പിണറായി വിജയന് കമ്മീഷനടിക്കാൻ കേരളത്തെ നശിപ്പിക്കണോ..? ; കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എഴുതുന്നു

കെ റെയിൽ പദ്ധതി ആർക്കുവേണ്ടിയെന്ന് ചോദിച്ചാൽ അത് ജനങ്ങൾക്കു വേണ്ടിയെന്ന് സാമാന്യബുദ്ധിയുള്ള ആരും പറയില്ല. നാടിനു വേണ്ടിയുള്ള ഒരു പദ്ധതിയല്ല കെ റെയിൽ. നാടിന്റെ വികസനത്തിനു വേണ്ടിയെന്ന വ്യാജേന പ്രഖ്യാപിച്ചിട്ടുള്ള ഈ പദ്ധതി പിണറായി വിജയനെന്ന കേരള മുഖ്യമന്ത്രിക്കും അയാളുടെ ചില സ്വന്തക്കാർക്കും കോടിക്കണക്കിനു രൂപ കമ്മീഷനടിക്കാൻ വേണ്ടിയുള്ള ഒരു പദ്ധതിയായി മാത്രമേ കാണാൻ കഴിയുകയുള്ളൂ.

പറയുന്നതെല്ലാം കള്ളം

കെ റെയിൽ വിഷയത്തിൽ എന്തൊക്കെയോ അജണ്ടകൾ പിണറായി വിജയനുണ്ടെന്നത് വ്യക്തമാണ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തു നിന്നു വരുന്ന വിശദീകരണങ്ങളെല്ലാം കള്ളമാണ്. കെ റെയിൽ പദ്ധതിയുടെ ബഡ്ജറ്റ് പോലും കളവായാണ് പറയുന്നത്. 68000 കോടി രൂപയെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഈ പറയുന്ന കാലത്ത് വളരെ പെട്ടെന്ന് പദ്ധതി നടപ്പിലാക്കിയാൽ പോലും 1,33,000 കോടി രൂപ ചെലവു വരുമെന്ന് നീതി ആയോഗ് കണക്കാക്കുന്നു. ഈ ഇന്ത്യാ മഹാരാജ്യത്ത് ഏതെങ്കിലും പദ്ധതി പറഞ്ഞ സമയത്തു പൂർത്തീകരിച്ചിട്ടുണ്ടോ..? .പദ്ധതി നീണ്ടു പോയാൽ ബഡ്ജറ്റ് എത്രയോ മടങ്ങ് വർധിക്കും, അത് സ്വാഭാവികമാണ്. അപ്പോൾ രണ്ടു ലക്ഷം കോടിയിലധികം രൂപയായിരിക്കും കെ റെയിലിനു വരുന്ന ചെലവ്. ഇതൊക്കെ മറച്ചു പിടിച്ച് പൊട്ടക്കണക്ക് അവതരിപ്പിച്ച് കേരളത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് പിണറായി വിജയൻ.

ഈ ധാർഷ്ട്യം എന്തിന്..?

കേരളത്തെ സംബന്ധിച്ച് ഒരിക്കലും അത്യാവശ്യമല്ല കെ റെയിൽ. കേരളത്തിലെ ജനങ്ങൾ കെ റെയിലിനു വേണ്ടി മുറവിളി കൂട്ടുന്നില്ല. കെ റെയിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഇവിടെ പ്രക്ഷോഭം നടക്കുന്നില്ല. കേരളത്തിൽ ഈ പദ്ധതി വേണമെന്ന് പിണറായി വിജയനും അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന ചുരുക്കം ചിലരും മാത്രം ആഗ്രഹിക്കുന്നു. സിപിഎമ്മിലുള്ള വലിയൊരു വിഭാഗം പ്രവർത്തകർ ഈ പദ്ധതിയെ അനുകൂലിക്കുന്നില്ല. സിപിഎമ്മിനെ എക്കാലത്തും പിന്താങ്ങുന്ന ശാസ്ത്ര സാഹിത്യ പരിഷത്തും എന്തിനധികം ഇടതുമുന്നണിയിലെ ഘടകകക്ഷി നേതാക്കൾ പോലും എതിർപ്പു പറയുന്ന ഒരു ശതമാനം പോലും ന്യായീകരിക്കാൻ കഴിയാത്ത പദ്ധതിക്കു വേണ്ടി പിണറായി വിജയൻ വാശി പിടിക്കുകയാണ്. പദ്ധതിയെ എതിർക്കുന്നവരെ നിസാരമായി കണ്ട് നിങ്ങൾ പോയി പണി നോക്ക്, ഞങ്ങളിത് നടപ്പിലാക്കുമെന്നു പറയുന്ന ധാർഷ്ട്യവും ധിക്കാരവും വക വെച്ചു കൊടുക്കാൻ പറ്റില്ല.

എവിടെയാണ് പ്രൊജക്ട് റിപ്പോർട്ട്

ഏതു പ്രൊജക്ടിന്റേയും ഡിപിആർ ആദ്യം പുറത്തു വിടണം. കെ റെയിലിന്റെ ഡിപിആർ ഇതു വരെ നാടു കണ്ടിട്ടില്ല. മറ്റൊന്ന് കേന്ദ്രത്തിന്റെ അനുമതി വേണം. കോടതിയെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര റെയിൽവേയുടെ ഒരു അഭിഭാഷകനെ കൊണ്ട് അനുമതിയുണ്ടെന്ന് വാക്കാൽ പറഞ്ഞതല്ലാതെ അനുമതി സംബന്ധിച്ച് എന്തെങ്കിലും തെളിവുണ്ടോ ഹാജരാക്കാൻ..? റെയിൽവേ ഇതു സംബന്ധിച്ച് സർവേ നടത്തിയിട്ടില്ല. ഒരു സർവേയും നടത്താതെ എന്തു പെർമിഷനാണ് പിന്നെ നൽകിയിട്ടുള്ളത്. മുഖ്യമന്ത്രിയടക്കം പറയുന്നതെല്ലാം കളവാണ്.
ജനത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണ് കെ റെയിൽ. ദുരന്തമല്ലാതെ ഇതു കൊണ്ട് ഈ നാടിന് ഒരു നേട്ടവുമില്ല. അഥവാ എന്തെങ്കിലും നേട്ടമുണ്ടെങ്കിൽ അത് ഈ നാടിനെ ബോധ്യപ്പെടുത്തണം. പരിസ്ഥിതി ആഘാത പഠനവും സാമൂഹിക ആഘാതപഠനവുമൊക്കെ നടത്തി കെ റെയിൽ ഒരു തരത്തിലും കേരളത്തെ ബാധിക്കില്ലെന്ന് തെളിയിക്കാൻ സാധിക്കണം. എന്നിട്ടു മതി ഈ പദ്ധതിയുമായുള്ള മുന്നോട്ടു പോക്ക്.

തെറ്റു തിരുത്തലാണ് മാന്യത

കെ റെയിലിനെതിരേ യുഡിഎഫ് സമരം ശക്തമാക്കുമ്പോൾ പിണറായി വിജയനും കൂട്ടരും ഉയർത്തുന്ന വിമർശനം യുഡിഎഫിന്റെ മാനിഫെസ്റ്റോയിൽ മുമ്പ് ഈ പദ്ധതി ഉണ്ടായിരുന്നു എന്നതാണ്. ഉമ്മൻചാണ്ടി മന്ത്രിസഭ അധികാരമേൽക്കുമ്പോൾ യുഡിഎഫ് മാനിഫെേേസ്റ്റായിൽ ഇത്തരമൊരു പദ്ധതിയുണ്ടായിരുന്നു. ഞങ്ങൾ നിഷേധിക്കുന്നില്ല. പക്ഷേ ഞങ്ങളതിന്റെ സാധ്യതകൾ പിന്നീട് പഠിച്ചു. ഒരു തരത്തിലും ഈ പദ്ധതി കേരളത്തിന് ഗുണകരമാകില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടി സർക്കാർ അതിൽ നിന്നു പിന്നാക്കം പോയി. ബദൽപദ്ധതി മുന്നോട്ടു വെച്ചു. നിലവിലുള്ള റെയിൽപാളത്തിലെ വളവുകളില്ലാതാക്കിയുള്ള ബദൽ പ്രൊപ്പോസൽ മുന്നോട്ടു വെച്ചു. റണ്ണിംഗ് ടൈമും ദൂരവും സമയവുമൊക്കെ ലാഭിക്കാനുള്ള പതിനായിരം കോടിയുടെ പദ്ധതി കൊണ്ടു വന്നു. അതിനെ പിൻപറ്റുന്നതിനു പകരം കേരളത്തിന് ഒട്ടും ഗുണകരമല്ലാത്ത ഒരു പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞ് വെല്ലുവിളിക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിനു ചേർന്നതാണോ..? ഇതെന്താ ഏകാധിപതിയുടെ ഭരണമാണോ കേരളത്തിൽ..?

പൂരപ്പറമ്പിലെ ഓഫറുകൾ

ഉൽസവസ്ഥലത്തൊക്കെ സാധനങ്ങൾക്ക് വില കൂട്ടിയിട്ട് ഓഫർ വിളിച്ചു പറഞ്ഞ് വില കുറച്ചു വിലപ്നയെന്ന് ആളുകളെ ബോധ്യപ്പെടുത്തി ആകർഷിക്കുന്ന രീതിയുണ്ട്. അതു പോലെയാണ് പുനരധിവാസത്തിന്റെ പേരിൽ മുഖ്യമന്ത്രി ഓഫറുകൾ വിളിച്ചു പറയുന്നത്. കവളപ്പാറയിൽ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരെ, വല്ലാർപാടത്ത് കുടിയൊഴിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ സാധിക്കാത്ത ഇവരുടെ ഓഫറുകൾക്ക് എന്ത് വിലയാണ് കേരളം കല്പിക്കേണ്ടത്..?

പിണറായി വിജയന്റെ അജണ്ട

മുഖ്യമന്ത്രി പിണറായി വിജയന്റെ മാത്രം അജണ്ടയാണ് ഇതിനു പിന്നിൽ. ഒരിക്കലും സുതാര്യമല്ലാത്ത, സത്യസന്ധമല്ലാത്ത അജണ്ട. കമ്മീഷൻ വാങ്ങുന്നതിൽ ഡോക്ടറേറ്റ് വാങ്ങിച്ചയാളാണ് പിണറായി വിജയൻ. എത്ര പ്രൊജക്ടുകളിൽ കമ്മീഷൻ വാങ്ങിയിട്ടുണ്ട്. ലാവ്‌ലിൻ ഇടപാടിൽ തുടങ്ങി എന്തൊക്ക കമ്മീഷൻ ഇടപാടുകളാണ് മുഖ്യമന്ത്രി നടത്തിയത്..? രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായിരിക്കേ എത്രയെത്ര ഇടപാടുകളാണ് പുറത്തു കൊണ്ടു വന്നത്..? അതിനെയൊക്കെ അവഗണിക്കുകയും അസംബന്ധമെന്നു പറഞ്ഞ് വിമർശിക്കുകയും ചെയ്ത പിണറായി വിജയൻ തെളിവു വന്നപ്പോൾ ഒരക്ഷരം മിണ്ടിയില്ല. സ്പ്രിംഗ്‌ളർ, പമ്പാ മണൽകടത്ത് തുടങ്ങി എന്തൊക്കെ ഇടപാടുകൾ. പ്രൊജക്ടുകൾക്കു മറവിൽ കമ്മീഷൻ തട്ടിയെടുക്കുന്ന പിണറായി വിജയന്റെ കുബുദ്ധിയിൽ ഉദിച്ചതാണ് കെ റെയിൽവേ എന്നേ ഞാൻ പറയുകയുള്ളൂ.

ആക്രിസാധനങ്ങളുടെ
കമ്മീഷൻ

സിൽവർലൈൻ റെയിൽ പദ്ധതി സ്റ്റാൻഡേർഡ് ഗേജിൽ നിർമിക്കുന്നത് ജപ്പാൻ കമ്പനിയുടെ താൽപര്യത്തിലാണ്. ജപ്പാനിലൊക്കെ കാലഹരണപ്പെട്ട പദ്ധതിയാണിത്. ജപ്പാൻ കമ്പനിയിൽ കെട്ടിക്കിടക്കുന്ന പഴയ ആക്രിസാധനങ്ങൾ വാങ്ങിക്കൂട്ടി ശതകോടികൾ കമ്മീഷനായി തട്ടിയെടുക്കലാണ് പിണറായി വിജയന്റെ അജണ്ട. ഇന്ത്യയുടെ ഭൂമിശാസ്ത്രത്തിന് അനുയോജ്യമല്ലാത്ത ഒരു രീതി അതിനായി ഇവിടെ അവലംബിക്കുകയാണ്. പഴയ സാധനം ഇവിടെ കൊണ്ടു വന്ന് ഫിറ്റാക്കുന്നതിനു പിന്നിൽ കമ്മീഷനടിച്ചെടുക്കുക എന്നതല്ലാതെ വേറെന്താണ്..?

ജനങ്ങളെ ബോധ്യപ്പെടുത്തൂ
പിന്തുണക്കാം..

കെ റെയിൽ സംബന്ധിച്ച് ഒരു ദിവസം നിയമസഭയിൽ ചർച്ച ചെയ്യാൻ പോലും പിണറായി സർക്കാർ തയ്യാറായിട്ടില്ല. ഇതെന്ത് മര്യാദയാണ്..? പിണറായി വിജയനു മാത്രമായി ഒരു ഭരണസംവിധാനമുണ്ടോ..? ജനാധിപത്യ സംവിധാനത്തിൽ തുറന്ന ചർച്ചകൾ സ്വാഭാവികമല്ലേ.. കെ റെയിലിന്റെ ആവശ്യകത ശാസ്ത്രീയമായി ജനങ്ങളെ ബോധ്യപ്പെടുത്തണം. 2 ലക്ഷം കോടിയുടെ പ്രൊജക്ടിന് ജനങ്ങളുടെ അംഗീകാരം നേടാനുള്ള ബാധ്യത സർക്കാരിനുണ്ട്. ജനഹിതം മാനിക്കാതെ ഈ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നു പിണറായി വിജയനും സിൽബന്തികളും പറയുമ്പോൾ അതിന് പണം കണ്ടെത്തുന്നത് എ കെ ജി സെന്ററിൽ നിന്നോ പിണറായി വിജയന്റെ കുടുംബസ്വത്തിൽ നിന്നോ അല്ല. കടം വാങ്ങിക്കൂട്ടുന്നത് ഈ കേരളത്തിലെ ഓരോ സാധാരണക്കാരന്റേയും തലയിൽ അധികബാധ്യത അടിച്ചേൽപ്പിച്ചു കൊണ്ടാണ്. അതു മനസിലാക്കണം.

നാടിനു വേണ്ടിയാണ് ഈ പദ്ധതിയെന്ന് തെളിയിക്കാൻ പിണറായി വിജയന് സാധിക്കണം. ഇതു വരെ അതിനു കഴിഞ്ഞിട്ടില്ല. പദ്ധതി കൊണ്ട് യാതൊരു അപകടവുമില്ലെന്ന് ശാസ്ത്രീയമായി ബോധ്യപ്പെടുത്തണം. ഇതു വരെ അതും ചെയ്തിട്ടില്ല. കെ റെയിൽ വന്നാൽ അതിന്റെ പരിസരത്തൊന്നും വികസനം വരില്ല. എട്ടു മീറ്റർ ഉയരത്തിൽ മതിൽ കെട്ടും. അത് കേരളത്തെ വിഭജിക്കുന്നതിനു തുല്യമായിരിക്കും. കേരളത്തിന്റെ പരിസ്ഥിതിയെ അതു ബാധിക്കും. ഇതിനകം ഉന്നയിക്കപ്പെട്ടിട്ടുള്ള ഈ വസ്തുതകളിൽ കൃത്യമായ മറുപടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം. വസ്തുനിഷ്ഠമായി കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി കെ റെയിൽ കേരളത്തിനാവശ്യമാണെന്ന് ബോധ്യപ്പെടുത്താൻ സർക്കാരിനു സാധിച്ചാൽ തീർച്ചയായും ഇരുകൈയും നീട്ടി ഞങ്ങൾ വികസന പദ്ധതിയെ പിന്തുണയ്ക്കും. അല്ലാത്തിടത്തോളം ഞങ്ങളിതിനെ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും, സംശയമേ വേണ്ട.

Related posts

Leave a Comment