ഇനിയില്ല, ജാനകിയമ്മയുടെ മാസ്മരിക അനുകരണം, കൊല്ലം ശരത്ത് അന്തരിച്ചു

കൊല്ലം: ഗാനമേളവേദികളിൽ സ്ത്രീശബ്ദം അനുകരിച്ച് പാടി ശ്രദ്ധേയനായ ഗായകൻ കൊല്ലം ശരത്ത് (എ.ആർ.ശരത്ചന്ദ്രൻ നായർ-52) അന്തരിച്ചു. കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹച്ചടങ്ങിൽ ഗാനമേളയിൽ പാടിക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം സരിഗയിലെ ഗായകനായിരുന്നു. എസ്.ജാനകിയുടെ ശബ്ദം അനുകരിച്ചു പാടുന്നതിലൂടെ പ്രശസ്തനായിരുന്നു.
കൊല്ലം കുരീപ്പുഴ മണലിൽ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയിൽ കുടുംബാംഗമാണ്. അവിവാഹിതനാണ്. അമ്മ: രാജമ്മ. സഹോദരി: കുമാരിദീപ. സംസ്കാരം തിങ്കളാഴ്ച മുളങ്കാടകം ശ്മശാനത്തിൽ.

അടുത്തബന്ധുവിന്റെ അഭ്യർഥനപ്രകാരം ചാന്തുപൊട്ടിലെ ‘ആഴക്കടലിന്റെ….’ എന്ന പാട്ടുപാടിക്കൊണ്ടിരിക്കെ പക്ഷാഘാതംവന്ന് തളർന്നുവീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. തിരുവനന്തപുരം സരിഗയിലെ അറിയപ്പെടുന്ന ഗായകനായ ശരത് സ്ത്രീശബ്ദത്തിൽ പാട്ടുപാടി ഗാനമേളവേദികളിൽ വിസ്മയം തീർത്തിട്ടുണ്ട്. എസ്.ജാനകിയുടെ ശബ്ദം ഭംഗിയായി അദ്ദേഹം അനുകരിക്കുമായിരുന്നു.

സരിഗയിൽ നടൻ സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ശരത്തിന്റെ വലതുകൈ നഷ്ടപ്പെട്ടിരുന്നു. കോവിഡ് അടച്ചിടൽ അവസാനിച്ചതോടെ വീണ്ടും ഗാനമേള വേദികളിൽ നിറഞ്ഞു നിൽക്കുന്നതിനിടെയാണ് ശരത്തിനെ മരണം കീഴടക്കിയത്.

Related posts

Leave a Comment