സ്കൂളിനു സ്ഥലം കിട്ടാൻ മുൻ സ്പീക്കർ ബാ​ഗ് നിറയെ പണം കോൺസൽ ജനറലിലു കൈക്കൂലി നൽകി, ഷാർജ ഭരണാധികാരിക്ക് ഡി ലിറ്റ് നൽകാൻ ജലീ‌ൽ സമ്മർദം ചെലുത്തി- സ്വപ്നയുടെ വെളിപ്പെടുത്തൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും സ്പിഎം നേതാക്കളും വിദേശത്ത് ഒട്ടേറെ അവിശുദ്ധ ഇടപാടുകൾ നടത്തിയതിന്റെ വിവരങ്ങൾ ഓരോന്നായി പുറത്തു വരുന്നു. അതിനു കുടപിടിച്ചവരുടെയും പിടിക്കുന്നവരുടെയും കൂട്ടായ്മയ്ക്കുള്ള വേദിയാണ് കോടികൾ ചെലവിട്ടു ലോക കേരള സഭ നടത്തുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ വലം കൈയായി പ്രവർത്തിച്ച സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ കൂടുതൽ വിവരങ്ങളാണു പിറത്തുവരുന്നത്.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിൽ മുൻ മന്ത്രി കെ ടി ജലീൽ, നിയമസഭാ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്ക് എതിരെയും ഗുരുതര ആരോപണങ്ങളുണ്ട്. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിൽ ഈസ്റ്റ്‌ കോളേജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ ശ്രീരാമകൃഷ്ണൻ ഇടപെട്ടു. ഇതിനായി ഷാർജയിൽ വെച്ച് ഭരണാധികാരിയെ കണ്ടു. ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോൺസൽ ജനറലിന് കൈക്കൂലി നൽകിയെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. സരിത്തിനെയാണ് പണം അടങ്ങിയ ബാഗ് ഏൽപ്പിച്ചത്. പണം കോൺസൽ ജനറലിന് നൽകിയ ശേഷം ബാഗ് സരിത് എടുത്തു. ഈ ബാഗ് സരിത്തിൻറെ വീട്ടിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തുവെന്നും സ്വപ്ന പറയുന്നു.
കെ ടി ജലീലിനെതിരെ ബിനാമി ആരോപണവും സ്വപ്ന ഉന്നയിക്കുന്നുണ്ട്. ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവൻ വാര്യരാണ് ജലീലിന്റെ ബിനാമിയെന്ന് സ്വപ്ന ആരോപിക്കുന്നു. മുംബൈ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിന് പുറത്തെ കോൺസുലേറ്റ് വഴിയും ഖുറാൻ എത്തിച്ചുവെന്ന് കോൺസൽ ജനറൽ വെളിപ്പെടുത്തിയതായും സ്വപ്ന പറയുന്നു. അതേസമയം, ഷാർജ ഭരണാധികാരിക്ക് ഡി ലിറ്റ് നൽകാൻ ജലീൽ സമ്മർദം ചെലുത്തിയെന്നും സ്വപ്ന ആരോപിക്കുന്നു. ഇതിനായി വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീൽ സ്വാധീനിച്ചുവെന്നും സ്വപ്ന കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നു.

Related posts

Leave a Comment