സിന്ധുവിനിന്ന് ഭാഗ്യപരീക്ഷണം, ഇന്ത്യക്കും

ടോക്കിയോഃ ഒളിംപിക്സ് സ്‌കോര്‍ ബോര്‍ഡില്‍ ഇന്ത്യന്‍ കാര്‍ഡ് ചലിച്ചിട്ട് ഒരാഴ്ചയായി. വനിതകളുടെ 49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടിയ മീരാ ബായി ചാനു ഇന്ത്യയില്‍ മടങ്ങിയെത്തി മണിപ്പൂര്‍ സംസ്ഥാനത്തിന്‍റെ പോലീസ് ഉപമേധാവിയായി ജോലിയില്‍ പ്രവേശിച്ചിട്ടും ദിവസങ്ങളായി. എന്നാല്‍ ടോക്കിയോയില്‍ മീര ഉയര്‍ത്തിയ ത്രിവര്‍ണം ഒരിക്കല്‍ക്കൂടി ഉയര്‍ത്താന്‍ ഇതുവരെ മറ്റൊരാള്‍ക്കും കഴിഞ്ഞില്ല. അതിനുള്ള അവസരത്തിന്‍റെ അവസാന മത്സരത്തിനിറങ്ങുന്ന വനിതകളുടെ ബാഡ്മിന്‍ണ്‍ താരം പി.വി. സിന്ധുവിന് ഇതു ഭാഗ്യനിമിഷങ്ങള്‍. ഇന്ത്യക്കും.

ഇന്നു വൈകുന്നേരം അഞ്ചിന് ചൈനയടെ ഹി ബിംഗ്‌ജിയാവോയെ തോല്പിക്കാനായാല്‍ ഒരു വെങ്കലം കിട്ടും. അതിനുള്ള പ്രാര്‍ഥനയിലാണ് ഇന്ത്യയിലെ 130 കോടി ജനങ്ങള്‍. നേരിയ മുന്തൂക്കം സിന്ധുവിനാണ്. ലോക ആറാം മ്പര്‍ താരമാണു സിന്ധു. ഹി എട്ടാം റാങ്ക് കാരിയും. ജയം സിന്ധുവിനെന്നു പ്രവചിക്കുന്നവരാണ് മിക്കവരും. എന്നാല്‍, സെമിയില്‍ ചൈനീസ് തായ്പേയി താരം യു യിംഗിനോട് ദയനീയമായി പരാജയപ്പെട്ടത് സിന്ധിുവിന് ആത്മവിശ്വാസം കുറയ്ക്കുമോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. തുടക്കത്തില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്നു സിന്ധു. ഇന്ന് വിജയം ആഘോഷിക്കാനായാല്‍ ഒളിംപിക്സില്‍ തുടര്‍ച്ചയായി രണ്ടു മെഡല്‍ നേടുന്ന ആദ്യ വനിത എന്ന ബഹുമതിയാണ് സിന്ധുവിനെ കാത്തിരിക്കുന്നത്.

പുരുഷന്മാരുടെ ഹെവി വെയ്റ്റ് ബോക്സിംഗില്‍ സതീശ് കുമാറും നിരാശപ്പെടുത്തി. ഉസ്ബെസ്ഖിസ്ഥാന്‍റെ ബഖോദില്‍ ജലലോവിനോട് സതീശ് പൊരുതിത്തോറ്റു.

Related posts

Leave a Comment