സ്വർണക്കടത്ത്; മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു എല്ലാം ശിവശങ്കർ അറിഞ്ഞിരുന്നുവെന്ന് കുറ്റപത്രം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കള്ളക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെക്കുറിച്ചും എം ശിവശങ്കറിന്റെ ഇടപെടലിനെക്കുറിച്ചും വാർത്തകൾ പുറത്തുവന്നത് മുതൽ പ്രിൻസിപ്പൽ സെക്രട്ടറിയെ ന്യായീകരിച്ചായിരുന്നു പിണറായി വിജയന്റെ പ്രതികരണങ്ങൾ. 21 തവണയായി പ്രതികൾ 169 കിലോ സ്വർണം കടത്തിയത് ശിവശങ്കറിന്റെ അറിവോടെയായിരുന്നുവെന്നും ഇത്രയും ഉന്നത പദവിയിലുള്ള ശിവശങ്കർ സ്വർണക്കടത്തിനെക്കുറിച്ച് അറിഞ്ഞിട്ടും അക്കാര്യം മറച്ചു വച്ചത് ഗുരുതരമായ കുറ്റമാണെന്നും സാമ്പത്തിക കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു. കേസിൽ 29-ാം പ്രതിയായി ശിവശങ്കർ പ്രതിചേർക്കപ്പെട്ടതും മുഖ്യമന്ത്രിക്ക് തിരിച്ചടിയായി. മൂവായിരം പേജുള്ള കുറ്റപത്രത്തിൽ സരിത്താണ് ഒന്നാം പ്രതി. ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കസ്റ്റംസ് കുറ്റപത്രം കോടതിയിൽ നൽകിയത്.
നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത് സാധ്യത തിരിച്ചറിഞ്ഞത് റമീസും സന്ദീപുമാണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. കോഴിക്കോടും മലപ്പുറത്തുമുള്ളവരാണ് ഇതിനായി പണം മുടക്കിയിരുന്നത്. 2019 ജൂണിലാണ് ഇത്തരത്തില്‍ പ്രതികള്‍ ആദ്യമായി സ്വര്‍ണക്കടത്ത് നടത്തിയത്. കടത്തിക്കൊണ്ടുവന്നിരുന്ന സ്വര്‍ണം ഉരുപ്പടികളാക്കി വിവിധ ജൂവലറികള്‍ക്ക് നല്‍കിയതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മലപ്പുറത്തെയും കോഴിക്കോട്ടെയും നിക്ഷേപകരെയും സ്വർണം കൈമാറിയ മംഗലാപുരത്തെയും ഹൈദരാബാദിലെയും ജൂവലറി ഉടമകളെയും കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുണ്ട്. ദുബായ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണക്കടത്തില്‍ വ്യക്തമായ പങ്കുണ്ടായിരുന്നതായും കുറ്റപത്രത്തില്‍ കസ്റ്റംസ് വ്യക്തമാക്കി. പക്ഷെ അവരെ ഇപ്പോള്‍ ഈ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. അവര്‍ക്ക് നല്‍കിയിട്ടുള്ള ഷോകോസ് നോട്ടീസിന് മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടിയിലേക്ക് കസ്റ്റംസ് കടക്കുക. 29 പേര്‍ക്കെതിരെയാണ് കസ്റ്റംസ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്കൊരുങ്ങുന്നത്.

Related posts

Leave a Comment