കുരുക്കിനുള്ളിലൂടെ പ്രഭാതം ദൃശ്യമാണ് – കബീർ എം പറളി ; ചെറുകഥവായിക്കാം

എഴുത്തുകാരനെ പരിചയപ്പെടാം :

കബീർ എം പറളി , എഴുത്തുകാരൻ

വിവിധ വിഷയങ്ങളില്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പൊക്കിള്‍ കൊടിയിലെ രക്തം എന്ന ഒരു കവിതാ സമാഹാരവുമുണ്ട്

കുരുക്കിനുള്ളിലൂടെ പ്രഭാതം ദൃശ്യമാണ്

അന്ന് രാത്രി അയാള്‍ ഉറങ്ങിയില്ല.
കഴിഞ്ഞ നാലുവര്‍ഷം താന്‍ ജീവനേക്കാള്‍ സ്‌നേഹിച്ചിരുന്ന കാമുകി മറ്റൊരാളുടെ മണിയറയില്‍ ആഹ്ലാദിക്കുന്ന അന്നു രാത്രി അയാള്‍ക്ക് എങ്ങനെ ഉറക്കം വരാനാണ്.
പ്രതീക്ഷകള്‍ പ്രഭാതങ്ങള്‍ തന്നതും
സ്വപ്‌നങ്ങള്‍ പൂന്തോപ്പുകള്‍ തീര്‍ത്തതും
ഹൃദയത്തില്‍ നക്ഷത്രങ്ങള്‍ പുഞ്ചിരിച്ചു നിന്നതും
ഒക്കെയൊക്കെ അവളെക്കൊണ്ടായിരുന്നല്ലൊ
നെയ്‌തെടുത്ത കിനാവുകളെല്ലാം നിഷ്‌കരുണം കത്തിച്ചുകളഞ്ഞാണ് അവള്‍ തന്നെ തനിച്ചാക്കി പോയത്!
വാക്കുകളെല്ലാം പാഴ് വാക്കുകളായി
തനിക്കു നല്‍കിയ പ്രേമപുഷ്പങ്ങളെല്ലാം മണമില്ലാത്ത കടലാസു പൂക്കളാണെന്ന് തിരിച്ചറിയാനായില്ല
മനുഷ്യന്‍ കരുണയറ്റവനാണ്
ഒരു നിമിഷം കൊണ്ടാണ് മനുഷ്യന്റെ മനം മാറുന്നതും മറ്റൊരാളാകുന്നതും!
ഭൂമി ഇടുങ്ങിയിരിക്കുന്നു
നിരാശയുടെ കരിമ്പടത്താല്‍ വഴികള്‍ ഇരുളടഞ്ഞിരിക്കുന്നു
പ്രണയത്തിന്റെ പ്രതിഫലമാണൊ നിരാശ?!
അയാള്‍ അങ്ങനെയാണ് ആ തീരുമാനമെടുത്തത്
ഇനി ആത്മഹത്യയാണ് അവസാനത്തെ വഴി;
തന്റെ മരണമറിഞ്ഞ് അവള്‍ കരയട്ടെ
തന്റെ മരണം ആയുഷ്‌കാലം മുഴുവന്‍ അവളെ വേട്ടയാടട്ടെ
പ്രണയമവസാനിക്കുന്നിടത്ത് മരണം കൈകൊട്ടിച്ചിരിക്കുമെന്ന് അവള്‍ക്ക് ബോധ്യം വരട്ടെ
നേരം വെളുക്കാന്‍ ഇനിയും സമയമുണ്ട്
അയാള്‍ എഴുന്നേറ്റു
കൂജയിലെ അവസാനത്തെ ജലവും അയാള്‍ കിതപ്പോടെ കൂടിച്ചു തീര്‍ത്തു.
ബെഡ്ഷീറ്റെടുത്ത് ഫാനില്‍ ബലത്തില്‍ കെട്ടുമ്പോള്‍ അയാളുടെ കൈകള്‍ വിറച്ചിരുന്നു.
താഴെ, കഴുത്തിനു പാകത്തില്‍ കുരുക്കുകെട്ടി ഒരു നിമിഷം അയാള്‍ കണ്ണടച്ചു നിന്നു
സ്‌നേഹം, സ്‌നേഹം നല്‍കിയ മൂഹൂര്‍ത്തങ്ങള്‍, കിനാവുകള്‍, കിനാവു തീര്‍ത്ത ആഹ്ലാദങ്ങള്‍…. എല്ലാം അയാള്‍ ആലോചിച്ചിരിക്കണം.
സ്‌നേഹിക്കപ്പെട്ടവരുടെ വിയോഗം സ്‌നേഹിച്ചവരുടെ മനസ്സില്‍ തീരാത്ത മുറിവുണ്ടാക്കുമൊ?
ഉണ്ടാക്കുമല്ലൊ
താന്‍ സ്‌നേഹിച്ചവള്‍ തന്നെ പരിഗണിക്കാതെ പടിയിറങ്ങിയപ്പോള്‍ മനസ്സില്‍ നിറയെ മുറിവുകളായിരുന്നല്ലൊ
അവയില്‍ നിന്ന് ഇപ്പോഴുമൊഴുകുന്നുണ്ട് രക്തം!
എങ്കില്‍…
എങ്കില്‍…
എന്നെ സ്‌നേഹിച്ചവരെ പരിഗണിക്കാതെ അവരുടെ ഹൃദയത്തില്‍ നിന്നും നിഷ്‌കരുണം ഇറങ്ങിപ്പോകാനൊരുങ്ങുന്ന ഞാന്‍ എത്രപേരുടെ ഹൃദയങ്ങളില്‍ മുറിവുകളുണ്ടാക്കുന്നുണ്ടാകണം?
ഞാന്‍ സ്‌നേഹിച്ചത് ഒരാളെ മാത്രം
എന്നെ സ്‌നേഹിച്ചവര്‍ ഒരുപാടു പേര്‍
അവരില്‍ പ്രധാനികള്‍ രണ്ടുപേര്‍!
അച്ചനും അമ്മയും!
അവര്‍ക്ക് ഞാന്‍ പ്രതീക്ഷയാണ്
അവര്‍ക്ക് ഞാന്‍ സ്വപ്‌നമാണ്
അവര്‍ക്ക് ഞാന്‍ ആഹ്ലാദമാണ്
അവര്‍ക്ക് ഞാന്‍ ഭൂമിയും ആകാശവുമാണ്
ആ രണ്ടു സ്‌നേഹമയികള്‍ക്ക് ആജീവനാന്തം കണ്ണീരു നല്‍കി വേണം ഈ കുരുക്കിനുള്ളിലൂടെ തനിക്കു കടന്നുകളയാന്‍ എന്നര്‍ത്ഥം!
അയാളുടെ മനസ്സ് ഒരിക്കല്‍ കൂടി മന്ത്രിച്ചു; മനുഷ്യന്‍ കരുണയറ്റവനാണ്.
തന്നെ മാറിനിന്നു സ്‌നേഹിച്ചവളുടെ വിയോഗം ഇത്രമാത്രം തന്നെ വേദനിപ്പിക്കുന്നുവെങ്കില്‍,
തന്നെ കൂടെ നിന്നു സ്‌നേഹിച്ച രണ്ടുപേര്‍ക്ക് തന്റെ വിയോഗം എത്രമേല്‍ വേദനയുണ്ടാക്കണം!
ഒരു നിമിഷം കൊണ്ടാണ് മനുഷ്യന്റെ മനം മാറുന്നതും മറ്റൊരാളാകുന്നതും!
അപ്പോള്‍, പുതിയൊരു പ്രഭാതത്തിന്റെ കൊട്ടുംകുരവയുമായി അയാളുടെ ജീവിതത്തില്‍ കിഴക്കുണരുന്നുണ്ടായിരുന്നു.

Related posts

Leave a Comment