സിൽവർ ലൈൻ: സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു ; അലോക് കുമാർ വർമ്മയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത് : വി ഡി സതീശൻ

സിൽവർ ലൈൻ പദ്ധതിയിൽ സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പഠനത്തിനായി സർക്കാർ ചുമതലപ്പെടുത്തിയ ഏജൻസിയുടെ തലവൻ അലോക് വർമ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ലിഡാർ സർവെ എന്നത് തട്ടിക്കൂട്ടിയ സർവെ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് നേരത്തെ തന്നെ പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞ കാര്യമാണ്. ഏരിയൽ സർവെ നടത്തിയാൽ ഒരിക്കലും കൃത്യമായ വിവരങ്ങൾ ലഭിക്കില്ല. എത്ര വീടുകൾ പൊളിക്കേണ്ടി വരും? എത്ര പേരെ കുടിയൊഴിപ്പിക്കേണ്ടി വരും? എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടാകും തുടങ്ങിയ കാര്യങ്ങളൊക്കെ നേരിട്ട് നടത്തുന്ന സർവെയിലൂടെയാണ് വ്യക്തമാകുക.

ലിഡാർ സർവെ ആധാരമാക്കി തയ്യാറാക്കിയിരിക്കുന്ന റിപ്പോർട്ട് അടിസ്ഥാനമില്ലാത്തതാണ്. മാത്രമല്ല സർക്കാർ പറയുന്ന തുകയല്ല പദ്ധതിക്ക് വേണ്ടിവരിക, ഒരു ലക്ഷത്തിലധികം കോടി രൂപയാണ് പദ്ധതിക്ക് ചിലവ് വരിക എന്നാണ് സിസ്ട്രയുടെ തലവൻ പറയുന്നത്. നീതി ആയോഗ് പറയുന്നത് 1.24 ലക്ഷം കോടി ചിലവ് വരുമെന്നാണ്. എന്നാൽ ഇത് 2018ലെ കണക്കാണ്. ഇത് യാഥാർത്ഥ്യമാകുമ്പോൾ രണ്ട് ലക്ഷം കോടി കടക്കും. വ്യക്തമായ ഒരു റിപ്പോർട്ട് പോലും ഇല്ലാതെയാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പാരിസ്ഥികാഘാത പഠനം നടത്തിയിട്ടില്ല, സാമൂഹികാഘാത പഠനം നടത്തിയിട്ടില്ല, കേന്ദ്ര സർക്കാരിന്റെ അനുമതിയില്ല, നേരായ രീതിയിൽ സർവെ നടത്തിയിട്ടില്ല.സർക്കാർ ഇതുവരെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മുഴുവനും ജനങ്ങളേയും ഇരകളായി മാറുന്ന പാവങ്ങളേയും കബളിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള പദ്ധതിയാണ്. അതുകൊണ്ടുതന്നെ ഇതിൽ നിന്ന് സർക്കാർ അടിയന്തിരമായി പിന്മാറണം. ഈ മാസം 18 ന് പത്ത് ജില്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും യു.ഡി.എഫ് നടത്തുന്ന മാർച്ച് സിൽവർ ലൈനിന് എതിരായ സമര പരമ്പരകളുടെ തുടക്കമായിരിക്കും

പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിന് പോലും മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല. പിണറായി വിജയൻ, 16 വർഷം വികസനവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഒരു പാർട്ടിയുടെ സെക്രട്ടറിയായിരുന്നു. ഇപ്പോൾ നല്ലപിള്ള ചമയാൻ ശ്രമിക്കുകയാണ്. ഇപ്പോൾ മോദിയുടെ ശൈലിയാണ് പിന്തുടരുന്നത്. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയാൽ പ്രതിപക്ഷവും പദ്ധതിയെ പിന്തുണയ്ക്കും. നിയമസഭയ്ക്കുള്ളിലും പുറത്തും ഒരു ചോദ്യത്തിനും മറുപടി നൽകില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.അന്നും ഇന്നും യു.ഡി.എഫ് ഇക്കാര്യത്തിൽ ഒരു നിലപാടാണ് സ്വീകരിച്ചത്. തെറ്റായകാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

Related posts

Leave a Comment