രണ്ടു പേർക്ക് കൂടി സിക്ക വൈറസ്; എല്ലാ ജില്ലകളിലും ആക്ഷൻ പ്ലാൻ തയാറാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം നെടുങ്കാട് സ്വദേശിക്കും (38), ആനയറ സ്വദേശിനിക്കുമാണ് (52) സിക്ക വൈറസ് രോഗം ബാധിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 30 പേർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 10 പേരാണ് നിലവിൽ രോഗികളായുള്ളത്. ബാക്കിയുള്ളവർ നെഗറ്റീവായി.  
അതേസമയം, സംസ്ഥാനത്ത് സിക്ക വൈറസ്, ഡെങ്കിപ്പനി തുടങ്ങിയ പകർച്ച വ്യാധികളെ നേരിടുന്നതിന് റവന്യൂ മന്ത്രി കെ. രാജൻ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ, തദ്ദേശ, റവന്യൂ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കാൻ തീരുമാനിച്ചു. മൂന്ന് വകുപ്പുകളുടേയും ഏകോപനത്തിലൂടെ കൂട്ടായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്താനാകും. വാർഡ് സാനിട്ടേഷൻ കമ്മിറ്റി ശക്തിപ്പെടുത്താനും തീരുമാനിച്ചു.
തിരുവനന്തപുരം ജില്ലയിൽ ഒരു സ്ഥലത്ത് മാത്രമേ സിക്ക വൈറസ് ക്ലസ്റ്റർ രൂപപ്പെട്ടിട്ടുള്ളൂവെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആകെ 138 സാമ്പിളുകൾ പരിശോധിച്ചതിൽ 28 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. അതിൽ നിലവിൽ എട്ടു പേർ മാത്രമാണ് രോഗികൾ ബാക്കിയെല്ലാവരും നെഗറ്റീവായിട്ടുണ്ട്. സിക്കയോടൊപ്പം ഡെങ്കിപ്പനിയേയും നേരിടേണ്ടതുണ്ട്. എല്ലാ ജില്ലകളിൽ നിന്നും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോവിഡ് സാഹചര്യത്തിൽ ആശുപത്രികൾക്കുമേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കാതിരിക്കാൻ പകർച്ച വ്യാധികൾ ഫലപ്രദമായി പ്രതിരോധിക്കണം. ഇതിനായി എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്ക്കരണവും ശക്തമാക്കണം. ജില്ലകളിൽ കളക്ടർമാരുടെ പങ്കാളിത്തം വളരെ വലുതാണെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ ജില്ലകളും മുന്നറിയിപ്പ് ഏറ്റെടുത്ത് പ്രവർത്തിക്കേണ്ടതാണ്. എത്രയും പെട്ടെന്ന് ജില്ലാ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാൻ രൂപീകരിക്കണം. സന്നദ്ധപ്രവർത്തകർ യുവജന സംഘടനകൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിനും ഫോഗിംഗിനും പ്രാധാന്യം നൽകണം. തോട്ടങ്ങളിൽ ചിരട്ടകൾ, പ്ലാസ്റ്റിക് എന്നിവയിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയുണ്ടാകരുത്. വീടിനകത്തും പുറത്തും കൊതുക് നിർമാർജനം വളരെ പ്രധാനമാണ്. സന്നദ്ധ സംഘടനകൾ, സ്‌കൂളുകൾ, കുടുംബശ്രീ എന്നിവ വഴി ബോധവത്ക്കരണം ശക്തമാക്കണം.
കോവിഡ് സാഹചര്യത്തിൽ മൈക്രോ കണ്ടൈൻമെന്റ് വാർഡടിസ്ഥാനത്തിൽ ഫലപ്രദമായി നടത്തണം. കോവിഡ് പരിശോധനകൾ ജില്ലകൾ ശക്തമാക്കേണ്ടതാണ്. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാ ജില്ലകൾക്കും എത്രയും വേഗം നൽകാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
വലിയ അതിജീവന പ്രവർത്തനത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. കോവിഡിന്റെ ഭീകരാവസ്ഥ നിലനിൽക്കുന്ന സമയത്താണ് ചിലയിടങ്ങളിൽ പ്രകൃതി ദുരന്തങ്ങളുണ്ടായത്. ഇതിനിടയിലാണ് സിക്കയും ഡെങ്കിപ്പനിയും വർധിക്കുന്നത്. ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർമാരും ഡി.എം.ഒ.മാരും കൂടിയാലോചിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കണം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. ആരോഗ്യ വകുപ്പ് നൽകുന്ന ഡാറ്റയനുസരിച്ച് പ്രതിരോധ പ്രവർത്തനം നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related posts

Leave a Comment