കേരളത്തിന് ആശ്വാസം; 17 പേരുടെ സിക്ക ഫലം നെഗറ്റീവ്

തിരുവനന്തപുരം: സിക്ക വൈറസ് പരിശോധനയ്ക്കായി എന്‍.ഐ.വി ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം അയച്ച 17 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെ കേരളത്തിന് ആശ്വാസം. സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയ പാറശാല സ്വദേശിയായ 24 വയസുകാരി താമസിച്ച നന്ദന്‍കോട് നിന്നും സ്വദേശമായ പാറശാല നിന്നും ശേഖരിച്ച സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതേസമയം ഈ യുവതിയ്ക്ക് സിക്ക വൈറസ് രോഗമാണെന്ന് എന്‍.ഐ.വി പൂന സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ 13 പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ 14 പേര്‍ക്കാണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്ന്  ആരോഗ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച വിദഗ്ധ സംഘം ഇന്നലെ തിരുവനന്തപുരത്ത് എത്തി. കേരളത്തില്‍ 14 പേര്‍ക്ക് സിക്ക സ്ഥിരീകരിച്ചതിനെ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. സ്ഥിതി നേരിട്ട് വിലയിരുത്താനെത്തുന്ന കേന്ദ്രസംഘം തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കും.
ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം രോഗപ്രതിരോധം സംബന്ധിച്ച്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കും. അതിനിടെ സംസ്ഥാനത്ത് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞ തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന് പിന്നാലെ തിരുവനന്തപുരം ജില്ലാഭരണകൂടവും സിക്ക പ്രതിരോധത്തിന് കര്‍മ്മപദ്ധതി രൂപീകരിച്ചു. ജില്ലയിലെ ലാബുകളോട് സിക സംശയമുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങളില്‍ പനി ക്ലിനിക്കുകള്‍ ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്. 

Related posts

Leave a Comment