് മനുഷ്യര്‍ക്ക്.

വിദ്യാര്‍ത്ഥി കാലത്ത് കെ.എസ്.യു ഒക്കെ ആയിരുന്ന, ഇപ്പോഴും ഉള്ളില്‍ കോണ്‍ഗ്രസായിരിക്കുന്ന, ഒരുപാട് പേര്‍ സി.പി.എം സംഘടനകളെ ഭയന്ന് നിശബ്ദരാണ്. കൂടുതല്‍ ഭയമുള്ള ചിലര്‍ നിഷ്പക്ഷരാണ്. അതിലും ഭയമുള്ള ചിലര്‍ ഇടതഭിനയം നടത്തി സ്വന്തം തടി കേടാക്കാതെ നില്‍ക്കുകയാണ്.

കോളേജുകളില്‍ പഠിക്കുന്ന കാലത്തേ കാണുന്നതാണിത്. കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്ന് വരുന്ന ചിലര്‍, കെ.എസ്.യുവില്‍ തുടങ്ങിയവര്‍, സ്വന്തം നാട്ടില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നവര്‍ – അങ്ങനെ പലരും കോളേജില്‍ എസ്.എഫ്.ഐ ആണ്. സ്വന്തം തീരുമാന പ്രകാരം വ്യത്യസ്ത രാഷ്ട്രീയം തെരഞ്ഞെടുത്തവരുണ്ടാകാം. അവരോട് എതിര്‍പ്പില്ല. എന്നാല്‍ അവരുടെ കാര്യമല്ല ഇവിടെ പറഞ്ഞത്. തല്ല് പേടിച്ച്‌ തല്‍ക്കാലം ഇടതായി നില്‍ക്കുന്നവരുടെ കാര്യം മാത്രം.

പഠിക്കുന്ന കാലത്ത് യൂണിവേഴ്സിറ്റി കോളേജില്‍ വ്യാപകമായും മെഡിക്കല്‍ കോളജില്‍ പോലും അപൂര്‍വ്വമായും ഇത് കണ്ടിട്ടുണ്ട്. തല്ലു കിട്ടുമെന്ന പേടി മാത്രമായിരുന്നു കമ്മ്യൂണിസ്റ്റായി അഭിനയിക്കാന്‍ കാരണം. വിദ്യാഭ്യാസം കഴിയുമ്ബോള്‍ പലരും വീണ്ടും കോണ്‍ഗ്രസാകും. യൂണിവേഴ്സിറ്റി കോളേജില്‍ ഞാന്‍ ചെയര്‍മാനായിരുന്ന യൂണിയനില്‍ എസ്.എഫ്.ഐ പാനലില്‍ ജയിച്ച സുഹൃത്ത് കോളേജ് കഴിഞ്ഞപ്പോള്‍ നാട്ടില്‍ കോണ്‍ഗ്രസ് ഭാരവാഹിയായി. നാട്ടില്‍ അയാളുടെ സമൂഹം കോണ്‍ഗ്രസായിരുന്നു.

സര്‍ക്കാര്‍ ഓഫീസുകളിലും ഇത് കാണാറുണ്ട്. ഭയം മൂലം എന്‍.ജി.ഒ യൂണിയനില്‍ നില്‍ക്കുന്ന കോണ്‍ഗ്രസുകാരെ അറിയാം. സുഹൃത്തുക്കളും ബന്ധുക്കളുമായ ചിലര്‍ അങ്ങനെയുണ്ട്. ഇത് വായിക്കുന്ന ചിലര്‍ ഊറിച്ചിരിക്കുമെന്നും എനിക്കറിയാം. അടുപ്പമുള്ള ചില എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ തന്നെ ഇക്കാര്യം തമാശയായി പറയാറുമുണ്ട്.

അടുത്തിടെ സെക്രട്ടേറിയറ്റില്‍ നിന്നും വിരമിച്ച ഒരു സുഹൃത്ത്. യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്ബോള്‍ ഞങ്ങള്‍ക്കൊപ്പം വലിയ കെ.എസ്.യുക്കാരി. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഫോണില്‍ സംസാരിച്ചതാണ്.
‘ലാലേ, ലാലിനായി ഇലക്ഷന്‍ പ്രചരണത്തിന് വരണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഞാന്‍ സെക്രട്ടേറിയറ്റില്‍ ഇടത് യൂണിയനിലായിരുന്നു. ലാലിനായി പ്രവര്‍ത്തനത്തിന് ഇറങ്ങിയാല്‍ പ്രശ്നമാകും’
‘അതെങ്ങനെ സംഭിവിച്ചു?’ ഞാന്‍ അതിശയത്തോടെ ചോദിച്ചു.
‘ഞാന്‍ ആദ്യമായി ചെന്ന ദിവസം തന്നെ അവര്‍ അംഗത്വം തന്നു. ഇടത് യൂണിയനാണെന്ന് എനിക്കറിയില്ലായിരുന്നു. പിന്നെ മാറിയാല്‍ പ്രശ്നമാകുമെന്ന് കൂടെയുള്ളവര്‍ പറഞ്ഞു. പേടിച്ച്‌ മാറിയില്ല. പക്ഷേ, വോട്ട് അന്നും ഇന്നും കോണ്‍ഗ്രസിനാണ്.’

റിട്ടയര്‍ ചെയ്തിട്ടും ഭയമുള്ള ആ സുഹൃത്ത് പറഞ്ഞു. സി.പി.എം ആയിരുന്നിട്ടും വ്യക്തിബന്ധത്തിന്റെ പേരില്‍ എന്നെ സഹായിച്ച സുഹൃത്തുക്കളെ മറക്കുന്നില്ല. അത് തിരിച്ചും സംഭവിച്ചത് എനിക്കറിയാം. എല്ലാ പാര്‍ട്ടിയിലും അത് സംഭവിക്കും. അതിനെപ്പറ്റിയുമല്ല പറയുന്നത്. ഭയന്ന് പരസ്യമായി പാര്‍ട്ടി മാറിയതായി അഭിനയിക്കുന്നതിനെപ്പറ്റിയാണ്.

കോണ്‍ഗ്രസാണോ സി.പി.എം ആണോ രാഷ്ട്രീയത്തില്‍ യഥാര്‍ത്ഥ ശരി എന്ന തര്‍ക്കമാക്കെ എവിടെയും ആകാം. എന്നാല്‍ കോണ്‍ഗ്രസെന്ന് പറയാന്‍ ഭയമുണ്ടാകുന്നത് സി.പി.എം ഭീകരത മൂലമാണ്. ഈ ഭീകരതയാണ് പലയിടത്തും ബി.ജെ.പി-യെ വളര്‍ത്തിയത്.
പല കോളേജുകളിലും എ.ബി.വി.പി ഉണ്ടാകാന്‍ കാരണം ഇടത് ഭീകരതയാണ്. എസ്.എഫ്.ഐ – യെ രാഷ്ടീയമായി എതിര്‍ക്കാന്‍ കെ.എസ്.യു ക്കാരില്ലാഞ്ഞിട്ടല്ല. എന്നാല്‍ അടിക്കാനോ തിരിച്ചടിക്കാനോ ഉള്ള സംവിധാനമോ പരിശീലനമോ കെ.എസ്.യു – വില്‍ ഇല്ല. അങ്ങനെ എസ്.എഫ്.ഐ യോട് എതിര്‍പ്പുള്ള ചിലരെങ്കിലും വഴിതെറ്റി എ.ബി.വി.പി – യി ല്‍ എത്തും. ഇടതിന്റെ ഭാഗമായ എ.ഐ.എസ്.എഫ് – ല്‍ ചേര്‍ന്നാല്‍ പോലും തല്ല് കിട്ടുന്ന കാര്യം എല്ലാ ആഴ്ചയും നമ്മള്‍ പത്രത്തിലും ടെലിവിഷനിലും കാണുന്നുണ്ട്. ഇത്തരത്തില്‍ എസ്.എഫ്.ഐ കാരണം എ.ബി.വി.പി ഉണ്ടായ ചില കോളേജുകളില്‍ ഇന്ന് എസ്.എഫ്.ഐക്കാര്‍ സ്ഥിരം തല്ല് വാങ്ങുന്നുണ്ട്. ഏകപക്ഷീയമായി. ബി.ജെ.പി നന്ദിയോടെ സി.പി.എം – നെ സ്മരിക്കുന്ന പല കാര്യങ്ങളില്‍ ഒന്ന്.

മനുഷ്യര്‍ കോണ്‍ഗ്രസോ സി.പി.എമ്മോ ആയിക്കൊള്ളട്ടെ. അവര്‍ക്ക് സ്വന്തം വിശ്വാസം തുറന്നു പറയാനും ഇഷ്ടമുള്ള പക്ഷം ചേര്‍ന്നു നില്‍ക്കാനും കഴിയണം. അപ്പോഴാണ് യഥാര്‍ത്ഥ ജനാധിപത്യം പ്രയോഗത്തില്‍ വരുന്നത്. അതുവരെയുള്ള ഇടത് ആധിപത്യം ഭയമുള്ളവരുടെ സംഭാവന മാത്രം.

വാലറ്റം: കോണ്‍ഗ്രസ് ഭരണം വരുമ്ബോള്‍ പഴയ കോണ്‍ഗ്രസ് പാരമ്ബര്യവും ബന്ധുബലവും കുടുംബ ചരിത്രവുമൊക്കെ പൊടി തട്ടിയെടുത്ത് കോര്‍പറേഷനുകളിലും അക്കാഡമികളിലും കയറിപ്പറ്റാന്‍ മടിയില്ലാത്ത ‘ഇടവിട്ട്’ ഇടത് സഹയാത്ര നടത്തുന്നവര്‍ ധാരാളമുണ്ട്. കോണ്‍ഗ്രസ് മുഖ്യമന്തിമാരുടെയും മന്ത്രിമാരുടെയും ഓഫീസുകളില്‍ പുതിയ ഖദറുമിട്ട് കയറിയിറങ്ങുന്ന ഇത്തരം പഞ്ചവത്സര ഇടതന്മാരെ ഒരുപാട് കണ്ടിട്ടുണ്ട്. കോണ്‍ഗ്രസായിട്ടും ഒരു കമ്മിറ്റിയും ചോദിച്ചു വാങ്ങിയിട്ടില്ലാത്തതിനാലും തരാന്‍ ശ്രമിച്ചത് സ്നേഹത്തോടെ നിരസിക്കാന്‍ കഴിഞ്ഞതിനാലുമാണ് ഇങ്ങനെ ധൈര്യമായി പറയാന്‍ കഴിയുന്നത്.
ഡോ: എസ്.എസ്. ലാല്‍

Related posts

Leave a Comment