കടകളും സ്കൂളുകളും തുറക്കണം; ബദൽ നിർദേശങ്ങളുമായി ഐ.എം.എ

തിരുവനന്തപുരം: 18 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയനം ആരംഭിക്കണമെന്നും എല്ലാ ദിവസവും കടകൾ തുറക്കണമെന്നും ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ബദൽ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. നിയന്ത്രണങ്ങളിലെ അശാസ്ത്രീയത ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വാരാന്ത്യ ലോക്ഡൗൺ പിൻവലിക്കുന്നത് അടക്കമുള്ള മാറ്റങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് സർക്കാർ യോഗം ചേരുന്നതിന് മുന്നോടിയായാണ് ഐ.എം.എയുടെ നിർദ്ദേശങ്ങൾ. എല്ലാ മേഖലകളും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണം. കോളേജ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വാക്സീൻ നൽകിയ ശേഷം വേണം അധ്യയനം ആരംഭിക്കാൻ. 18 വയസിന് താഴെ പ്രായമുള്ളവ‍ർക്കും വാക്സീൻ നൽകുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുകയും വേണം. പ്രധാന ടൂറിസം കേന്ദ്രങ്ങളും തുറക്കണം. എല്ലാ വ്യാപാര- വ്യവസായശാലകളും എല്ലാ ദിവസവും തുറക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.
കേരളത്തിലെ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തി വിപുലമായ സീറോ സർവേക്ക് തയാറാണെന്നും ഐ.എം.എ വ്യക്തമാക്കി. നിലവിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് സീറോ സ‍ർവ്വേ നടത്തിയത്. ഇതിന് പകരം എല്ലാ ജില്ലകളിലുമായുള്ള ആധികാരിക പഠനം വേണം. കൂടുതൽ സിഎഫ്എൽടിസികൾ സജ്ജമാക്കണം. ഈ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകരെ സമരത്തിലേക്ക് തള്ളിവിടരുതെന്നും ഐ.എം.എ ആവശ്യപ്പെട്ടു. വാക്സിൻ വിതരണത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നു. അതിനാൽ പലയിടത്തും സംഘർഷവും നടക്കുന്നു. വാക്സിൻ വിതരണം ആരോഗ്യവകുപ്പ് നേരിട്ട് നടത്തണം. ചെറുകിട ആശുപത്രികൾക്ക് ഉൾപ്പെടെ വാക്സിൻ വാങ്ങാൻ സൗകര്യമൊരുക്കണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.

Related posts

Leave a Comment