കേരളം നമിക്കുന്നു, ബാവായ്ക്ക് പ്രണാമം

  • മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

സഹജീവി സ്‌നേഹത്തിലധിഷ്ഠിതമായ ആധ്യാത്മിക ശുശ്രൂഷയായിരുന്നു
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്താമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുഖമുദ്രയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ആധ്യാത്മികരംഗത്ത് നേതൃത്വപരമായ പങ്കുവഹിച്ചതിനൊപ്പം പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും സഹായകരമായ നിരവധി പദ്ധതികള്‍ നടപ്പാക്കി. കാന്‍സര്‍ രോഗികള്‍ക്കുള്ള സ്‌നേഹസ്പര്‍ശം പദ്ധതിയിലൂടെ അനേകര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. നൂറു കോടി രൂപ ചെലവിട്ട് നിര്‍മിച്ച പരുമല കാന്‍സര്‍ സെന്റര്‍ തിരുമേനിയുടെ ഇച്ഛാശക്തിയിലൂടെയാണ് യാഥാര്‍ത്ഥ്യമായത്. അര്‍ബുദബാധിതനായ തിരുമേനി വിദേശ ചികിത്സയ്ക്ക് തയാറാകാതെ പരുമല ആശുപത്രിക്കപ്പുറം ഒരു ചികിത്സ വേണ്ടെന്ന നിലപാടെടുത്തു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരേ നിരവധി കര്‍മപദ്ധതികള്‍ നടപ്പാക്കി. സ്ത്രീകള്‍ക്ക് പള്ളി ഭരണത്തിലും സഭാ ഭരണത്തിലും നിര്‍ണായക പങ്കുനല്കിയെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

  • രമേശ് ചെന്നിത്തല, മുന്‍ കെപിസിസി പ്രസിഡന്‍റ്

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ്റെ ദേഹവിയോഗത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു.

ഓർത്തഡോക്സ് സഭാവിശ്വാസികളെ മുന്നോട്ടു നയിക്കുന്നതിൽ പരമാദ്ധ്യക്ഷനെന്ന നിലയിൽ പ്രശംസാർഹമായ നേതൃത്വമാണ് തിരുമേനി നൽകിയിട്ടുള്ളത്. ആത്മീയജീവിതത്തിൻ്റെ മാതൃകയായി നിലകൊള്ളാൻ അദ്ദേഹത്തിനു സാധിച്ചു. പാവപ്പെട്ടവരുടെയും നിരാശ്രയരുടെയും അത്താണിയായിരുന്നു തിരുമേനി. ആത്മീയനേതാവായിരിക്കുമ്പോഴും മതേതരത്വത്തിനുവേണ്ടി അദ്ദേഹം നിലകൊണ്ടു. തിരുമേനിയുടെ വേർപാട് സഭയ്ക്കു മാത്രമല്ല, പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

  • വി.ഡി. സതീശന്‍, പ്രതിപക്ഷ നേതാവ്

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭാചരിത്രത്തില്‍ പരുമല തിരുമേനിക്കു ശേഷം മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ റമ്പാനായിരുന്ന മാര്‍ പൗലോസ് ദ്വിതിയന്‍, വിശ്വാസികള്‍ക്കൊപ്പം സാധാരണക്കാരനായി ജീവിച്ച വ്യക്തിത്വമായിരുന്നു. സാമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കും രോഗികള്‍ക്കും വേണ്ടി നിരവധി പദ്ധതികളാണ് അദ്ദേഹം സഭാതലത്തില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. നൂറുകോടിയിലേറെ രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പരുമല കാന്‍സര്‍ സെന്റര്‍ ഇതിന് ഉദാഹരണമാണ്. നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ‘സ്‌നേഹസ്പര്‍ശ’വും പദ്ധതിക്കും ഇദ്ദേഹം തുടക്കമിട്ടിരുന്നു.

സ്ത്രീകളെ സഭാഭരണത്തിലേക്ക് എത്തിക്കാനുള്ള ചരിത്രപരമായി തീരുമാനം കൈക്കൊണ്ടതും പൗലോസ് ദ്വിതീയന്‍ ബാവയാണ്. 2011-ല്‍ ഇടവകകളില്‍ പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും വോട്ടവകാശം ഏര്‍പ്പെടുത്തിയാണ് ബാവ മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്. മദ്യം, ലഹരിമരുന്ന് എന്നിവയ്ക്ക് എതിരെയും ശക്തമായ പ്രചാരണം ബാവ നടത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്കിടയില്‍ നിന്നും സഭയുടെ അത്യുന്നത പദവിയില്‍ എത്തി സാധാരണക്കാര്‍ക്കൊപ്പം ജീവിച്ച പൗലോസ് ദ്വിതീയന്‍ ബാവയുടെ നിര്യാണം മലങ്കര സഭയ്ക്കു മാത്രമല്ല കേരളത്തിനൊന്നാകെ തീരാനഷ്ടമാണ്.

Related posts

Leave a Comment