സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ആറ് മരണങ്ങൾ സ്ഥിരീകരിച്ചു; മലയോര മേഖലകളിൽ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ആറ് മരണങ്ങൾ സ്ഥിരീകരിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. മലയോര മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം. തിരുവനന്തപുരം വിഴിഞ്ഞത്ത് കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞ് മൽത്സ്യതൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി കിങ്സ്റ്റോൺ (27) ആണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. തിരുവല്ലയ്ക്ക് സമീപം വെണ്ണിക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് കുമളി സ്വദേശികളായ അച്ഛനും രണ്ട് പെണ്‍മക്കളും മരിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്ററായ വി.എം.ചാണ്ടിയും മക്കളായ ഫേബ, ബ്ലസി  എന്നിവരുമാണ് മരിച്ചത്. തിരുവനന്തപുരം മക്കിയില്‍ 100-ഓളം വീടുകളില്‍ വെള്ളം കയറിയതിനെ തുടർന്ന് പുറത്തിറങ്ങാനാവാതെ കുടുംബങ്ങൾ ഒറ്റപ്പെട്ടു. മഴക്കെടുതിയിൽ അഞ്ച് വീടുകൾ ഇതുവരെ പൂര്‍ണമായി തകര്‍ന്നു. 55 വീടുകൾക്ക് ഭാഗീകമായി തകരാര്‍ സംഭവിച്ചവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം, തിരുവനന്തപുരം മുതൽ എറണാകുളം വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.  തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടി തുടർച്ചയായ മഴ പെയ്യുന്നതിനാൽ പ്രാദേശികമായ ചെറു മിന്നൽപ്രളയം ഉണ്ടാകാമെന്നു കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പു നൽകി. ചൊവ്വാഴ്ച മുതൽ മഴ ഒന്നു കൂടി ശക്തമാകും. മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത കൂടുതലാണ്. വനമേഖലയിൽ ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണു മഴ സജീവമാക്കുന്നത്. ഇതു ന്യൂനമർദമായി മാറിയേക്കും. ഇന്ത്യൻ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതിയും ശക്തമായ മഴയ്ക്ക് അനുകൂലമാണ്. ശക്തമായ കാറ്റിനൊപ്പം കടൽക്ഷോഭത്തിനും സാധ്യത ഉണ്ട്.
ട്രോളിങ് അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികൾ വരുന്ന നാലു ദിവസവും കടലി‍ൽ പോകരുതെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കേരളത്തിൽ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഗുരുതര സാഹചര്യത്തെ കരുതിയിരിക്കണം. മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യത വളരെ കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിൽ ചിലയിടങ്ങളിൽ 24 മണിക്കൂറില്‍ 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കൂടുതൽ മഴ മേഘങ്ങൾ അറബിക്കടലിൽ നിന്ന് കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ തെക്കൻ കേരളത്തിലും മലയോര മേഖലയിലും തീരദേശത്തും രണ്ട് ദിവസത്തേക്ക് കനത്ത  മഴയ്ക്കാണ് സാധ്യതയുള്ളത്. തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്തമാകുന്ന കാലവർഷം തുടർന്ന് വടക്കൻ കേരളത്തിലേക്കും വ്യാപിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ ജാഗ്രത വേണ്ടി വരും. ഈ ദിവസങ്ങളിൽ പരക്കെ അതിശക്തമായ മഴക്കാണ് സാധ്യത. അതിതീവ്രമഴ സാധ്യതയുള്ളതിനാൽ  മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യത വർധിക്കും. ഈ ദിവസങ്ങളിൽ യാത്രകൾ പ്രത്യേകിച്ച് മലയോര മേഖലയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്  അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കോട്ടയത്ത് പ്രൊഫഷണൽ കോളേജുകൾ, അംഗണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ഇടുക്കിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്‍റർവ്യൂകൾക്കും മാറ്റം ഉണ്ടാകില്ലെന്ന് കളക്ടര്‍ അറിയിച്ചു. ആലപ്പുഴയിലും  പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കും. കളക്ടർ ഡോ. രേണുരാജാണ് ഇക്കാര്യം അറിയിച്ചത്.
പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല, ബോർഡ് പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ആഗസ്റ്റ് നാലിലേയ്ക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു

Related posts

Leave a Comment