സ്മാർട്ട് ഫോൺ വാങ്ങാൻ 17കാരൻ ഭാര്യയെ വിറ്റ കേസ് ; പണയം വച്ചതെയുളളൂ എന്ന് പ്രതിയുടെ മൊഴി

ഭുവനേശ്വർ: സ്മാർട്ട് വാങ്ങാനായി ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റെന്ന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 17-കാരന്റെ മൊഴി പുറത്ത്. ഒഡീഷയിലെ ബലംഗീർ ബേൽപാഡ സ്വദേശിയായ 17-കാരനാണ് താൻ ഭാര്യയെ വിറ്റിട്ടില്ലെന്ന് പോലീസിനോട് വെളിപ്പെടുത്തിയത് .
26 വയസ്സുള്ള ഭാര്യയെ വിറ്റിട്ടില്ലെന്നും 60,000 രൂപയ്ക്ക് പണയം വെച്ചതാണെന്നുമാണ് ഇയാളുടെ അവകാശവാദം. തനിക്ക് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും മറ്റുമായി പണം ആവശ്യമായതിനാലാണ് ഭാര്യയെ പണയമായി നൽകിയതെന്നും പ്രതി പോലീസിന് മൊഴി നൽകിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

1.8 ലക്ഷം രൂപയ്ക്ക് ഭാര്യയെ വിറ്റെന്ന കേസിൽ 17-കാരനെ പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ് . ഇയാളുടെ ഭാര്യയായ 26-കാരിയെ രാജസ്ഥാനിലെ ബാരൻ ജില്ലയിൽനിന്ന് പോലീസ് മോചിപ്പിക്കുകയും ചെയ്തിരുന്നു.

വിവാഹ ശേഷം രാജസ്ഥാനിൽ ജോലിക്ക് പോയതായിരുന്നു ദമ്പതിമാർ. 17-കാരൻ 1.8 ലക്ഷം രൂപയ്ക്ക് ഭാര്യയെ 55-കാരന് വിറ്റത് ഇവിടെ വച്ചായിരുന്നു . ഇതിനുശേഷം 17-കാരൻ ഒഡീഷയിലെ സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തി. രാജസ്ഥാനിൽവെച്ച്‌ ഭാര്യ തന്നെ ഉപേക്ഷിച്ച്‌ പോയെന്നായിരുന്നു ഇയാൾ ബന്ധുക്കളോട് പറഞ്ഞത്. സംഭവത്തിൽ അസ്വാഭാവികത തോന്നിയ യുവതിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് 17-കാരന്റെ ഫോൺ വിവരങ്ങളടക്കം പരിശോധിച്ച്‌ വിശദമായി ചോദ്യംചെയ്തു. ഇതോടെയാണ് ഭാര്യയെ മറ്റൊരാൾക്ക് വിറ്റതാണെന്ന് കണ്ടെത്തിയത്.

രാജസ്ഥാനിലെത്തിയ 17 കാരൻ ജോലിക്ക് കയറി കുറച്ച്‌ ദിവസത്തിന് ശേഷം ഇയാൾ ഭാര്യയെ ഒരു 55-കാരന് വിൽക്കുകയായിരുന്നു. ഈ പണം ഉപയോഗിച്ച്‌ പ്രതി സ്മാർട്ട് ഫോൺ വാങ്ങിയെന്നും ബാക്കി തുക ഭക്ഷണത്തിനായി ഹോട്ടലുകളിൽ ചെലവഴിച്ചെന്നും പോലീസ് വ്യക്തമാക്കി .

യുവതിയെ മോചിപ്പിക്കാനായി രാജസ്ഥാനിലെത്തിയ പോലീസ് സംഘo ഏറെ ബുദ്ധിമുട്ടിയിരുന്നു .യുവതിയെ പാർപ്പിച്ച ഗ്രാമത്തിൽ പ്രവേശിച്ചതിന് പിന്നാലെ പോലീസ് സംഘത്തെ നാട്ടുകാർ തടഞ്ഞു. യുവതിയെ കൊണ്ടുപോകാനാകില്ലെന്നും പണം കൊടുത്ത് വാങ്ങിയതാണെന്നും പറഞ്ഞാണ് ഇവർ പോലീസിനെ തടഞ്ഞത് . 17-കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം അധികൃതർ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.

Related posts

Leave a Comment