കടകള്‍ തുറന്നു, വാക്സിന്‍ മെസേജ് കരുതണം, കര്‍ശന നടപടി വേണ്ടെന്നു നിര്‍ദേശം

തിരുവനന്തപുരംഃ സംസ്ഥാനത്ത് മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു. കോവിഡ് പ്രതിസന്ധി മൂലം മാസങ്ങളായി അടച്ചിടുകയും പിന്നീടു ഭാഗികമായി തുറക്കുകയും ചെയ്ത സ്ഥാപങ്ങളാണ് ഇന്നു മുതല്‍ സ്ഥിരമായി തുറക്കുന്നത്. നിലവില്‍ വെള്ളിയാഴ്ചകളില്‍ മാത്രമായിരുന്നു കടകളെല്ലാം തുറന്നത്. ഇന്നു തുറക്കുന്ന സ്ഥാപനങ്ങളില്‍ ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും ഇരുന്നുള്ള ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. ബാര്‍ ഹോട്ടലുകളിലും പാഴ്സല്‍ മാത്രം. സിനിമാ തീയെറ്ററുകള്‍, സാംസ്കാരിക നിലയങ്ങള്‍, എന്നിവയും അടഞ്ഞുകിടക്കും. എന്നാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, മാളുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, വര്‍ക്ക് ഷോപ്പുകള്‍, തുടങ്ങിയവ പ്രവര്‍ത്തിക്കും.

സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തുറക്കില്ല. എന്നാല്‍ സര്‍വകലാശാലാ, പിഎസ്‌സി പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടത്തും. ഓണ്‍ ലൈന്‍ ക്ലാസുകളും പ്രവേശന നടപടികളും തുടരും. മുഴുവന്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, കമ്പനി, കോര്‍പ്പറേഷന്‍, സഹകരണ സ്ഥാപനങ്ങളെല്ലാം തിങ്കള്‍ മുതല്‍ വെള്ളിവരെ സാധാരണ പോലെ പ്രവര്‍ത്തിക്കും. ബാങ്കുകള്‍ക്കും ഇതു ബാധകം. കടകളിലും ഓഫീസുകളിലുമെത്തുന്നവര്‍ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവരായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിലുണ്ട്. വാക്സിനേഷനില്ലെങ്കില്‍ രോഗം വന്നു ഭേദമായവരോ, ആര്‍ടിപിസി ആര്‍ പരിശോധനാഫലം നെഗറ്റീവ് ആയവരോ മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളത്. എന്നാല്‍, സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന തരത്തില്‍ ഈ പരിശോധനകള്‍ പാടില്ലെന്നു പോലീസിനു നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

പൊതു ഗതാഗതങ്ങളെല്ലാം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പ്രോട്ടോകോള്‍ പാലിക്കണം. അമിതമായി യാത്രക്കാരെ കയറ്റാന്‍ അനുവദിക്കില്ല. കെ.,എസ്ആര്‍ടിസി നിര്‍ത്തിയുള്ള യാത്ര അനുവദിക്കില്ല.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന് (ടിപിആര്‍) പകരം ഇനി മുതല്‍ പ്രതിവാര രോഗബാധ നിരക്ക് ( Weekly infection population ratio) അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുക. ആള്‍ക്കൂട്ടവും തിരക്കും ഒഴിവാക്കാന്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാമെന്നാണ് ഉത്തരവ്.

ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും രാത്രി 9.30 വരെ ഓണ്‍ലൈന്‍ ഡെലിവറിയും അനുവദനീയമാണ്. എല്ലാ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവും ഉറപ്പാക്കേണ്ട ബാധ്യത സ്ഥാപന ഉടമയ്ക്ക് ആയിരിക്കും.

ഒരു ഡോസ് വാക്‌സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവര്‍, കോവിഡ് പൊസീറ്റിവായി ഒരു മാസം കഴിഞ്ഞവര്‍, 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവര്‍ എന്നിവര്‍ക്ക് മാത്രമേ വ്യാപാരശാലകളിലും മാര്‍ക്കറ്റുകളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനമുണ്ടാവൂ.

അവശ്യവസ്തുക്കള്‍ വാങ്ങല്‍, വാക്‌സിനേഷന്‍, കോവിഡ് പരിശോധന, അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍, മരുന്നുകള്‍ വാങ്ങാന്‍, ബന്ധുക്കളുടെ മരണം, അടുത്ത ബന്ധുക്കളുടെ കല്ല്യാണം, ദീര്‍ഘദൂരയാത്രകള്‍, പരീക്ഷകള്‍ എന്നീ ആവശ്യങ്ങള്‍ക്ക്, വേണ്ടി ആളുകള്‍ക്ക് പുറത്തു പോകാം. ഓരോ ആഴ്ചയിലും പഞ്ചായത്തുകളിലെയും നഗരസഭാ മുന്‍സിപ്പല്‍ വാര്‍ഡുകളിലെയും കോവിഡ് രോഗികളുടെ എണ്ണം എടുത്ത് പരിശോധിച്ച്‌ ആയിരത്തില്‍ എത്ര പേര്‍ക്ക് രോഗമുണ്ടെന്ന് കണക്കെടുക്കും. ആയിരം പേരില്‍ പത്തിലേറെ പേര്‍ പോസിറ്റീവ് ആയാല്‍ അവിടെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ഈ കേന്ദ്രങ്ങള്‍ ഒരാഴ്ച അടച്ചിടും. എല്ലാ ബുധനാഴ്ചയും ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ജില്ല തല സമിതി പ്രസിദ്ധീകരിക്കും.

Related posts

Leave a Comment