സിൽവർ ലൈൻ :കേരളത്തെ നശിപ്പിക്കുന്ന പദ്ധതിക്കുവേണ്ടി കല്ലിടൽ അനുവദിക്കില്ല : ഐക്യദാർഢ്യ സമിതി


എറണാകുളം : കേരളത്തിന്റെ സർവ്വരംഗത്തും വിനാശകരമായ ഫലങ്ങൾ ഉളവാക്കുമെന്ന് വിദഗ്ധരും നിരവധി പഠനങ്ങളും ചൂണ്ടി കാണിച്ചിട്ടുള്ള കെ റെയിൽ സിൽവർലൈൻ പദ്ധതിക്കു വേണ്ടി കല്ലിടാൻ അനുവദിക്കില്ലെന്ന് ജില്ലാ കെ റെയിൽ വിരുദ്ധ സമര ഐക്യദാർഢ്യ സമിതി യോഗം വ്യക്തമാക്കി. മൂലമ്പിള്ളി കുടിയൊഴിപ്പിക്കലിന്റെ 14-ാം വാർഷിക ദിനത്തിൽ ഓൺലൈനിലാണ് യോഗം ചേർന്നത്. പോലീസിനെയും ഗൂണ്ടകളെയും ഉപയോഗിച്ച് ബലം പ്രയോഗിച്ച് നടത്തുന്ന കല്ലിടൽ നടപടിയെ ഹൈക്കോടതി തന്നെ പലതവണ വിമർശിച്ചിട്ടും സാമൂഹികാഘാത പഠനത്തിനെന്ന പേരിൽ കല്ലിടൽ തുടരുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. ഇത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്.  നഷ്ടപരിഹാര വാഗ്ദാനത്തിന്റെ പൊള്ളത്തരം ഇനിയുംപൂർത്തിയാകാത്ത മൂലമ്പിള്ളി പാക്കേജും മറ്റു വാഗ്ദാനങ്ങളും വ്യക്തമാക്കുന്നുണ്ട്. ജനങ്ങളെ വിഡ്‌ഢികളാക്കി ആയിരക്കണക്കിനുകോടിരൂപയുടെ അഴിമതി ലക്ഷ്യം വച്ചുള്ള ഒരു പദ്ധതി നടപ്പാക്കാമെന്നാണ് സർക്കാരിന്റെ വ്യാമോഹം . യാത്രാ വേഗത വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേയുടെ കാലോചിതമായ പരിഷ്ക്കാരങ്ങളിലൂടെ കഴിയുമെന്ന് റെയിൽവേ മുൻ ചീഫ് എഞ്ചിനീയർ അലോക് കുമാർ വർമ്മ ഇന്നലെ വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. പാരിസ്ഥിതിക-സാമൂഹിക-സാമ്പത്തിക ദുരന്തങ്ങൾ ഒഴിവാക്കി ദേശീയപാതകളും ഇതര ഗതാഗത മാർഗ്ഗങ്ങളും വികസിപ്പിക്കാനാണ് ഒരു ജനാധിപത്യ സർക്കാർ ശ്രമിക്കേണ്ടത്. ഒരു പദ്ധതിക്കു വേണ്ടി കേരളം നശിപ്പിക്കാൻ അനുവദിക്കില്ല. കെ റെയിൽവേണ്ട, കേരളം മതിയെന്ന ഡിമാന്റിനൊപ്പമാണ് കേരള ജനതയെന്നു മറക്കേണ്ടെന്നും യോഗം പ്രഖ്യാപിച്ചു.
 ജില്ലാ പ്രസിഡന്റ് പ്രൊഫ.കെ. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ച യോഗം സമര സമിതി സംസ്ഥാന രക്ഷാധികാരി സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കൺവീനർ സി.കെ.ശിവദാസൻ വിഷയാവതരണം നടത്തി.ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബിജെപി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹംസ പാറേക്കാട്ട്, ആർഎസ്പി നേതാവ് കെ രജികുമാർ , കേരളാ കോൺഗ്രസ്സ് (ജേക്കബ്) ഹൈപ്പർ കമ്മിറ്റിയംഗം രാജു പാണാലിക്കൽ, ശാസ്ത്ര സാഹിത്യ പരിഷത്ത് പഠന സമിതി നേതാവ് സി.ഐ. വർഗ്ഗീസ്, മൂലമ്പിള്ളി കോ – ഓർഡിനേഷൻ കമ്മിറ്റി കൺവീനർ വി.പി.വിൽസൺ, വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, എസ്.യു.സി.ഐ.(കമ്മ്യൂണിസ്റ്റ് ) ജില്ലാ സെക്രട്ടേറിയറ്റംഗം പി.എം. ദിനേശൻ, എസ്ഡിപിഐ നേതാവ് അജ്മൽ കെ മുജീബ്,  ജനകീയ പ്രതിരോധ സമിതി ജില്ലാ കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ, കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രസിഡന്റ് വിനു കുര്യാക്കോസ്, ദേശീയ പാത സംയുക്ത സമരസമിതി നേതാവ് ഹാഷിം ചേന്ദാമ്പിള്ളി, ബ്രേക് ത്രു സയൻസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് കെ.എസ്.ഹരികുമാർ, മഹിളാ സാംസ്കാരിക സമിതി ജില്ലാ സെക്രട്ടറി   ശോഭ കെ.കെ., പൗരാവകാശ സമിതി നേതാവ് സാബു പരിയാരം, ജനകീയ സമര സമിതി നേതാക്കളായ പി.പി.മുഹമ്മദ്, ടോമി പോൾ,വനിതാ വിംഗ് നേതാവ് മാരിയ അബു, രഹനാസ് എം.യു. തുടങ്ങിയവർ പങ്കെടുത്തു. ഐക്യദാർഢ്യ സമിതി ജില്ലാ ജനറൽ കൺവീനർ കെ.പി. സാൽവിൻ സ്വാഗതവും ഷിബു പീറ്റർ നന്ദിയും പറഞ്ഞു

Related posts

Leave a Comment