അച്ഛന്‍ നാണം കെട്ടാലും മകന് അധികാരം മതി

കോട്ടയംഃ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് യുഡിഎഫുമായി ഇത്തിരി അകന്നു പോയെങ്കിലും ഇടതു മുന്നണിയിലേക്കു ചേക്കേറാന്‍ കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്ത് കെ.എം. മാണിക്കു കഴിഞ്ഞില്ല. സിപിഎം ആഗ്രഹിക്കാഞ്ഞിട്ടല്ല. മാണിക്കു മടിയുണ്ടായിരുന്നു. സിപിഐയില്‍ എതിര്‍പ്പും. തന്നെ അഴിമതിക്കാരനാക്കി ഉയര്‍ത്തിക്കാട്ടി, കേരള നിയമസഭയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചവരാണ് സിപിഎമ്മിലെ നേതാക്കളെന്നു മാണി നന്നായിത്തന്നെ മനസിലാക്കിയിരുന്നു. അതേ സമയത്തു തന്നെ തലസ്ഥാനം മുഴുവന്‍ വളഞ്ഞ് മാണിയെ നിയമസഭയിലേക്കു കടത്തിവിടാതെ തൂറി നാറ്റിയവരാണ് സിപിഎമ്മിലെ അണികള്‍.

അന്നു കെ.എം‌. മാണിയെന്ന നേതാവിനെ സംരക്ഷിക്കാന്‍ ചോരകൊടുത്തവരാണ് സഭയ്ക്കകത്തും പുറത്തുമുള്ള യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും. മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രമുണ്ടെന്നും അഴിമതിവീരന്‍ മാണി രാജിവയ്ക്കണമെന്നും ആര്‍ത്തു വിളിച്ചവര്‍ക്കു മുന്നിലൂടെ, നെഞ്ചു വിരിച്ചും തലയുയര്‍ത്തിയുമാണ് യുഡിഎഫ് നേതൃത്വം അദ്ദേഹത്തെ സഭയിലെത്തിച്ചതും സംരക്ഷിച്ചതും. പക്ഷേ, അധികാരമെന്ന ഒത്തുതീര്‍പ്പു വന്നപ്പോള്‍ സ്വന്തം പിതാവിന്‍റെ ആത്മാഭിമാനത്തെപ്പോലും തള്ളിപ്പറഞ്ഞ് മറുകണ്ടം ചാടിയ മകന്‍ ജോസ് കെ മാണിയുടെ അധികാരക്കൊതിയാണ് ഇന്നു രാഷ്‌ട്രീയ കേരളം ചര്‍ച്ച ചെയ്തത്.

മാണി അഴിമതിക്കാരനായിരുന്നു എന്നും അഴിമതിക്കാരനായ മന്ത്രിക്കെതിരേ ആയിരുന്നു നിയമസഭയിലെ പ്രക്ഷോഭമെന്നുമാണ് കേരള സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. എന്നാല്‍ അഭിഭാഷകന്‍റെ വാദത്തില്‍ മാണിയുടെ പേരു പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറഞ്ഞെന്നതു മാധ്യമ സൃഷ്ടിയാണെന്നുമാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ജോസ് കെ മാണി വിശദമാക്കിയത്. അതൊരു തിരക്കഥയാണ്. സിപിഎം തയാറാക്കിയ തിരക്കഥ. കാരണം, ജോസ് പറയുന്നതിനു മുന്‍പേ ഇതേ വരികള്‍ വായിച്ചത് സിപിഎം സംസ്ഥാ‌ന സെക്രട്ടറി എ. വിജയരാഘവനായിരുന്നു.

സുപ്രീംകോടതിയിലെ പരാമര്‍ശത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ മന്ത്രി റോഷി അഗസ്റ്റിനും ഇതുതന്നെയായിരുന്നു മറുപടി. സമരം യുഡിഎഫിനെതിരേ ആണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ വിശദീകരണം.

പക്ഷേ, കേരള കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളിതാണ്.

  1. 2015 മാര്‍ച്ചില്‍ നിയമ സഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് ഇടതുപക്ഷ എംഎല്‍എമാര്‍ എന്തിനാണു കെ.എം. മാണിയെ തടഞ്ഞത്?
  2. തിരുവന്തപുരം നഗരത്തില്‍ നിന്നു നിയമസഭയിലേക്കുള്ള മുഴുവന്‍ വഴികളും എന്തിനാണ് ഇടതു മുന്നണി പ്രവര്‍ത്തകര്‍ ബ്ലോക്ക് ചെയ്തത്?
  3. മന്ത്രി മാണിക്കെതിരേ അല്ലാതെ നിയമസഭയില്‍ മറ്റു യുഡിഎ‌ഫ് മന്ത്രിമാരെ ആരെയും എല്‍ഡിഎഫ് എംഎല്‍എമാര്‍ തടഞ്ഞില്ലല്ലോ.
  4. ആരുടെ പേരിലാണ് സഭയിലെം കൈയാങ്കളി എന്നതിനു നിയമസഭാ രേഖകള്‍ പരിശേോധിച്ചാല്‍ വ്യക്തമായ വിവരം കിട്ടുമല്ലോ.
  5. ഇതെല്ലാം വിരല്‍ഡ ചൂണ്ടുന്നത് അന്ന് ഇടതു മുന്നണിയുടെ ടാര്‍ഗറ്റ് കെ. ‌എം. മാണിയായിരുന്നു എന്നാണ്.
  6. എന്നിട്ടും അഴിമതി‌ ആരോപിച്ച് മാണിയുടെ ജീവന്‍ പന്താടിയ ഇടതു പാളയത്തിലേക്ക് അദ്ദേഹത്തിന്‍റെ പാര്‍ട്ടി എന്തിനു പോയി.
  7. സുപ്രീം കോടതിയില്‍പ്പോലും മാണിയെ അഴമതിക്കാരനാക്കി അവമതിച്ച ശേഷവും അദ്ദേഹത്തിന്‍റെ പാര്‍ട്ടി എന്തിന് ഇടതുമുന്നണിയില്‍ തുടരുന്നു? ഒന്നിനും പക്ഷേ, ജോസ് കെ മാണിക്ക് ഉത്തരമില്ലായിരുന്നു.ഉത്തരം കിട്ടിയാല്‍ റോഷി അഗസ്റ്റിന്‍റെ മന്ത്രിസ്ഥാനം തെറിക്കും. അതുകൊണ്ടാണ് റോഷി ഇന്നുച്ചയ്ക്ക് മാധ്യമങ്ങളോടു കയര്‍ത്തത്.

അധികം വൈകാതെ ചില ഭരണഘടനാ പദവികള്‍ നികത്താനുള്ള ഒരുക്കത്തിലാണ് ഇടതുമുന്നണി. ഭരണ പരിഷ്കരണ സമിതി അധ്യക്ഷന്‍, ഡല്‍ഹിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധി തുടങ്ങി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് സൃഷ്ടിച്ച ക്യാബിനറ്റ് റാങ്കുകള്‍ ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അതിലൊന്നില്‍ ജോസ് കെമാണിക്ക് നിയമനം ഉറപ്പാണ്. സ്വന്തം പാര്‍ട്ടിയെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഒറ്റിയതിനു പാലായിലേറ്റ വമ്പന്‍ പരാജയത്തില്‍ നിന്നു മുഖം രക്ഷിക്കാന്‍ ജോസിന് ഒരു ക്യാബിനറ്റ് പദവിയെങ്കിലും കിട്ടിയേ തീരൂ. അതിനു സ്വന്തം പിതാവിനെ നാറ്റിയാലും നാണമില്ലെന്ന് ജോസ് കെ മാണി അസന്നിഗ്ധമായി തെളിയിച്ചു, ഇന്ന്.

Related posts

Leave a Comment