കൊച്ചി: ജനുവരി 31 നു കടലിൽ കാണാതായ കോട്ടയം സ്വദേശി ജസ്റ്റിൻ കുരുവിള (28) യ്ക്കു വേണ്ടിയുള്ള തെരച്ചിൽ നിർത്തിയെന്നെ ഷിപ്പിംഗ് കമ്പനി അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നിന്ന് യുഎസിലേക്കു പോയ ചരക്കു കപ്പലിലെ അസിസ്റ്റന്റ് കുക്ക് ആണ് കുറിച്ചി ചെറുവേലിപ്പടി വലിയകടത്തറ കുഞ്ഞൂഞ്ഞമ്മയുടെ മകൻ ജസ്റ്റിൻ. 31 നു രാത്രി വരെ ഇദ്ദേഹം കപ്പലിൽ സുരക്ഷിതനായിരുന്നു. എന്നാൽ പിന്നീട് എന്താണു സംഭവിച്ചതെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസമാണ് കപ്പൽ കമ്പനിയുടെ അധികൃതർ അപകട വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.
മൂന്നു വർഷം മുൻപാണ് ജസ്റ്റിന്റെ പിതാവ് അപകടത്തിൽ മരിച്ചത്. എട്ടു വർഷമായി കപ്പലിൽ കുക്ക് ആയി ജോലി നോക്കുകയാണ് ജസ്റ്റിൻ. ഏതാനും ദിവസം മുൻപായിരുന്നു സഹോദരൻ സ്റ്റെഫിന്റെ വിവാഹം. കപ്പലിലായിരുന്നതിനാൽ ജ്യേഷ്ഠന്റെ വിവാഹത്തിനെത്താൻ കഴിഞ്ഞിരുന്നില്ല. കപ്പൽ തിരിച്ചെത്തിയാലുടൻ നാട്ടിലെത്താമെന്നു അമ്മയെ വിളിച്ചറിയിച്ചിരുന്നു. ജനുവരി അവസാനം വരെയും മകൻ തന്നെ എല്ലാ ദിവസവും വിളിക്കുമായിരുന്നു എന്ന് അമ്മ കുഞ്ഞൂഞ്ഞമ്മ പറഞ്ഞു. അപ്പോഴൊക്കെയും മകൻ വളരെ സന്തോഷത്തിലായിരുന്നു. മകനെ ഉടൻ കണ്ടെത്തണമെന്ന് അമ്മ കപ്പൽ കമ്പനി അധികൃതരെ അറിയിച്ചിരുന്നു. അതിൽ പ്രതീക്ഷയർപ്പിച്ചിരിക്കുമ്പോഴാണ് തെരച്ചിൽ നിർത്തിയ വിവരം കമ്പനി അറിയിച്ചത്.
ജസ്റ്റിനെ കണ്ടെത്തുന്നതിനു സഹായിക്കണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി കഴിഞ്ഞ ദിവസം വിദേശ കാര്യമന്ത്രി എസ്. ജയശങ്കറിനെ കണ്ട് നിവേദനം നൽകിയിരുന്നു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വേദശ കാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ജസ്റ്റിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ശിഖയാണ് ജസ്റ്റിന്റെ ഏക സഹോദരി.
ജസ്റ്റിനെക്കുറിച്ച് വിവരമില്ല, അന്വേഷണം നിർത്തിയെന്ന് ഷിപ്പിംഗ് കമ്പനി
