ഇന്ത്യയില്‍ പെട്രോളിയം കൊള്ള, സൗദിയില്‍ ജനങ്ങളോടു കരുണ

റിയാദ്/ന്യൂഡല്‍ഹിഃ ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കി പെട്രോളിനും ഡീസലിനും ലോകത്തേക്കും കൂടുതല്‍ വില ഈടാക്കുന്ന ഇന്ത്യയിലെ ഭരണാധികാരികള്‍ എണ്ണ ഉത്പാദന രാജ്യങ്ങളിലെ രാജാക്കാന്മാര്‍ അവിടുത്തെ ജനങ്ങളോടു കാണിക്കുന്ന കരുതല്‍ കണ്ടുപഠിക്കണം. ഈ മാസം മുതല്‍ പെട്രോള്‍ വില പുതുക്കി നിശ്ചയിക്കുമെങ്കിലും അധികവില ജനങ്ങളില്‍ നിന്ന് ഈടാക്കരുതെന്ന് സൗദി ഭരണകൂടം ഉത്തരവിട്ടു. പുതിയ ഉത്തരവ് ജൂലൈ പത്ത് മുതല്‍ പ്രാബല്യത്തില്‍ വരുത്തി.

ഇന്ത്യയില്‍ ആശ്വാസമായി ഇന്നു വില വര്‍ധന ഉണ്ടായില്ല. ഇന്നലത്തെ വിലയാണ് എല്ലായിടത്തും ഈടാക്കുന്നത്. അതേ സമയം, ചെറിയൊരു ഇടവേളയ്ക്കു ശേഷം ഡിസല്‍ വിലയില്‍ നേരിയ കുറവ്. പെട്രോളിന് 28 പൈസയാണ് ഇന്നലെ കൂടിയത്. ഡിസലിന് 17 പൈസയുടെ കുറവുണ്ടായി. തിരുവനന്തപുരം 103.17, 96.30, കൊച്ചി 101.41, 94.54 എന്നിങ്ങനെയാണ് ഇന്നത്തെയും പെട്രോള്‍, ഡീസല്‍ വില.

എന്നാല്‍ സൗദിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില (ഉപയോക്താക്കള്‍ നല്‍കേണ്ടത്) 91 മാര്‍ക്ക് പെട്രോളിന് 2.18 റിയാലും 95 മാര്‍ക്കിന് 2.33 റിയാലും. ഇവയുടെ പുതുക്കി നിശ്ചയിച്ചിരിക്കുന്ന വില 2.28, 2.44 വീതവും. ബാക്കി വരുന്ന തുക സര്‍ക്കാര്‍ നല്‍കും.

കോവിഡ് പ്രതിസന്ധി കാലത്ത് സൗദിയിലെ മാതൃക ഇന്ത്യയിലും സ്വീകരിക്കാവുന്നതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ക്രൂ‍ഡ് വിലയിലെ വര്‍ധന, എണ്ണക്കമ്പനികളുടെ ലാഭം, പമ്പുകളിലെ ചെലവ്, വിവിധ തരം സെസ്സുകള്‍, എല്ലാത്തിനും മീതെ ഏറ്റവും ഉയര്‍ന്ന വില്പന നികുതി എന്നിവയെല്ലാം ഇന്ത്യയില്‍ ജനങ്ങളാണ് വഹിക്കുന്നത്. ഇതു സാധാരണക്കാരനു താങ്ങാനാവാത്തതാണെന്നു ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിലാണ്.

Related posts

Leave a Comment