ആർദ്രം പദ്ധതി നടത്തിപ്പിൽ ഒന്നാം സ്ഥാനം ശ്രീ മൂലനഗരം പഞ്ചായത്തിന്; കാലടി പഞ്ചായത്തിന് രണ്ടാംസ്ഥാനം

കാലടി: ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെച്ച് എറണാകുളം ജില്ലയിൽ ആർദ്രം പദ്ധതിയുടെ നടത്തിപ്പിൽ ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനവും കാലടി പഞ്ചായത്തിന് രണ്ടാംസ്ഥാന അവാർഡും കരസ്ഥമാക്കി. ഒന്നാം സ്ഥാനത്തിന് 5 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 3 ലക്ഷം രൂപയുമാണ് അവാർഡ് തുകയായി ലഭിച്ചത് . ചൊവ്വര കുടുംബ ആരോഗ്യ കേന്ദ്രത്തിലെ രോഗി സൗഹൃദ പ്രവർത്തന രീതി, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, മികച്ച ലബോറട്ടറി സംവിധാനം, ജീവിതശൈലി രോഗങ്ങൾക്ക് പ്രത്യേക പരിഗണനയോടെ കൂടിയുള്ള ചികിത്സാരീതി എന്നിവയെല്ലാം കണക്കിലെടുത്താണ് ശ്രീ മൂലനഗരം പഞ്ചായത്തിന് അവാർഡ് നൽകിയത്.

എറണാകുളം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ വച്ച് ഹൈബി ഈഡൻ എം പി, പി ടി തോമസ് എം എം എൽ എ, ജില്ലാ കളക്ടർ ജാഫർ മാലിക്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ,ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ വ്യവസായമന്ത്രി പി രാജീവിൽ നിന്നും ശ്രീ മൂലനഗരം പഞ്ചായത്തിന് വേണ്ടി പ്രസിഡൻറ് കെ സി മാർട്ടിൻ,മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജിത എന്നിവരും, കാലടി പഞ്ചായത്തിന് വേണ്ടി പ്രസിഡൻറ് എം പി ആന്റണിയും മെഡിക്കൽ ഓഫീസർ ഡോ പുഷ്പയും അവാർഡ് ഏറ്റുവാങ്ങി.

കാലടി ഗവ. ആശുപത്രിയിലെ രോഗി സൗഹൃദ പ്രവർത്തന രീതി,  മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, മികച്ച ലബോറട്ടറി സംവിധാനം,  ജീവിതശൈലി രോഗങ്ങൾക്ക് പ്രത്യേക പരിഗണനയോടെ കൂടിയുള്ള ചികിത്സാരീതി എന്നിവയെല്ലാം കണക്കിലെടുത്താണ് കാലടി പഞ്ചായത്തിന് അവാർഡ് നൽകിയത്. സമ്മാനതുക ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സി മാർട്ടിനും എം പി ആന്റണിയും പറഞ്ഞു.

Related posts

Leave a Comment