കാപ്പനെതിരെ നീക്കം ; ഉത്തർപ്രദേശ് പോലീസിന് വൻ തിരിച്ചടി

മഥുര : ഹഥ്‌റാസിൽ പീഡനത്തിന് ഇരയായി ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോയി അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെയുളള നീക്കത്തിൽ ഉത്തർപ്രദേശ് പോലീസിന് വൻ തിരിച്ചടി. കാപ്പന്റെ സിമി ബന്ധം അറിയണമെന്നും ഇതിനായി വീണ്ടും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യു പി പോലീസ് സമർപ്പിച്ച ഹരജി മഥുര കോടതി തള്ളി.

നിലവിലെ കേസിലെ കുറ്റപത്രത്തിന്റെ പകർപ്പ് പോലും നൽകാതെയാണ് പുതിയ അപേക്ഷയുമായി പോലീസ് എത്തിയതെന്ന സിദ്ദീഖ് കാപ്പന്റെ വാദം അംഗീരിച്ചാണ് കോടതി നടപടി. പോലസിന്റെ ഇത് സംബന്ധിച്ച വാദം പോലും കേൾക്കാൻ കോടതി തയ്യാറായില്ല.
പൗരന്റെ നേർക്ക് ഭരണകൂടം കാണിക്കുന്ന ഭീകരതയാണ് യു പി സർക്കാറിന്റെ പുതിയ അപേക്ഷയെന്ന് കാപ്പന് വേണ്ടി ഹാജരായ അഡ്വ. വിൽസ് മാത്യു വാദിച്ചു.

നിലവിലെ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചെങ്കിലും കുറ്റപത്രത്തിന്റെ പകർപ്പ് ഇതുവരെ പോലീസ് കൈമാറിയിട്ടില്ല. നിലവിലെ അവസ്ഥയിൽ കൂടുതൽ അന്വേഷണം വേണമെന്ന പോലീസിന്റെ നിലപാട് ദുരുദ്ദേശപരമാണെന്നും അഭിഭാഷകൻ വിൽസ് മാത്യു വാദിച്ചു. കേസിൽ ഇതുവരെ സിദ്ദീഖ് കാപ്പന് കുറ്റപത്രത്തിന്റെ പകർപ്പ് നൽകാത്തത് നിയമവാഴ്ചയോടുള്ള ക്രൂരതയാണെന്നും അതിനാൽ സിദ്ദീഖ് സ്വമേധയാ ജാമ്യത്തിനർഹനാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ യു പി സർക്കാറിന്റെ മറുപടി തേടിയിട്ടുണ്ടെന്ന് മഥുര ജഡ്ജി വ്യക്തമാക്കി. ജയിലിൽ സിദ്ദീഖ് കാപ്പൻ ജയിലിൽ ശാരീരകവും മാനസികവുമായ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെന്നും അതിനാൽ ചികിത്സക്കും കൗൺസിലിങ്ങിനും അടക്കമുള്ളവക്കായി എയിംസിൽ പ്രവേശിപ്പിക്കണമെന്നും അഭിഭാഷകൻ പറഞ്ഞു. ഇതേക്കുറിച്ച്‌ അഡീഷണൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അനിൽകുമാർ പാണ്ഡെ മഥുര ജയിലധികൃതരുടെ റിപ്പോർട്ട് തേടി. കേസ് ആഗസ്റ്റ് 23ന് വീണ്ടും പരിഗണിക്കാനാണ് തീരുമാനം.

Related posts

Leave a Comment