കർഷകർക്ക് ഐക്യദാർഢ്യം; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കും ; പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡിഗഢ്: കർഷകർക്ക് ഐക്യദാർഢ്യവുമായി അണിചേരുമെന്ന പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി. കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ പഞ്ചാബിലെ ജനങ്ങളെ താൻ നയിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആവശ്യമെങ്കിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുമെന്നും അറിയിച്ചു. പഞ്ചാബിൽനിന്ന് ജനങ്ങളെയും കൂട്ടി ഡൽഹി വരെ സമരം ചെയ്യാൻ താൻ തയ്യാറാണ്. നമുക്കെല്ലാവർക്കും വേണ്ട നീതിക്കായി സ്വന്തം ജീവൻ ബലിയർപ്പിച്ചവരാണ് സമരം ചെയ്യുന്ന കർഷകരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകപ്രക്ഷോഭത്തോട് മുൻ മുഖ്യമന്ത്രി അമരീന്ദ്രർ സിങ് മുഖം തിരിച്ചെന്ന പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് ചരൺജിത്തിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

അടുത്ത സുഹൃത്തായ നവജ്യോത് സിങ് സിദ്ദുവിന്റെ രാജി ഞെട്ടിക്കുന്നതാണെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചത്. സിദ്ദുവിന്റെ രാജിയെക്കുറിച്ച്‌ ഒന്നുമറിയില്ല. അദ്ദേഹം ഞങ്ങളുടെ തലവനാണ്. ഒരു നല്ല നേതാവാണ് … എനിക്ക് ഒന്നുമറിയില്ലെങ്കിൽ എനിക്ക് എന്ത് പറയാൻ കഴിയും? സിദ്ദുവിനെ, എനിക്ക് എല്ലാ വിശ്വാസവുമുണ്ട്- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. താനുമായോ പാർട്ടിയുമായോ സിദ്ദുവിന് പ്രശ്‌നങ്ങളില്ല. അമരീന്ദർ സിങ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം തള്ളി.

ഡൽഹിയിൽ പോയ അമരീന്ദർ ബിജെപി നേതൃത്വത്തെ കാണാനാണെന്ന പ്രചാരണം തെറ്റാണെന്ന് പറഞ്ഞ ചരൺജിത്ത് സിങ്, പഞ്ചാബിന് വേണ്ടിയാണ് അമരീന്ദർ ഡൽഹിയിൽ പോയതെന്നും വിശദീകരിച്ചു. ദിവസങ്ങളായുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് രാജിവച്ചതിന് പിന്നാലെയാണ് സിദ്ദുവും പാർട്ടി അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്. തിരഞ്ഞടുപ്പ് ആസന്നമായിരിക്കെ കർഷക സമരത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച നടന്ന കർഷക ബന്ദിന് പിന്തുണയർപ്പിച്ച്‌ ചരൺജിത്ത് സിങ്ങിന്റെ മന്ത്രിസഭ പ്രമേയവും പാസാക്കി. അമരീന്ദറിന്റെയും സിദ്ദുവിന്റെയും അഭാവത്തിൽ പാർട്ടിയിൽ നേതൃപ്രതിസന്ധിയുണ്ടെന്ന ആക്ഷേപങ്ങൾക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടലുകൾ.

Related posts

Leave a Comment