സിൽവർ ലൈൻ ഡിപിആർ പുറത്ത്‌; ഉരുൾപ്പൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് പദ്ധതി വഴിയൊരുക്കും

തിരുവനന്തപുരം: രഹസ്യരേഖയെന്നു സർക്കാരും കെ റെയിലും സംസ്ഥാന വിവരാവകാശ കമ്മിഷനും ആവർത്തിച്ചിരുന്ന സിൽവർ ലൈൻ ഡിപിആർ നിയമസഭാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇതുസംബന്ധിച്ച് ഒക്ടോബറിൽ അൻവർ സാദത്ത് എംഎൽഎ ചോദ്യം ഉന്നയിച്ചിരുന്നു. ഡിപിആറിന്റെ പകർപ്പ് ഉത്തരത്തിനൊപ്പം നൽകുന്നുവെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയതല്ലാതെ ഡിപിആർ നൽകിയില്ല. അവകാശലംഘനത്തിനു കഴിഞ്ഞ ദിവസം സാദത്ത് നോട്ടിസ് നൽകിയതിനു പിന്നാലെയാണ് ഉത്തരത്തിന്റെ അനുബന്ധമായി ഡിപിആർ ഇന്നു നിയമസഭാ രേഖകളിൽ പ്രത്യക്ഷപ്പെട്ടത്.

ഡിപിആറും റാപ്പിഡ് എൻവരിയോൺമെന്റ് സ്റ്റഡി റിപ്പോർട്ടുമാണ് പുറത്തായത്. ആറ് ഭാഗങ്ങൾ അടങ്ങുന്നതാണ് ഡിപിആറിന്റെ പൂർണരൂപം. ട്രാഫിക് സ്റ്റഡി റിപ്പോർട്ടും ഡിപിആറിന്റെ പ്രധാന ഭാഗമാണ്. കൂടാതെ പൊളിക്കേണ്ട ദേവാലയങ്ങൾ അടക്കമുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോർട്ടിൽ അടങ്ങിയിട്ടുണ്ട്.

കെ റെയിലിന്റെ കേന്ദ്രീകൃത വർക്ക് ഷോപ്പ് കൊല്ലത്തും പരിശോധനാ കേന്ദ്രം കാസർഗോഡുമായിരിക്കും സ്ഥാപിക്കുക. പദ്ധതിക്കായി 6100 കോടി രൂപയുടെ സ്വകാര്യഭൂമിയും ഏറ്റെടുക്കും. 4460 കോടി രൂപയാണ് നഷ്ടപരിഹാരത്തിന് വേണ്ടി മാത്രമായി സർക്കാർ ചിലവഴിക്കുക. കെ റെയിൽ പാതയുടെ മുപ്പതു മീറ്റർ പരിധിയിൽ മറ്റ് നിർമാണങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പദ്ധതിച്ചെലവിൻറെ 57 ശതമാനവും വായ്പയെടുക്കാനാണ് സർക്കാർ തീരുമാനം. രണ്ടായിരത്തി ഇരുപത്തിയഞ്ചിൽ പദ്ധതി കമ്മീഷൻ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. പരിസ്ഥിതി ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ടും ഡിപിആറിൽ അടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സിഇഡി ആണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. കെറെയിൽ നീരൊഴുക്ക് തടസപ്പെടുന്നതിനും ഉരുൾപ്പൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് വഴിയൊരുക്കുമെന്നും പാരിസ്ഥിതിക ആഘാത പഠനത്തിൽ പറയുന്നു.പദ്ധതിയുടെ സാമ്പത്തിക സാമൂഹിക ആഘാത പഠനങ്ങനങ്ങളും റിപ്പോർട്ടിൽ വ്യക്തമാണ്. സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വാദങ്ങളെ തള്ളുന്നതാണ് ഡിപിആറിലെ വിവരങ്ങൾ.

Related posts

Leave a Comment