വിടാതെ പാമ്പ്, പേടിയില്ലാതെ ശ്രീക്കുട്ടി

കോട്ടയം: ” എന്തിനാണു ഈ പാമ്പുകള്‍ എന്നെത്തേടി വരുന്നതെന്നറിയില്ല. എത്രനാള്‍ പേടിച്ചിരിക്കും? അല്ലെങ്കില്‍ എവിടെപ്പോയി ഒളിച്ചിരിക്കും? എവിടെ പോയാലും പാമ്പുകള്‍ എന്നെ തേടിയെത്തും. അതുകൊണ്ട് എനിക്കു പാമ്പുകളെ പേടിയില്ല. പേടിച്ചൊളിക്കാനുമില്ല. വരുന്നതു വരട്ടെ!” കുറവിലങ്ങാട് കളത്തൂര്‍ കണിയോടി ചിറക്കുഴി സിബിയുടെയും ഷൈനിയുടെയും മൂത്ത മകള്‍ ശ്രീക്കുട്ടിയുടേതാണു വാക്കുകള്‍. ശ്രീയുടെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍ പാമ്പിനെ പേടിച്ച് ഇതിനകം വല്ല കടുംകൈയും ചെയ്തുപോകുമായരുന്നു. അത്രയ്ക്കു പാതകമാണ് പാമ്പുകള്‍ ഈ നിയമ വിദ്യാര്‍ഥിനിയോടു ചെയ്യുന്നത്.

ഒന്നും രണ്ടുമല്ല, പന്ത്രണ്ടു തവണയാണ് ശ്രീക്കുട്ടിക്കു പാമ്പ്കടിയേറ്റത്. മൂന്നു തവണ അണലി, നാലു തവണ മൂര്‍ഖന്‍, അഞ്ചു തവണ ശംഖുവരയന്‍. എല്ലാം ഉഗ്രവിഷമുള്ളവ. തക്ക സമയത്ത് ചികിത്സ ലഭിച്ചതു കൊണ്ടാണ് ശ്രീക്കുട്ടി ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. നാലു തവണ മെഡിക്കല്‍ കോളെജിലെ ഐസിയുവില്‍ മരണത്തോടു മല്ലടിച്ചു കഴിഞ്ഞ ഓര്‍മകളും ശ്രീക്കുട്ടി പങ്കുവച്ചു.

ബിരുദവും ബിഎഡും മികച്ച നിലയില്‍ പാസായ ശ്രീക്കുട്ടി ഇപ്പോള്‍ നിയമ വിദ്യാര്‍ഥിനിയാണ്. വീട്ടില്‍ മറ്റാരെയും ഇതുവരെ പാമ്പ് കടിച്ചിട്ടില്ല. പൊതുവേ പാമ്പ് ശല്യം കൂടുതലുള്ള വയലോരത്താണ് ശ്രീക്കുട്ടിയും മാതാപിതാക്കളും സഹോദരി സ്വപ്നമോളും താമസിക്കുന്നത്. പത്തു തവണയും ശ്രീക്കുട്ടിക്കു പാമ്പ്കടിയേറ്റത് വീട്ടിലോ പരിസരത്തോ വച്ചാണ്. ഒരു തവണ എറണാകുളം മഹാരാജാസ് കോളെജില്‍ വച്ചും ഒരിക്കല്‍ കുറവിലങ്ങാട് പോളിടെക്കിനിക്കില്‍ വച്ചും. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ പതിമൂന്നിന് വീട്ടിനുള്ളില്‍ ഇഴഞ്ഞെത്തിയ അണലിയാണു കടിച്ചത്. പക്ഷേ, പരുക്ക് സാരമുള്ളതായിരുന്നില്ല.

വീടും പരിസരവുമൊക്കെ വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് ശ്രീക്കുട്ടിയും കുടുംബവും. എത്ര സൂക്ഷിച്ചാലും തന്നെ തേടിയെത്തി കടിക്കുന്ന പാമ്പുകളെ എങ്ങനെ വരട്ടിയോടിക്കാമെന്നാണ് ശ്രീക്കുട്ടിയുടെ ചിന്ത. ഈ കുടംബത്തിനു കൂടുതല്‍ സുരക്ഷിതമായ പ്രദേശത്ത് വീടു വച്ചു കൊടുക്കാനുള്ള ഒരുക്കത്തിലാണ് കുറവിലങ്ങാട് പഞ്ചായത്ത് അധികൃതര്‍.

ശ്രീക്കുട്ടിയുടെ ‌പാമ്പ്‌വിശേഷമറിഞ്ഞ വാവ സുരേഷ് കഴിഞ്ഞ ദിവസം അവരുടെ വീട്ടിലെത്തിയിരുന്നു. ചില മനുഷ്യരുടെ ഗന്ധത്തില്‍ പാമ്പ് സ്വന്തം ആഹാരത്തിന്‍റെ സെന്‍സ് തിരിച്ചറിയുന്നതായി അദ്ദേഹം പറയുന്നു. ശ്രീക്കുട്ടിയുടെ ശരീര ഗന്ധത്തില്‍ അങ്ങനെ വല്ലതും ഉള്ളതാണോ പിന്നാലെ കൂടാന്‍ പാമ്പുകളെ പ്രേരിപ്പിക്കുന്നതെന്നാണ് സുരേഷിന്‍റെ സംശയം. അതിനു ശാസ്ത്രീയമായ അടിത്തറ വേണമെന്നും വിദഗ്ധരുടെ സേവനം ശ്രീക്കുട്ടിക്കു ലഭ്യമാക്കുമെന്നും വാവാ സുരേഷ് പറഞ്ഞു.

Related posts

Leave a Comment