ജീവിതത്തിലെ പച്ചയായ യാഥാർഥ്യങ്ങളെ നർമ്മം ചാലിച്ചു ഇത്ര രസകരമായി അവതരിപ്പിച്ച ഒരു എഴുത്തുകാരൻ കേരളത്തിൽ ജീവിച്ചിരുന്നു എന്ന് പറയുമ്പോൾ തന്നെ നമുക്ക് അഭിമാനിക്കാം. ജീവിതം ജീവിച്ചു തീർക്കാൻ ഉള്ളതാണ് നമുക്കെങ്കിൽ ബഷീറിന് അത് എഴുതിഫലിപ്പിക്കാൻ ഉള്ളതായിരുന്നു.കടുകട്ടി വാക്കുകളും വ്യാകരണാഭ്യാസങ്ങളും ഇല്ലാതെ എല്ലാ വിഭാഗത്തിൽപ്പെട്ട മനുഷ്യരെയും ഒരു പോലെ ആസ്വാദനതലത്തിലേക്ക് കൂട്ടികൊണ്ടുപോകുകയും
വായനക്കാരന്റെ മനസ്സിൽ ചിരി പടർത്തി ജീവിതയാഥാർഥ്യങ്ങളിലേക്കു വെളിച്ചവും വീശുകയും ചെയ്യാനുള്ള ബഷീറിന്റെ കഴിവ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു.
1908 ജനുവരി 21ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പിലെ ഒരു മരവ്യാപാരിയുടെ മകനായി ജനിച്ചു. ബാല്യത്തിൽ തന്നെ ഗാന്ധിയൻ ചിന്താഗതികളിലും ആദർശങ്ങളിലും ആകൃഷ്ടനായി സ്വാതന്ത്ര്യ സമര രംഗത്തു പ്രവർത്തിക്കുകയും പിന്നീട് ജയിൽ വാസം അനുഭവിക്കുകയും ചെയ്തു. പാത്തുമ്മയുടെ ആടും, ബാല്യകാലസഖിയും മതിലുകളും ഭൂമിയുടെ അവകാശികളും ന്റുപ്പാപ്പക്കൊരാനേണ്ടാർന്നു എന്നിവയൊക്കെയും വായനക്കാരനെ ജീവിതാനുഭവങ്ങളുടെ മറ്റൊരു ലോകത്തേയ്ക് എത്തിക്കുന്നു.
ആധുനിക കാലത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് ബഷീർ .സുഹറയും മജീദും നാരായണിയും കേശവൻനായരും എട്ടുകാലി മമ്മൂഞ്ഞുമൊക്കെ ഓരോ വായനക്കാരന്റെയും മനസിന്റെ അടിത്തട്ടിൽ ആഴത്തിൽ പതിഞ്ഞ ഒരുപിടി കഥാപാത്രങ്ങളാണ് .
‘ചൊറിയുന്നിടത്ത് മാന്തുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ സുഖം ‘ എന്ന് പറയാൻ ബഷീറിനെ ആകു.’എന്റെ എഴുത്തുകൾ വായിച്ചു ഏറ്റവും കൂടുതൽ ചിരിച്ചത് ഞാനായിരിക്കും, കരഞ്ഞതും ഞാൻ ആയിരിക്കും .കാരണം അതൊക്കെയും എന്റെ അനുഭവങ്ങൾ ആയിരുന്നു’ എന്ന് ബഷീർ പറയുമ്പോൾ മലയാളികൾക്കു അതൊന്നും ബഷീറിന്റെ മാത്രം അനുഭവങ്ങളായി തോന്നിയിട്ടില്ല അതെല്ലാം സ്വന്തം അനുഭവങ്ങൾത്തന്നെയായിട്ടാണു അവർ ഏറ്റുവാങ്ങിയത് .സ്ത്രീകളുടെ തലക്കകത്ത് നിലാവെളിച്ചമാണ്, വെളിച്ചതിനെന്തു വെളിച്ചം’ എന്ന വാക്കുകളിലൂടെ സ്ത്രീകൾക്ക് അദ്ദേഹം നൽകിയ പ്രാധാന്യവും വ്യക്തം. ‘എനിക്ക് വട്ടു തന്നെയാണ് സമ്മതിച്ചു …അതിൽ അസൂയപ്പെട്ടിട്ടു കാര്യമില്ല,വട്ടു വരാനും കുറച്ചൊക്കെ യോഗ്യത വേണം’ഇങ്ങനെ പറയാൻ ധൈര്യം ഉള്ള ബേപ്പൂർ സുൽത്താൻ നമ്മേ വിട്ടു പിരിഞ്ഞിട് ഇന്നേക്ക് 28 വർഷം ആകുന്നു. എത്ര നാളുകൾ പിന്നിട്ടാലും അദ്ദേഹം നമുക്ക് സമ്മാനിച്ച അതുല്യമായ കഥകളും കഥാപാത്രങ്ങളും സൂര്യശോഭയോടെ നമ്മുടെ മനസ്സിൽ ജ്വലിച്ചു നിൽക്കുക തന്നെ ചെയ്യും .