“ഉമ്മട്ടകുളിയൻ”- ചെറുകഥാ നിരൂപണം ; രതീഷ് ബാബു എ കെ

ഭാഷപരമായി ഉന്മാദം ആണ് ഉമ്മട്ടം ആയി ലോപിച്ചതെന്നു കരുതുന്നു ..!

ഉമ്മട്ടം എന്ന വാക്ക് പ്രദേശികമായി അസ്വസ്ഥത എന്ന വാക്കിനു പകരമായും ഉപയോഗിക്കുന്നുണ്ട്….!

ഗുളികന്റെ കോലം പൊതുവേ ഉന്മാദവസ്ഥയിൽ തന്നെയാണ്…!
അപ്പൊ പിന്നെ ഉന്മാദാ/ഉമ്മട്ട കുളിയന്റെ അവസ്ഥ പറയണോ? ശരിക്കും ഉമ്മട്ടം മുട്ടിക്കും…!
ഗുളികന്റെ “ഉദയത്തെ” തന്നെ ഒരു കുഞ്ഞായി കണ്ട് സ്വയം അമ്മയായി മാറി ഒരു തരം ഉന്മാദാത്തോടെ സൃഷ്ടി, സ്ഥിതി സംഹാരത്തിന്റെ ഭാവതീവ്രമായ അവസ്ഥവിശേഷങ്ങൾ ഭക്തനോട് സംവദിക്കുന്ന ഉമ്മട്ടകുളിയൻ ഒരു വേറിട്ട തെയ്യാനുഭവം തന്നെയത്രേ !

ആ ഉമ്മട്ടകുളിയന്റെ പശ്ചാത്തലത്തിൽ ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന, പരിസ്ഥിതി/കാലാവസ്ഥ പ്രശ്നങ്ങൾ സാമാന്തരമായി ചർച്ചക്കു വിധേയമാക്കുന്ന,
പരിഹാസത്തിലൂടെ/പൊട്ടിച്ചിരിയിലൂടെ പൊട്ടൻ കളിയിലൂടെ തീ പിടിപ്പിക്കുന്ന ഒരുപാട് ചോദ്യങ്ങളുടെ “ചൂട്ട് ” വീശികൊണ്ടിരിക്കുന്ന ഉമ്മട്ടകുളിയന്റെ പരകായപ്രവേശം നടത്തുന്ന “രാമചന്ദ്രൻ ” മാരുടെ കഥയാണിത്..!

“കലശം” കൊടുത്തു ഉപാസാകനായി മാറിയ രാമചന്ദ്രൻ സ്വയം ഉമ്മട്ടകുളിയൻ ആവുക മാത്രമല്ല സ്വഭാവ സവിശേഷതകൾക്കൊണ്ട് മറ്റുള്ളവരുടെ കണ്ണിലും ഒരു ഗുളികനോ അല്ലെങ്കിൽ ഉന്മാദിയോ ആയിരുന്നോ എന്നു സംശയിക്കുന്നതിൽ തെറ്റ് പറയാനാവില്ല….!
“ഉമ്മട്ടകുളിയൻ കയത്തിൽ ചാടിയ പോലെ നീ നാടു വിട്ടു” എന്ന എളേമ്മയുടെ ചോദ്യം, മറവ്വിരോഗം മൂർച്ഛിച്ചു, ഇടക്കിടക്ക് കാണാൻ വരുന്ന സ്വന്തം അനിയത്തിയെപോലും ഓർക്കാൻ കഴിയാത്ത രാമചന്ദ്രന്റെ അമ്മ ഒരിക്കലും മറക്കാതെ ചോദിക്കുന്ന ചോദ്യം ” നിന്റെ ഉമ്മട്ടകുളിയൻ വന്നോന്നു “!! തീർച്ചയായും എളേമ്മയുടെ ഉമ്മട്ടകുളിയൻ ഒരു പൊട്ടികരച്ചിലോടെ ആ അന്വേഷണത്തിനു ഉത്തരം നൽകുകയും ചെയ്യുന്നുണ്ട്!

രണ്ടുതരം കാഴ്ചയിലൂടെയാണ് കഥ വികസിക്കിക്കുന്നത്…!
നഷ്ടപെട്ട ഭൂതകാലത്തിന്റെ നരച്ചക്കാഴ്ചയിൽ പഴയ അടയാളങ്ങളെ തിരിച്ചറിയാൻ ശ്രമിക്കുന്ന രാമചന്ദ്രൻ…!

അടിമുടി പൂത്ത കൊന്നയും, നൃത്തമാടുന്ന മയിലും, വറ്റിയ പുഴയും അത്ഭുതത്തോടെ കാണുന്ന മകൾ വരലക്ഷ്‌മി….!

കഥയുടെ ആദ്യ ഭാഗത്ത് അടിമുടി പൂത്ത കൊന്നയെ പരാമർശിച്ചപ്പോൾ സ്വഭാവികമായും വായനക്കാരൻ “കൊന്ന പൂത്ത” ആ കാലം കണക്കുകൂട്ടും…. അച്ഛനും മകളും വേനലാവധികാലത്ത് അച്ഛന്റെ പഴയ തറവാട്ടിലേക്കു കാലങ്ങൾക്ക് ശേഷം
തിരിച്ചു വരുന്നു എന്നു തോന്നിപ്പിക്കുന്നു…!
പക്ഷേ കാലം തെറ്റി പൂത്ത കൊന്നയാണ് അതെന്നു തിരിച്ചറിയുമ്പോൾ മനസ്സ് വല്ലാതെ ഉമ്മട്ടം മുട്ടിപോകുന്നു…. നാട് മരുഭൂമി ആകുമെന്നും മരത്തിന്റെ “മാസമുറ” തെറ്റി എന്ന പ്രയോഗവുമെല്ലാം ചൂട്ടിന്റെ ചൂടിനെക്കാൾ മനസിനെ പൊള്ളിക്കുന്നു…!

പ്രമുഖ റേഡിയോ നാടക സംവിധായകൻ കെ വി ശരത്ചന്ദ്രൻ പറഞ്ഞതുപോലെ റേഡിയോയെ/ആകാശവാണിയെ സ്നേഹിക്കുന്ന ശക്തമായ ന്യൂനപക്ഷം ഈ സമൂഹത്തിലുണ്ട്. അവരുടെ പ്രതിനിധിയാണ് എളേമ്മ എന്നു തോന്നിപോയി..!

ചില നഷ്ടങ്ങളാണ് മറ്റു ചില നഷ്ടങ്ങളെ തിരിച്ചു പിടിക്കാൻ പ്രേരിപ്പിക്കുന്നത്….രാമചന്ദ്രൻ ഭാര്യയുമായി അത്ര രസത്തിലല്ല എന്നു ഒരു ചെറിയ മറുപടിയിൽ നിന്നും തന്നെ എളേമ്മ മനസ്സിലാക്കുന്നുണ്ട്…കഥയുടെ ആദ്യ ഭാഗത്തു ഒരു നഷ്ടപ്രണയത്തിന്റെ നേർത്ത സൂചനയും നൽകുന്നുണ്ട്…!
മനസ്സിനകത്തു പ്രതിഷ്ഠിച്ച, പടിഞ്ഞാറ്റയിലെ തെയ്യങ്ങളെ കാണാൻ പതിറ്റാണ്ടുകൾക്ക് ശേഷം രാമചന്ദ്രൻ വന്നുവെങ്കിൽ അതു തന്റെ ആത്മസംഘർഷത്തിനു മോചനംതേടി തന്നയാണ്…

തറവാടിന്റെ ശോച്യാവസ്ഥയും കളിയാട്ടവും തെയ്യവും മുടങ്ങിയതുമെല്ലാം കഥയിൽ വ്യക്തമായി വിശദമാക്കുന്നുണ്ട്…സമകാലിക സാമൂഹ്യവസ്ഥയിൽ ചെറിയ ഒരു വൈരുദ്ധ്യം തോന്നി… (കോവിഡ് കാലം അല്ല ).
പൊളിഞ്ഞ കല്ലും തറയും പിന്നെ കുറിയും കണ്ട സ്ഥലങ്ങളിൽ മുഴുവൻ പുനരുദ്ധാരണ കമ്മിറ്റികൾ രൂപീകരിച്ചു പുനപ്രതിഷ്ഠയും ബ്രഹ്മ കലാശോത്സവങ്ങളും അഭംഗുരം നടത്തപ്പെടുന്ന നാട്ടിൽ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഒരു ദേവസ്ഥാനം ഇപ്പോഴും ബാക്കിയെന്നോ?ദേശത്തെ പൗരപ്രമുഖർ പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചു ദൈവങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തനമാരംഭിച്ചത് കഥാകാരൻ ചിലപ്പോൾ അറിഞ്ഞിട്ടുണ്ടാവില്ല….!(ഈയുള്ളവൻ സന്തോഷത്തോടെ അങ്ങനെയുള്ള കമ്മിറ്റികളുടെ ഭാഗവാക്കായിരുന്നിട്ടുണ്ട്)

വീണ്ടും കഥയിലേക്ക് വന്നാൽ,

എന്തിനായിരിക്കും കോലധാരി ഉമ്മട്ടകയത്തിന്റെ ആഴത്തിൽ വേഷം ഒളിപ്പിച്ചുവെച്ചത്…..! ഉമ്മട്ടകുളിയന്റെ ഉന്മാദം കോല ധാരിയിൽ ആവേശിച്ചതോ?

ഗുളികൻ ശിവസങ്കല്പം തന്നെയാണ്….!
സംഹാരം മാത്രമല്ല സംരക്ഷണവും “നീലകണ്ഠ”ന്റെ ഉത്തരവാദിത്തമാണ്..! വറ്റിയ പുഴയിൽ കുഴമ്പുരൂപത്തിൽ ഭയാനകമായി വാ പിളർത്തി നിൽക്കുന്ന ഉമ്മട്ടകയം സാക്ഷാൽ ശിവന്റെ കണ്ഠത്തിലെ ആ വിഷം തന്നെയല്ലേ? മനുഷ്യൻ ഈ പ്രകൃതിയോട് ചെയ്തുതീർത്ത സകലമാനപാപങ്ങളുടെയും വിഷം ആ ചത്ത പുഴ ഏറ്റുവാങ്ങി…!

ഉറങ്ങുമ്പോൾ മുഖത്തിനു നേരെ വരുന്ന ചൂട്ട് തിരിച്ചറിവിന്റേതാണ്…!
അവനവനിലെ ഉന്മാദം ഒരു പരിഹാസ ചിരിയോടെ മോപ്പളയിൽ തെളിയട്ടെ….!
തൊണ്ടച്ചൻ മാവു വെട്ടി അവിടെ ഭൂമി തുരന്നു ഉറവ തേടുന്ന നിസ്സഹായതയെയും ഉമ്മട്ട കുളിയൻ മഞ്ഞപൊടിയെറിഞ്ഞു അനുഗ്രഹിക്കട്ടേ ….!
ചുട്ടുപൊള്ളുന്ന ചോദ്യങ്ങളുടെ ചൂട്ടേന്തി ഉമ്മട്ടകുളിയമാർ ഉന്മത്തനർത്തനമാടട്ടെ….!

ആദർശങ്ങളുടെയും സിന്ധാന്തങ്ങളുടെയും മുഖംമൂടികളിണഞ്ഞവരുടെ പൊള്ളത്തരത്തിനെതിരെ, ഒളിവോ മറവോ ഇല്ലാതെ പ്രകൃതിയോട് കാണിക്കുന്ന അനീതിക്കെതിരായി ഉമ്മട്ടകു ളിയൻമാരുടെ ചുട്ടുപൊള്ളുന്ന ചോദ്യങ്ങൾ വീണ്ടും വീണ്ടും ഉയരട്ടെ….!

അംബികസുതൻ മാങ്ങാടിന്റെ ഉമ്മട്ടകുളിയൻ കേവല വായനക്കപ്പുറത്ത്, വായനയും പുനർവായനയും എതിർവായനയും ആവശ്യപെടുന്ന ഗഹനമായ വായനയുടെ “ഉന്മാദം” സൃഷ്‌ടിക്കുമെന്ന് നിസ്സംശയം പറയാം…

Related posts

Leave a Comment