‘ശിവനയനം’ അച്ഛനുള്ള മകന്റെ ഹൃദയ കാവ്യം : മോഹൻലാൽ

തിരുവനന്തപുരം : അച്ഛനെ കുറിച്ചുള്ള മകന്റെ ഹൃദയ കാവ്യമാണ്  ‘ശിവനയനം’ എന്ന  ഡോക്യുഫിക്ഷനെന്ന് നടൻ മോഹൻലാൽ. കേരളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫറും ചലച്ചിത്രകാരനുമായ  ശിവനെ ആസ്പദമാക്കി കേരള മീഡിയ അക്കാദമി നിർമ്മിച്ച്, ശിവന്റെ മകനും രാജ്യാന്തര പ്രശസ്ത ചലച്ചിത്രകാരനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്ത  ‘ശിവനയന’ത്തിന്റെ റിലീസിംഗ് നിർവഹിക്കുകയായിരുന്നു  മോഹൻലാൽ.  
ഈ ഭൂമിയിലെ ഓരോ മനുഷ്യനും  ഓരോ ദൗത്യ നിർവഹണത്തിനുള്ള തലക്കുറി ഉള്ളവരാണെന്നും മഹിമയുള്ള ദൗത്യം നിറവേറ്റി മടങ്ങുന്നവരാണ് മഹാന്മാരെന്നും മോഹൻലാൽ പറഞ്ഞു.  ആ ഗണത്തിൽപ്പെട്ട വ്യക്തിത്വമായിരുന്നു ഫോട്ടോയിലെ മാന്ത്രികസ്പർശം ആയിരുന്ന ശിവൻ. ശിവൻചേട്ടനുമായും അദ്ദേഹത്തിന്റെ മക്കളായ സംഗീത് ശിവനുമായും സന്തോഷ് ശിവനുമായും ചലച്ചിത്ര രംഗത്ത് ഒരുമിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.  ജീവിതം  ഒറ്റയടിപ്പാത  അല്ലെന്നും കണ്ണടച്ചു തുറക്കും മുമ്പ് ജീവിത വിജയം നേടാനാവില്ലെന്നും  സാക്ഷ്യപ്പെടുത്തിയ ഒരു ജീവിതത്തിന്റെ ദൃശ്യാനുഭവമാണ് ശിവനയനം. ബഹുമുഖ പ്രതിഭയായ ശിവൻ  ആരെന്നും എന്തെന്നും  വരുംതലമുറയ്ക്ക് അറിവ്  പകരുന്ന നല്ല ഡോക്യുഫിക്ഷൻ ആണിതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

അക്കാദമി ചെയർമാൻ ആർ.എസ്.ബാബുവിന്റെ അധ്യക്ഷതയിൽ  ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി എം.വി ഗോവിന്ദൻ അക്കാദമിയുടെ യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്തു.  സംവിധായകൻ സന്തോഷ് ശിവൻ, തിരക്കഥാകൃത്ത്  വി എസ് രാജേഷ്. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാപ്രസിഡന്റ് സുരേഷ് വെളളിമംഗലം, സെക്രട്ടറി അഭിജിത് നായർ, സംഗീത് ശിവൻ, സരിത ശിവൻ, സ്വരലയ ചെയർമാൻ ജി. രാജ്മോഹൻ, ഭാരത് ഭവൻ ഡയറക്ടർ പ്രമോദ് പയ്യന്നൂർ, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ദീപ പ്രസാദ്,  അക്കാദമി ഫോട്ടോജേണലിസം കോഴ്സ് കോ-ഓർഡിനേറ്റർ ബി.ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു.

Related posts

Leave a Comment