സിക്ക വൈറസിന് പിന്നാലെ ഡെങ്കിപ്പനിയും ; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സിക്ക വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനിയും വ്യാപകമാകുന്നു. തിരുവനന്തപുരം ജില്ലയിലാണ് സിക്ക റിപ്പോർട്ട് ചെയ്തതെങ്കിൽ, ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് നിരവധി പേരാണ് മറ്റ് ജില്ലകളിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. രണ്ട് രോഗങ്ങളുടെയും ലക്ഷണങ്ങൾ സമാനമായതിനാൽ രോഗനിർണയം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യം വിലയിരുത്താനായി തദ്ദേശമന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ  മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേർന്നു. രണ്ടു വകുപ്പുകളും ചേർന്നുള്ള സിക്ക വൈറസ് പ്രതിരോധ പ്രവർത്തനത്തിന് തീരുമാനമായി. തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, ഫോഗിംഗ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. ഇതിനുള്ള മരുന്നുകള്‍ ആശുപത്രികള്‍ വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കും.
സംസ്ഥാനത്ത് ആകെ 28 പേര്‍ക്കാണ് സിക്ക വൈറസ് ബാധിച്ചത്. നിലവില്‍ എട്ട് കേസുകളാണുള്ളത്. അതില്‍ 3 പേര്‍ ഗര്‍ഭിണികളാണ്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണ്. സിക്ക വൈറസ് പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതാണ്. മൈക്രോ പ്ലാന്‍ തയ്യാറാക്കിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു.
സിക്ക വൈറസും ഡെങ്കിപ്പനിയും ഈഡിസ് കൊതുകുകളാണ് പരത്തുന്നതിനാല്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. സിക്ക വൈറസിന് പുറമേ ഡെങ്കിപ്പനിയുടെ ഭീഷണിയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍  രോഗവ്യാപന സാധ്യതയുള്ള ഹോട്ട് സ്‌പോട്ടുകളുടെ വിവരം ഡിഎംഒമാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും. അതനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എല്ലാ പിന്തുണയും ആരോഗ്യ വകുപ്പ് നല്‍കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
പുതിയ സാഹചര്യം നേരിടാന്‍ തദ്ദേശ സ്ഥാനങ്ങളെ സജ്ജമാക്കുമെന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വിദ്യാര്‍ത്ഥികളിലൂടെയും അവബോധം ശക്തമാക്കാനും യോഗം നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ പഠത്തിന്റെ ഭാഗമായി തന്നെ ബോധവത്ക്കരണം വീടുകളിലെത്തിച്ചാല്‍ വലിയ ഗുണം ലഭിക്കും. കുടുംബശ്രീ വഴിയും ബോധവത്ക്കരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു.

Related posts

Leave a Comment