വയനാട്ടില്‍ ആദിവാസി കോളനിയില്‍ ലഭിച്ച റേഷനരിയില്‍ പാമ്പിന്റെ ജഡം

മാനന്തവാടി: വയനാട്ടില്‍ റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ അരിയില്‍ പാമ്പിന്റെ ജഡം കണ്ടെത്തി. മുതിരേരി കരിമത്ത് പണിയ കോളനിയിലെ ബേബിയുടെ കുടുംബത്തിന് കിട്ടിയ അരിയിലാണ് പാമ്പിന്റെ ഉണങ്ങിയ ജഡം കണ്ടത്. ഇവര്‍ക്ക് 50 കിലോ അരിയാണ് റേഷന്‍ വിഹിതമായി കിട്ടിയത്. ലഭിച്ച അരിയില്‍ നിന്നും ഏകദേശം 30 കിലോ ഉപയോഗിച്ചിരുന്നു. അരിയില്‍ നിന്ന് രൂക്ഷഗന്ധം വന്നതോടെ പരിശോധിച്ചപ്പോഴാണ് അടിയില്‍ പാമ്പിന്റെ ഉണങ്ങിയ ജഡം കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹം ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. വെയര്‍ഹൗസില്‍ നിന്നും ലഭിച്ച അരി ബേബി കൊണ്ടുവന്ന ചാക്കിലേക്ക് അതേപടി പകര്‍ന്നു നല്‍കുകയാണ് ചെയ്തതെന്ന് റേഷന്‍ കടയുടമ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. ഇതിനായി റേഷന്‍ കടയില്‍ പരിശോധന നടത്തും. അതിനിടെ മറ്റു ജില്ലകകളില്‍ റേഷന്‍ കടകള്‍ വഴി ഗുണമേന്മ കൂടിയ അരി വിതരണം ചെയ്യുമ്പോള്‍ വയനാട്ടില്‍ മോശം അരി വിതരണം ചെയ്യുന്നതായി നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു. ഗുണമേന്മ കുറഞ്ഞ ഇത്തരം അരി വയനാട്ടില്‍ എത്തിച്ച് ആദിവാസികള്‍ക്ക് അടക്കം വിതരണം ചെയ്യുന്നതിനെതിരെ പ്രതിക്ഷേധം വ്യാപകമാണ്.

Related posts

Leave a Comment