സിദ്ധീഖ് കാപ്പന് നീതി ലഭിക്കാൻ മുഖ്യമന്ത്രി ഇടപെടണം: ഭാര്യ റെയ്ഹാനത്ത്

തിരുവനന്തപുരം: ഉത്തർ പ്രദേശ് സർക്കാർ യു.എ.പിഎ കുറ്റം ചുമത്തി ജയിലിൽ അടച്ചിരിക്കുന്ന മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പന് നീതി ലഭിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ഭാര്യ റെയ്ഹാനത്ത് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാനായിരുന്നു ഹാഥ്‌റസിലേയ്ക്കുള്ള സിദ്ദീഖിന്റെ യാത്ര. ഇതിനിടയിലാണ് അവിടെ സംഘര്‍ഷമുണ്ടാക്കാന്‍ പുറപ്പെട്ടുവെന്ന വ്യാജകുറ്റം ചുമത്തി അദ്ദേഹത്തെ യു.പി പോലീസ് ജയിലിലടച്ചിട്ടുള്ളത്. ഏതെങ്കിലുമൊരു രാഷ്ട്രീയമത സംഘടനയുടെ ഭാഗമായി ഇതുവരേയും സിദ്ദീഖ് പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍, പൊതുസമൂഹത്തിനു മുന്നില്‍ അദ്ദേഹത്തെ തീവ്രവാദിയായി ചിത്രീകരിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരെന്ന് ഭാര്യ പറഞ്ഞു. അറസ്റ്റ് ചെയ്തത് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും ഇതുവരെ കുറ്റപത്രത്തിന്റെ പകര്‍പ്പു പോലും സിദ്ദീഖിനോ ഞങ്ങള്‍ക്കോ നല്‍കാന്‍ യു.പി പോലീസ് സന്നദ്ധമായിട്ടില്ല. അതിനാല്‍, ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ് ഞങ്ങള്‍.  നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനയടക്കമുള്ള ഏതുതരം ശാസ്ത്രീയ പരിശോധനയ്ക്കും സിദ്ദീഖ് സന്നദ്ധമാണെന്ന് കോടതിയില്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷമായിട്ടും നീതി ലഭിച്ചിട്ടില്ല. കേരളത്തേയും ഇവിടുത്തെ മതനിരപേക്ഷ പാരമ്പര്യത്തേയും അഭിമാനത്തോടെ ഹൃദയത്തിലേറ്റിയിട്ടുള്ള മാധ്യമപ്രവര്‍ത്തകനാണ് സിദ്ദീഖ് കാപ്പന്‍. അങ്ങനെയൊരാളാണ് രാജ്യദ്രോഹിയും തീവ്രവാദിയുമായി മുദ്ര കുത്തപ്പെട്ട് ഇപ്പോള്‍ തടവില്‍ കഴിയുന്നത്. നിരപരാധികള്‍ വേട്ടയാടപ്പെടുന്ന വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ സിദ്ദീഖിന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. 

Related posts

Leave a Comment