നാല് സ്മാര്‍ട്ട് അങ്കണവാടികളും നൂല്‍പ്പുഴയിലെ ഫിസിയോതെറാപ്പി യൂണിറ്റും രാഹുൽ ഗാന്ധി എം പി നാടിന് സമര്‍പ്പിച്ചു

കൽപ്പറ്റ: ജില്ലയിൽ കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന്റെ സാമ്പത്തിക സഹായത്തോടെ ആധുനികരീതിയിൽ നിർമാണം പൂർത്തിയാക്കിയ നാല് സ്മാർട്ട് അങ്കണവാടികളുടെയും, നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി യൂണിറ്റിന്റെയും ഉദ്ഘാടനം രാഹുൽ ഗാന്ധി എം.പി ഓൺലൈനിൽ നിർവ്വഹിച്ചു. ജില്ലയുടെ സാമൂഹിക, സാമ്പത്തിക, ആരോഗ്യ മേഖലകളുടെ ഉന്നമനത്തിന് സഹായകമാവുന്ന പ്രവർത്തനത്തിന് നേതൃത്വം നൽകിയ കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന് നന്ദി അറിയിക്കുന്നുവെന്ന് രാഹുൽ ഗാന്ധി എം.പി പറഞ്ഞു.

പൂർത്തിയാക്കിയ അംഗൻവാടികളുടെയും നൂൽപ്പുഴ ഫിസിയോതെറാപ്പി യൂണിറ്റിൻ്റെയും താക്കോൽ കൊച്ചിൻ ഷിപ്യാർഡ് ഡയറക്ടർ വി.ജെ. ജോസ് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയ്ക്ക് കൈമാറി. വൈത്തിരി വില്ലേജ് റിസോർട്ടിൽ നടന്ന ചടങ്ങിൽ എളമരം കരീം എം.പി, എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ കേളു, ബന്ധപ്പട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ ഓൺലൈനിലും, ടി. സിദ്ദിഖ് എം.എൽ.എ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, കൊച്ചിൻ ഷിപ്യാർഡ് ഡയറക്ടർ (ഫിനാൻസ്) വി.ജെ ജോസ്, എ.ഡി.എം ഷാജു എൻ.ഐ, ഡെപ്യൂട്ടി കലക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക, ജില്ലാ പ്ലാനിങ് ഓഫീസർ സുഭദ്ര, കൊച്ചിൻ ഷിപ്യാർഡ് സി.എസ്‌.ആർ എ.ജി.എം പി.എൻ. സമ്പത്ത്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കേന്ദ്ര സർക്കാരിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക് പദ്ധതിയുടെ ഭാഗമായി കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് 120 ലക്ഷം രൂപ ചെലവിൽ നാല് സ്മാർട്ട് അങ്കണവാടികളുടെയും, നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ 20 ലക്ഷം രൂപ ചെലവിൽ ഫിസിയോതെറാപ്പി യൂണിറ്റിന്റെയും നിർമ്മാണം പൂർത്തിയാക്കിയത്. ഫിസിയോ തെറാപ്പി യൂണിറ്റിന്റെ നിർമ്മാണത്തിനായി രാജ്യസഭാംഗം എളമരം കരീമിന്റെ എം.പി ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മേപ്പാടി ഗ്രാമ പഞ്ചായത്തിലെ കാപ്പുംകൊല്ലി അങ്കണവാടിയുടെ നിർമ്മാണത്തിനായി 33.60 ലക്ഷം രൂപയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ വരദൂർ അങ്കണവാടി്ക്കായി 26.90 ലക്ഷം രൂപയും തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ കരയോത്തിങ്കൽ അങ്കണവാടിക്കായി 33.60 ലക്ഷം രൂപയും നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ അമ്പതേക്കർ അങ്കണവാടിക്കായി 28.90 ലക്ഷം രൂപയുമാണ് ചെലവായത്. ജില്ലാ നിർമിതി കേന്ദ്രയാണ് നിർമ്മാണം പൂർത്തിയാക്കിയത്.

രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 117 ജില്ലകളെയാണ് ആസ്പിരേഷണൽ ഡിസ്ട്രിക് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയത്. ഇതിൽ കേരളത്തിൽ നിന്ന് തെരഞ്ഞെടുത്ത ഏക ആസ്പിരേഷൻ ജില്ലയാണ് വയനാട്. ജില്ലകളെ ത്വരിതഗതിയിൽ വികസനോന്മുഖമായി പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ നീതി ആയോഗ് മുഖേന ആസ്പിരേഷൻ ഡിസ്ട്രിക് പദ്ധതി ആരംഭിച്ച് നടപ്പിലാക്കുന്നത്. ആരോഗ്യവും പോഷകാഹാരവും, വിദ്യാഭ്യാസം, കൃഷിയും ജലവിഭവങ്ങളും, സാമ്പത്തിക ഉൾപ്പെടുത്തലും നൈപുണ്യശേഷി വികസനവും, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ പിന്നാക്കം നിൽക്കുന്ന ജില്ലകളെയാണ് ആസ്പിരേഷണൽ ഡിസ്ട്രിക് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളുടെ സംയോജിത പ്രവർത്തനം, കേന്ദ്ര- സംസ്ഥാന പ്രഭാരി ഓഫീസർമാർ, ജില്ലാ കളക്ടർമാർ എന്നിവരുടെ സഹകരണം, ജില്ലകൾ തമ്മിലുള്ള മത്സരം എന്നീ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ജില്ലകളെ വികസനത്തിലേക്ക് നയിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

Related posts

Leave a Comment